ആറ് മാസം ഗർഭിണിയായ യുവതിയെ ഭർത്താവ് കട്ടിലിൽ കെട്ടിയിട്ട് തീകൊളുത്തി കൊന്നു,​ വയറ്റിലുണ്ടായിരുന്നത് ഇരട്ടക്കുട്ടികൾ

Sunday 21 April 2024 9:55 AM IST

അമൃത്‌സർ: വാക്കുതർക്കത്തിന് പിന്നാലെ ഗർഭിണിയായ ഭാര്യയെ കെട്ടിയിട്ടതിന് ശേഷം തീകൊളുത്തി കൊലപ്പെടുത്തി. ആറ് മാസം ഗർഭിണിയായ പിങ്കിയെ (23) ആണ് ഭർത്താവ് കട്ടിലിൽ കെട്ടിയിട്ട് ക്രൂരമായി കൊലപ്പെടുത്തിയത്. പഞ്ചാബിലെ അമൃത്‌സർ ജില്ലയിലെ ബുലെഡ് നംഗർ ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പിങ്കിയുടെ വയറ്റിൽ ഇരട്ടക്കുട്ടികളാണെന്നാണ് വിവരം. ഇവർ തമ്മിൽ സ്ഥിരമായി വഴക്കിടാറുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്. വെള്ളിയാഴ്ച നടന്ന തർക്കത്തിന് പിന്നാലെ ഭർത്താവ് സുഖ്‌ദേവ് ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു.

ക്രൂര കൊലപാതകം ഗ്രാമത്തിലെ പ്രാദേശിക സമൂഹത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവത്തിന് പിന്നാലെ സുഖ്‌ദേവ് രക്ഷപ്പെട്ടു. ഇയാൾക്കായുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കൊലപാതക വിവരം അറിഞ്ഞതിന് പിന്നാലെ ദേശീയ വനിതാ കമ്മീഷൻ ശക്തമായി അപലപിക്കുകയും കുറ്റവാളിയെ പിടികൂടാൻ പഞ്ചാബ് പൊലീസ് ഡയറക്ടർ ജനറൽ (ഡിജിപി) ഗൗരവ് യാദവിനോട് ആവശ്യപ്പെടുകയും ചെയ്തു.

'പഞ്ചാബിൽ ഗർഭിണിയായ ഭാര്യയെ ഭർത്താവ് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം ഞെട്ടിക്കുന്നതാണ്. ഈ കൊലപാതകത്തിന്റെ ക്രൂരത ഊഹിക്കുന്നതിലും അപ്പുറമാണ്. കുറ്റവാളിയെ അറസ്റ്റ് ചെയ്ത് മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ദേശീയ വനിത കമ്മിഷൻ അദ്ധ്യക്ഷ ശർമ്മരേഖ പഞ്ചാബ് ഡിജിപിക്ക് കത്തയച്ചു'- ദേശീയ വനിത കമ്മിഷൻ ഔദ്യോഗിക എക്സ് പേജിൽ കുറിച്ചു.