സൂക്ഷിക്കുക; ഉത്തരേന്ത്യൻ കവർച്ചാ സംഘം കേരളത്തിലെത്തിയിട്ടുണ്ട്, കഴിഞ്ഞദിവസം നടത്തിയത് ഒരുകോടിയുടെ മോഷണം

Sunday 21 April 2024 8:30 AM IST

കൊച്ചി: പ്രശസ്ത സംവിധായകൻ ജോഷിയുടെ പനമ്പിള്ളി നഗറിലെ വീട്ടിൽ വൻകവർച്ച. ഒരുകോടിയിലേറെ രൂപ വിലമതിക്കുന്ന സ്വർണ, വജ്രാഭരണങ്ങളും വാച്ചുകളും മോഷണം പോയി. ഇന്നലെ പുലർച്ചെ ഒന്നിനും രണ്ടിനും ഇടയ്ക്കാണ് ബി സ്ട്രീറ്റിലുള്ള 'അഭിലാഷം"വീട്ടിൽ തൊപ്പിവച്ച് കഴുത്തിൽ ഷാളിട്ട് എത്തിയ മോഷ്ടാവ് കടന്നത്. ഇയാളുടെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.

ഉത്തരേന്ത്യയിൽ നിന്നെത്തി കവർച്ച നടത്തി മടങ്ങുന്ന സംഘമാണ് പിന്നിലെന്നാണ് പൊലീസി​ന്റെ പ്രാഥമി​ക നി​ഗമനം. പ്രാദേശിക മോഷ്ടാക്കളും അടുത്തിടെ ശിക്ഷകഴിഞ്ഞി​റങ്ങി​യ കള്ളന്മാരും അന്വേഷണപരിധിയി​ലുണ്ട്. എറണാകുളം അസി. പൊലീസ് കമ്മിഷണർ പി. രാജ്കുമാറിനാണ് അന്വേഷണച്ചുമതല.കവർച്ച നടക്കുമ്പോൾ ജോഷിയും ഭാര്യയും മരുമകളും കുട്ടികളും വീട്ടിലുണ്ടായിരുന്നു. പുലർച്ചെ 5.30ന് ജോഷിയുടെ ഭാര്യ സിന്ധു ഉണർന്നപ്പോഴാണ് ജനലും അടുക്കള വാതിലും തുറന്നുകിടക്കുന്നതായി കണ്ട് പരി​ശോധി​ച്ചത്.

ജോഷിയുടെ മകൻ അഭിലാഷിന്റെ പരാതിയിൽ സൗത്ത് പൊലീസും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. വീടിന് ചുറ്റുമുള്ള സി.സി ടി.വി ക്യാമറകളി​ലെ ദൃശ്യങ്ങളെല്ലാം പൊലീസ് ശേഖരിച്ചു. പൂർണമായും മുഖം മറയ്ക്കാത്ത മോഷ്ടാവി​ന്റെ ദൃശ്യങ്ങളും ലഭി​ച്ചു. സമീപത്തെ കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ച് വരികയാണ്. നഗരത്തിലെ ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ സ്ഥലങ്ങളിലും അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്.

അകത്തു കടന്നത് ജനൽവഴി

അടുക്കള ജനലിന്റെ കമ്പികൾ വളച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. മുകളിലത്തെ നിലയിലുള്ള ആളില്ലാത്ത രണ്ടു മുറികളിലെ ലോക്കർ കുത്തിത്തുറന്നാണ് മോഷണം. 25 ലക്ഷം രൂപയുടെ രണ്ട് വജ്ര നെക്ലസ്, 10 വജ്ര മോതി​രങ്ങൾ, 8 ലക്ഷം രൂപ വിലയുള്ള 8 വജ്രക്കമ്മലുകൾ, 10 സ്വർണമാലകൾ, 10 വളകൾ, രണ്ടു വങ്കി​കൾ, വില കൂടിയ 10 വാച്ചുകൾ തുടങ്ങിയവയാണ് മോഷണം പോയത്. അടുക്കള വാതിൽ തുറന്നാണ് പ്രതി രക്ഷപ്പെട്ടത്.