'ബിജെപിക്ക് ഒരു സീറ്റും ലഭിക്കില്ലെന്ന വെപ്രാളമാണ് പ്രധാനമന്ത്രിക്ക്'; രാഹുൽ ഒളിച്ചോടി വന്ന നേതാവാണെന്ന് മുഖ്യമന്ത്രി

Sunday 21 April 2024 11:03 AM IST

തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കേരളത്തിൽ നിന്ന് ഒരു സീറ്റുപോലും ലഭിക്കില്ലെന്ന വെപ്രാളമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കുളളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിനെതിരെ സംസാരിക്കുമ്പോൾ നരേന്ദ്രമോദിക്കും കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്കും ഒരേ സ്വരമാണെന്നും അദ്ദേഹം പ്രതികരിച്ചു. വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നതിനിടയിലാണ് പ്രധാനമന്ത്രിയെയും രാഹുൽ ഗാന്ധിയെയും അദ്ദേഹം ഒരുപോലെ വിമർശിച്ചത്.

'നരേന്ദ്രമോദി കേരളത്തെയും ബീഹാറിനെയും അപമാനിച്ചു. ഇന്ത്യയിൽ അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണ്. ഇവിടെ അഴിമതി വ്യാപകമാണെന്ന പ്രധാനമന്ത്രിയുടെ വിമർശനം ഏത് റിപ്പോർട്ടുകളെ അധികരിച്ചാണ്?നീതി അയോഗിന്റെ ചുമതല വഹിച്ചതുകൊണ്ട് മാത്രമാണ് പ്രധാനമന്ത്രി ഈ കളളങ്ങളെല്ലാം പറയുന്നത്. കേരളത്തിൽ ബിജെപിക്ക് ഒരു സീറ്റുപോലും കിട്ടില്ലെന്ന വെപ്രാളമാണ് നരേന്ദ്രമോദിക്ക്. ഭരണഘടനാ മാനദണ്ഡങ്ങൾ പോലും പ്രധാനമന്ത്രി പാലിച്ചില്ല.

ബിജെപി നൽകുന്ന പരസ്യങ്ങളിലും കേരളത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുകയാണ്. കേരളത്തിന്റെ കഴുത്ത് ഞെരിക്കുന്നവർ തന്നെ സംസ്ഥാനത്തെ ആക്ഷേപിക്കുകയാണ്. കേരളത്തിന് അർഹതപ്പെട്ട തുക നിഷേധിക്കുന്ന നിലപാടാണ് കേന്ദ്രസ‌ർക്കാർ എടുക്കുന്നത്. ജനസംഖ്യ മാനദണ്ഡമാക്കിയതോടെ നികുതി വിഹിതത്തിന്റെ കാര്യത്തിൽ സംസ്ഥാനങ്ങൾ തമ്മിലുള്ള അന്തരം വർദ്ധിച്ചു.

നരേന്ദ്രമോദിയെ നേരിട്ട് എതിർക്കാൻ രാഹുൽഗാന്ധി ശ്രമിക്കുന്നില്ല. സ്വന്തം പാർട്ടിയുടെ നേതൃത്വസ്ഥാനത്ത് നിന്നും നിർണായക സമയത്ത് ഒളിച്ചോടിയ രാഹുൽ ഗാന്ധി രാജ്യത്തെ നയിക്കാൻ ഇപ്പോഴും പ്രാപ്തനായിട്ടില്ല. ഉത്തരേന്ത്യയിൽ നിന്നും ഒളിച്ചോടിയെത്തിയാണ് രാഹുൽ വയനാട്ടിൽ രണ്ടാമതും മത്സരിക്കുന്നത്. തിരഞ്ഞെടുപ്പിൽ പ്രധാനം ബിജെപിയെ പരാജയപ്പെടുത്തുകയാണ്. പ്രധാനമന്ത്രി ആരാകുമെന്ന ചർച്ചയുടെ ആവശ്യം ഇപ്പോഴില്ല'- മുഖ്യമന്ത്രി പറഞ്ഞു.