വധശ്രമക്കേസിലെ മുഖ്യപ്രതി പിടിയിൽ

Sunday 21 April 2024 12:37 AM IST

കൊല്ലം: വീട്ടിൽ അതിക്രമിച്ച് കയറി ഗൃഹനാഥനെ കൊല്ലാൻ ശ്രമി​ച്ച സംഘത്തിലെ പ്രധാനി പൊലീസിന്റെ പിടിയിലായി. പനയം ചെമ്മക്കാട് ദിവ്യഭവനിൽ പ്രജിത്ത് (പ്രശാന്ത്-37) ആണ് അഞ്ചാലുംമൂട് പൊലീസിന്റെ പിടിയിലായത്.ചെമ്മകാട് പുഷ്പ ഭവനിൽ ഹുബാൾട്ടിനെയാണ് (55) പ്രജിത്തും സംഘവും കൊലപ്പെടുത്താൻ ശ്രമിച്ചത്.

കഴിഞ്ഞ ഏപ്രിൽ 22 നാണ് സംഭവം.വൈകിട്ട് 4മണിയോടെ പ്രജിത്തും സംഘവും ഹുബാൾട്ടിന്റെ വീട്ടിൽ വടികളുമായി അതിക്രമിച്ച് കയറി കൊല്ലുമെന്ന് ഭീഷണിമുഴക്കിയ ശേഷം ആക്രമിക്കുകയായിരുന്നു. തലക്ക് അടിയേറ്റ് മാരകമായി പരിക്കേറ്റ ഹുബാൾട്ടിനെ ഇവർ വീണ്ടും മർദ്ദിച്ച് അവശനാക്കി. അഞ്ചാലൂംമൂട് പൊലീസ് രണ്ടാം പ്രതിയായ ഫിബിനെ ഉടൻ തന്നെ പിടികൂടി.

എന്നാൽ പ്രജിത്ത് രക്ഷപ്പെട്ടു. ഇയാൾ പിന്നീട് ഹൈക്കോടതിയിൽ നിന്നു ജാമ്യത്തിനു ശ്രമിച്ചെങ്കിലും കോടതി നിരസിച്ചു. മുൻവൈരാഗ്യമാണ് കൊലപാതക ശ്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. അഞ്ചാലൂംമൂട് പൊലീസ് ഇൻസ്‌പെക്ടർ ശ്രീകാന്ത് മിശ്രയുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.