 ഗുരുതര ആരോപണവുമായി ആം ആദ്മി കേജ്‌രിവാളിനെ സാവധാനം മരണത്തിലേക്ക് തള്ളിവിടുന്നു

Sunday 21 April 2024 12:39 AM IST

ന്യൂഡൽഹി: മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ സാവധാനം മരണത്തിലേക്ക് തള്ളിവിടുകയാണെന്ന ഗുരുതര ആരോപണവുമായി ആം ആദ്‌മി പാർട്ടി. തിഹാർ ജയിലിൽ കേജ്‌രിവാളിന് ഇൻസുലിനും ഡോക്ടറുമായുള്ള കൂടിക്കാഴ്‌ചയും നിഷേധിച്ച് സാവധാനം മരണത്തിലേക്ക് തള്ളിവിടാനുള്ള ഗൂഢാലോചന നടക്കുന്നു. ആന്തരികാവയവങ്ങൾ തകരാറിലാക്കി അദ്ദേഹത്തെ കൊല്ലാനാണ് നീക്കമെന്നും പാർട്ടി നേതാവ് സൗരഭ് ഭരദ്വാജ് പറഞ്ഞു.

20 വർഷത്തിലേറെയായി

കേജ്‌രിവാൾ പ്രമേഹ രോഗിയാണ്. ജയിലിൽ ദിവസേന രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കാൻ അനുമതിയുള്ളതാണ്. എന്നാൽ ഇൻസുലിൻ നൽകാൻ ജയിൽ അധികൃതർ വിസമ്മതിച്ചു. മാസങ്ങൾക്ക് ശേഷം ജയിൽ മോചിതനാകുമ്പോൾ കേജ്‌രിവാളിന് വൃക്ക, ഹൃദയം തുടങ്ങിയ അവയവങ്ങളും തകരാറിലായി ചികിത്സ തേടേണ്ടിവരുമെന്നും ഭരദ്വാജ് കൂട്ടിച്ചേർത്തു.

കേജ്‌രിവാളിന് ഇൻസുലിൻ നൽകാനും ജയിലിനുള്ളിൽ ദിവസവും 15മിനിട്ട് വീഡിയോ കോൺഫറൻസ് വഴി ഡോക്ടറുമായി സംസാരിക്കാനും അനുമതി തേടിയ ആംആദ്‌മി പാർട്ടി ഹർജിയിൽ വിധി പ്രസ്താവിക്കുന്നത് ഡൽഹി കോടതി മാറ്റിവച്ചതിനു പിന്നാലെയായിരുന്നു ആരോപണം.

ജാമ്യം ലഭിക്കുന്നതിനായി ശരീരത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കാൻ കേ‌ജ്‌രിവാൾ മാമ്പഴം, ആലൂപൂരി, മധുരം ചേർത്ത ചായ എന്നിവ കഴിക്കുകയാണെന്ന് നേരത്തെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ആരോപിച്ചിരുന്നു. എന്നാൽ, ജാമ്യം ലഭിക്കുന്നതിനുവേണ്ടി ആരോഗ്യം കളയുമോ എന്ന് കേജ്‌രിവാളിന്റെ അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി ചോദിച്ചു. വസതിയിൽ നിന്ന് 48 തവണ ജയിലിലെത്തിച്ച ഭക്ഷണത്തിൽ മൂന്ന് മാമ്പഴം മാത്രമാണ് ഉണ്ടായിരുന്നതെന്നും കോടതിയെ അറിയിച്ചു.

Advertisement
Advertisement