'ഇന്ത്യ"യിൽ അനൈക്യമെന്ന് മോദി, പിണറായിയുടെ രാഹുൽ വിമർശനം തന്നേക്കാൾ കടുപ്പത്തിൽ

Sunday 21 April 2024 12:52 AM IST

ന്യൂഡൽഹി: കേരള മുഖ്യമന്ത്രി പിണറായി വിജയൻ 'ഇന്ത്യ" മുന്നണിയിലെ കൂട്ടുകാരനായ രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ വിമർശനം താൻ പോലും പറയാത്ത കടുത്ത ഭാഷയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 25 ശതമാനം ലോക്‌സഭ സീറ്റുകൾക്കായി 'ഇന്ത്യ" പങ്കാളികൾ പരസ്പരം പോരടിക്കുകയാണെന്ന് പറഞ്ഞാണ് മോദി പ്രസംഗം തുടങ്ങിയത്. മഹാരാഷ്‌ട്രയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുലും പിണറായിയും പരസ്പരം ജയിലിൽ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണ്. ഇതാണ് അവരുടെ മുന്നണിയിലെ അവസ്ഥ. ഇപ്പോഴത്തെ സ്ഥിതി ഇങ്ങനെയാണെങ്കിൽ തിരഞ്ഞെടുപ്പിനു ശേഷം എന്താകും? പരസ്‌പരം വിശ്വസിക്കാത്തവർക്ക് എങ്ങനെ വോട്ടുചെയ്യും?​ വോട്ടർമാർ അവരെ പാഠം പഠിപ്പിക്കണം.

അമേഠിയിൽ ബി.ജെ.പി നേതാവ് സ്മൃതി ഇറാനി തുരത്തിയതുപോലെ രാഹുൽ ഗാന്ധിക്ക് വയനാടും ഉപേക്ഷിക്കേണ്ടി വരും. കോൺഗ്രസിന്റെ രാജകുമാരൻ വയനാട്ടിൽ ആപത്തിനെ അഭിമുഖീകരിക്കുന്നു. വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ രാജകുമാരനുവേണ്ടി കോൺഗ്രസ് സുരക്ഷിതമായ മറ്റൊരു സീറ്റ് തേടുമെന്ന് എനിക്കുറപ്പാണ്.

ഒന്നാം ഘട്ടത്തിൽ

വിജയമുറപ്പായി

ലോക‌്‌സഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ രാജ്യത്തെ ജനങ്ങൾ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയ്ക്ക് വോട്ടുചെയ്തതായി പ്രധാനമന്ത്രി അവകാശപ്പെട്ടു. ഒന്നാം ഘട്ടത്തിൽ എൻ.ഡി.എയ്‌ക്ക് ഏകപക്ഷീയ വിജയവും പ്രതിപക്ഷത്തിന്റെ തോൽവിയും ഉറപ്പായി. എങ്കിലും അദ്ധ്വാനം തുടരുക. എന്നെങ്കിലും ഫലം കിട്ടും. ലോക്‌സഭയിൽ തോൽവി മുന്നിൽക്കണ്ടാണ് ചിലർ രാജ്യസഭയിലേക്ക് കുടിയേറിയതെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ പേരു പറയാതെ മോദി വിമർശിച്ചു. 'ഇന്ത്യ" മുന്നണിക്ക് മത്സരിക്കാൻ ഭയമാണ്. പലയിടത്തും സ്ഥാനാർത്ഥിയില്ല. നേതാക്കൾ പ്രചാരണത്തിനിറങ്ങുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement
Advertisement