ഡ്രോണുകളല്ല, വെറും കളിപ്പാട്ടം:  ഇസ്രയേലിനെ പരിഹസിച്ച് ഇറാൻ

Sunday 21 April 2024 7:39 AM IST

ടെഹ്റാൻ: മദ്ധ്യ ഇറാനിലെ ഇസ്‌ഫഹാനിൽ വെള്ളിയാഴ്ചയുണ്ടായ ഇസ്രയേൽ ഡ്രോൺ ആക്രമണത്തെ പരിഹസിച്ച് ഇറാൻ വിദേശകാര്യ മന്ത്രി ഹൊസൈൻ അമീർ അബ്ദൊള്ളഹയാൻ.

ഇസ്‌ഫഹാനിലുണ്ടായത് വ്യോമാക്രമണമല്ല. അവയെ ഡ്രോണുകളെ പോലെയല്ല, മറിച്ച് തങ്ങളുടെ കുട്ടികൾ കളിക്കുന്ന കളിപ്പാട്ടങ്ങളെ പോലെയാണ് തോന്നിയത്. ഇറാനിൽ നിന്ന് തന്നെയാണ് അവ പറന്നുയർന്നത്. അന്വേഷണം ആരംഭിച്ചു. ആക്രമണത്തിൽ ഇസ്രയേൽ ബന്ധം തെളിയിക്കപ്പെട്ടിട്ടില്ലെന്നും അബ്ദൊള്ളഹയാൻ പറഞ്ഞു.

അതേസമയം, ഇറാന്റെ താത്പര്യങ്ങൾക്ക് എതിരെ ഇസ്രയേൽ പ്രവർത്തിച്ചാൽ പ്രതികരണം ഉടനടി ഏറ്റവും ഉയർന്ന തലത്തിൽ തന്നെ ലഭിക്കുമെന്നും മുന്നറിയിപ്പ് നൽകി.

തന്ത്രപ്രധാന ആണവ കേന്ദ്രങ്ങൾ നിലകൊള്ളുന്ന ഇസ്‌ഫഹാനിൽ ആക്രമണം നടത്തിയത് ഇസ്രയേലാണെന്ന് യു.എസ് പറഞ്ഞിരുന്നു. എന്നാൽ, രാജ്യത്തിനുള്ളിലെ നുഴഞ്ഞുകയറ്റക്കാർ ഇസ്‌ഫഹാനിലൂടെ ഡ്രോൺ പറത്തിയെന്നും അവ തകർത്തെന്നുമാണ് ഇറാന്റെ വാദം.

ആളപായമോ നാശനഷ്ടമോ ഇല്ല. ഇസ്രയേലി മിസൈലുകൾ രാജ്യത്ത് പതിച്ചെന്ന റിപ്പോർട്ടുകളും ഇറാൻ തള്ളിയിരുന്നു. ആക്രമണം സംബന്ധിച്ച് ഇസ്രയേൽ പ്രതികരിച്ചിട്ടില്ല.

 ഇറാക്കിൽ സൈനിക ബേസിൽ സ്ഫോടനം

ഇതിനിടെ ഇറാക്കിൽ, ഇറാൻ അനുകൂല പാരാ മിലിട്ടറി ഗ്രൂപ്പായ ഹാഷിദ് അൽ - ഷാബി തങ്ങുന്ന കാൽസോ സൈനിക ബേസിൽ ഇന്നലെ പുലർച്ചെ സ്ഫോടനമുണ്ടായി. ബാഗ്ദാദിൽ നിന്ന് 50 കിലോമീറ്റർ അകലെ തെക്കാണ് ഇവിടം. ഒരാൾ കൊല്ലപ്പെട്ടു. 8 പേർക്ക് പരിക്കേറ്റു.

ഇസ്രയേൽ ബോംബാക്രമണം നടത്തിയതാണോ എന്ന സംശയം ഉയർന്നെങ്കിലും സ്ഫോടന സമയം വ്യോമപരിധിയിൽ ഡ്രോണുകളോ വിമാനങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ഇറാക്ക് സൈന്യം അറിയിച്ചു. എന്നാൽ സൈനിക ബേസ് ആക്രമിക്കപ്പെട്ടെന്നാണ് ഹാഷിദ് അൽ - ഷാബിയുടെ ആരോപണം.

ഐസിസിനെ നേരിടാൻ രൂപീകരിച്ച ഷിയാ സായുധ സംഘങ്ങളുടെ ഗ്രൂപ്പാണ് ഹാഷിദ് അൽ - ഷാബി. ഇവർ നിലവിൽ ഇറാക്കിലെ സുരക്ഷാ സേനയുടെ ഭാഗമാണ്. അതേ സമയം, സംഭവത്തിൽ തങ്ങൾ ഉൾപ്പെട്ടിട്ടില്ലെന്ന് യു.എസ് അറിയിച്ചു.

 സ്ഫോടനമുണ്ടായത് ബേസിൽ ആയുധങ്ങൾ സൂക്ഷിക്കുന്ന വെയർഹൗസുകളിൽ

 ആയുധങ്ങളും വാഹനങ്ങളും തകർന്നു

 സ്ഫോടനത്തിന്റെ കാരണം തേടി ഇറാക്ക് സൈന്യം അന്വേഷണം ആരംഭിച്ചു

Advertisement
Advertisement