മുയിസുവിന് വെല്ലുവിളി പ്രതിപക്ഷം : മാലദ്വീപിൽ ഇന്ന് പാർല. തിരഞ്ഞെടുപ്പ്

Sunday 21 April 2024 7:38 AM IST

മാലെ: മാലദ്വീപിൽ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ രാഷ്ട്രീയ ഭാവി നിർണയിക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പ് ഇന്ന്. ഫലം നാളെ അറിയാം. 7 ദിവസത്തിനകം തിരഞ്ഞെടുപ്പ് കമ്മിഷൻ ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കും.

കഴിഞ്ഞ നവംബറിലാണ് ഇന്ത്യാ വിരുദ്ധനും ചൈനാ വാദിയുമായ മുയിസു ചുമതലയേറ്റത്. അന്നു മുതൽ മുയിസു തുടരുന്ന ഇന്ത്യാ വിരുദ്ധ നിലപാടുകളിൽ പ്രതിപക്ഷ പാർട്ടികൾക്ക് കടുത്ത അതൃപ്തിയുണ്ട്.

അടുത്തിടെ അഴിമതി ആരോപണം കൂടി ഉയർന്നതോടെ മുയിസുവിനെ ഇംപീച്ച്‌മെന്റിലൂടെ പുറത്താക്കണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമാക്കി. പാലർമെന്റിൽ ഭൂരിപക്ഷം ലഭിച്ചാൽ മുയിസുവിനെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള നീക്കവുമായി മുന്നോട്ടു പോകാനാണ് പ്രധാന പ്രതിപക്ഷമായ മാലദ്വീപ് ഡെമോക്രാ​റ്റിക് പാർട്ടിയുടെ ( എം.ഡി.പി )​ തീരുമാനം. തന്റെ നയങ്ങൾ നടപ്പാക്കുക മുയിസുവിന് വെല്ലുവിളിയാവും.. 41 സീറ്റുള്ള എം.ഡി.പിക്കാണ് നിലവിൽ പാർലമെന്റിൽ ആധിപത്യം. മുയിസുവിനെ ഇംപീച്ച് ചെയ്യാൻ പാർലമെന്റിൽ മൂന്നിൽ രണ്ട് അംഗങ്ങളുടെ പിന്തുണ വേണം.

ദേശീയ താത്പര്യങ്ങൾക്ക് മുൻഗണന ഉയർത്തിക്കാട്ടിയാണ് മുയിസുവിന്റെ പീപ്പിൾസ് നാഷണൽ കോൺഗ്രസിന്റെ ( പി.എൻ.സി ) പ്രചാരണം. ഇവർ ഭൂരിപക്ഷം നേടിയാൽ ചൈനയുടെ സ്വാധീനം വ്യാപിക്കും.

87സീറ്റുണ്ടായിരുന്ന പാർലമെന്റിൽ ( പീപ്പിൾസ് മജ്‌ലിസ് ) ഇത്തവണ ആറ് സീറ്റുകൾ കൂട്ടിയിട്ടുണ്ട്.

 തിരഞ്ഞെടുപ്പ്

സീറ്റ് ................ 93

സ്ഥാനാർത്ഥികൾ ................... 368

വോട്ടർമാർ.........................2,84,663

പോളിംഗ് സ്റ്റേഷനുകൾ...............602


 മുയിസുവിനെതിരെയുള്ള

പ്രതിപക്ഷ ആയുധങ്ങൾ

1. ഇന്ത്യാ വിരുദ്ധത

അധികാരത്തിലേറിയ ഉടൻ 88 ഇന്ത്യൻ പട്ടാളക്കാർ രാജ്യം വിടണമെന്ന് അന്ത്യശാസനം നൽകി. ഇന്ത്യയുമായുള്ള സംയുക്ത പദ്ധതികൾ മരവിപ്പിച്ചു. അധികാരമേൽക്കുന്ന മാലദ്വീപ് പ്രസിഡന്റുമാർ ആദ്യം ഇന്ത്യ സന്ദർശിക്കുന്ന പതിവ് തെറ്റിച്ച് ചൈനയിലേക്ക് പോയി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുയിസു മന്ത്രിസഭയിലെ മൂന്ന് അംഗങ്ങൾ അധിക്ഷേപിച്ചത് വൻ വിവാദമായി. ഇന്ത്യൻ സഞ്ചാരികൾ മാലദ്വീപ് യാത്ര റദ്ദാക്കി.

2. ചൈനീസ് കെണി

ചൈനയോടുള്ള അടുപ്പം രാജ്യത്തെ കടക്കെണിയിലാക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു. ചൈന വികസന പദ്ധതികളുടെ പേരിൽ വൻ വായ്പ നൽകി തിരിച്ചടയ്ക്കാൻ കഴിയാത്ത അവസ്ഥയിലെത്തിക്കും. തുടർന്ന് തങ്ങളുടെ താത്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ പ്രേരിപ്പിക്കും. 2022ൽ ശ്രീലങ്കയിൽ സംഭവിച്ചത് ഉദാഹരണം. മുയിസുവിന്റെ ചൈനാ സന്ദർശനത്തിൽ 550 കോടിയുടെ സഹായത്തിന് ധാരണയായിരുന്നു.

3. അഴിമതി

മുയിസു സ്വകാര്യ ബാങ്ക് അക്കൗണ്ട് വഴി നിരവധി തവണ അനധികൃത ഇടപാടുകൾ നടത്തിയെന്ന് ആരോപണം. മാലദ്വീപ് മോണി​റ്ററി അതോറി​റ്റിയുടെ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണി​റ്റും മാലദ്വീപ് പൊലീസ് സർവീസും ചേർന്ന് 2018ൽ തയ്യാറാക്കിയ ഒരു റിപ്പോർട്ട് എക്‌സിലൂടെ പുറത്തായിരുന്നു. 2018ൽ ഭവന, അടിസ്ഥാന സൗകര്യ വികസന മന്ത്രിയായിരുന്നു മുയിസു.

Advertisement
Advertisement