ത്രിപുര ഈസ്റ്റിൽ ഒറ്റക്കെട്ടായി കോൺഗ്രസ്- സി.പി.എം

Sunday 21 April 2024 12:49 AM IST

ന്യൂഡൽഹി: കേരളത്തിൽ പരസ്പരം പോരടിക്കുന്ന കോൺഗ്രസും സി.പി.എമ്മും ത്രിപുരയിൽ ഒറ്റക്കെട്ട്. ഭരണകക്ഷിയായ ബി.ജെ.പി- ത്രിപ്രമോത സഖ്യത്തിനെതിരെ ഒന്നിച്ചാണ് കോൺഗ്രസും സി.പി.എമ്മും പ്രചാരണം നടത്തുന്നത്. പ്രചാരണ റാലികളിലും സമ്മേളനങ്ങളിലും നേതാക്കൾ കൈകോർത്ത് ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ ആരോപണ ശരങ്ങളെയ്യുന്നു.

സി.പി.എമ്മും കോൺഗ്രസും ഒന്നിച്ചു വോട്ടു തേടുന്നത് ത്രിപുരയിലെ അപൂർവ കാഴ്ചയാണ്. 2018ൽ സി.പി.എം അധികാരത്തിൽ നിന്ന് പുറത്താകുന്നതുവരെ ജനങ്ങൾ ഇത്തരമൊരു കാഴ്ച പ്രതീക്ഷിച്ചിരുന്നില്ല. രണ്ടു പാർലമെന്റ് മണ്ഡലങ്ങളാണ് ത്രിപുരയിൽ. ത്രിപുര വെസ്റ്റിൽ വെള്ളിയാഴ്ച വോട്ടെടുപ്പ് കഴിഞ്ഞു. ഈസ്റ്റിൽ രണ്ടാം ഘട്ടത്തിൽ 26നാണ് തിരഞ്ഞെടുപ്പ്. ഇരു മണ്ഡലങ്ങളും 1996 മുതൽ 2014വരെ സി.പി.എമ്മിന്റെ കൈയിലായിരുന്നു. 2019ൽ ബി.ജെ.പി പിടിച്ചെടുത്തു.

ഈസ്റ്റിൽ 'ഇന്ത്യ" മുന്നണിക്കുവേണ്ടി സി.പി.എമ്മിന്റെ രാജേന്ദ്ര റീയാംഗ് ആണ് മത്സരത്തിനിറങ്ങുന്നത്. എൻ.ഡി.എ സഖ്യത്തിലെ ത്രിപ്രമോതയുടെ ക്രിതി സിംഗ് ദേബർമ്മയാണ് എതിരാളി. 2019ൽ റേബതി ത്രിപുരയിലൂടെ പിടിച്ചെടുത്ത മണ്ഡലം ബി.ജെ.പി സഖ്യകക്ഷിക്ക് വിട്ടുകൊടുത്തതാണ്. ഒന്നാം ഘട്ടത്തിലെ ത്രിപുര വെസ്റ്റിലെ വോട്ടിംഗ് രീതി മനസിലാക്കിയാണ് ഈസ്റ്റിൽ മുന്നണികൾ പ്രചാരണം നടത്തുന്നത്. ഒന്നാം ഘട്ടത്തിൽ വ്യാപകമായി ബൂത്തുപിടിത്തമുണ്ടായെന്നും തങ്ങളുടെ ഏജന്റുമാരെ ബൂത്തുകളിൽ കയറ്റിയില്ലെന്നും സി.പി.എം ആരോപിക്കുന്നുണ്ട്.

2018ൽ സി.പി.എമ്മിനെ പുറത്താക്കി ബിപ്‌ളവ് കുമാറിലൂടെ സർക്കാർ രൂപീകരിച്ച ബി.ജെ.പിക്ക് 2023 മാർച്ചിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ത്രിപ്രമോതയിൽ നിന്ന് കടുത്ത വെല്ലുവിളി നേരിട്ടു. 60 അംഗ നിയമസഭയിൽ 32 സീറ്റുള്ള ബി.ജെ.പിയും 13 സീറ്റുള്ള ത്രിപ്രമോതയും പിന്നീട് ഒന്നിച്ച് സർക്കാരുണ്ടാക്കി. അതിന്റെ തുടർച്ചയായാണ് ലോക്‌സഭ തിരഞ്ഞെടുപ്പിലെ സഹകരണം. മറുവശത്ത് 'ഇന്ത്യ" കൂട്ടായ്‌മയിൽ സി.പി.എമ്മിനു 10ഉം കോൺഗ്രസിനു മൂന്നും സീറ്റുകളാണ് ലഭിച്ചത്.

ത്രിപുര ഈസ്റ്റിന്റെ 1952മുതലുള്ള ചരിത്രമെടുത്താൽ സി.പി.എം മേധാവിത്വം ദൃശ്യമാകും. മൂന്നുതവണ കോൺഗ്രസ് ജയിച്ചിട്ടുണ്ട്. 1996- 2009 കാലത്ത് ബാജു ബാൻ റിയാൻ അഞ്ചുതവണ ത്രിപുര ഈസ്റ്റിനെ ലോക്‌സഭയിൽ പ്രതിനിധീകരിച്ചു. 2014ൽ ജയിച്ച സി.പി.എമ്മിന്റെ ജിതേന്ദ്ര ചൗധരിക്ക് പക്ഷേ 2019ലെ ബി.ജെ.പി തരംഗത്തിൽ അടിതെറ്റി. കോൺഗ്രസിനും പിന്നിൽ മൂന്നാമതായാണ് അദ്ദേഹം ഫിനിഷ് ചെയ്‌തത്.

Advertisement
Advertisement