ഇരുപതുകാരി മോനൂറ ബീഗം ഇടപാടുകാരെ സ്വീകരിച്ചിരുന്നത് രാത്രി മാത്രം, എത്തിയിരുന്നതിൽ കൂടുതലും 'ഭായിമാർ'

Sunday 21 April 2024 11:35 AM IST

തളിപ്പറമ്പ്: ദമ്പതികളെന്ന വ്യാജേന ക്വാർട്ടേഴ്സിൽ താമസിച്ച് കഞ്ചാവ് വിൽപ്പന നടത്തിയ യുവാവിനെയും യുവതിയെയും തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സിദ്ധാർത്ഥ്നഗർ സ്വദേശി അബ്ദുൽ റഹ്മാൻ അൻസാരി (21), ആസാം നാഗോൺ സ്വദേശിനി മോനൂറ ബീഗം (20) എന്നിവരെയാണ് പിടികൂടിയത്. തളിപ്പറമ്പ് കരിമ്പത്ത് അഷറഫ് ക്വാർട്ടേഴ്സിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

1.200 കിലോഗ്രാം കഞ്ചാവ് ഇവരിൽ നിന്ന് പിടിച്ചെടുത്തു. തളിപ്പറമ്പ് ഇൻസ്‌പെക്ടർ എം.എൽ.ബെന്നിലാലുവിന്റെ നേതൃത്വത്തിലുള്ള സംഘവും റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും ചേർന്ന് ക്വാർട്ടേഴ്സ് റെയിഡ് ചെയ്താണ് ഇവരെ പിടികൂടിയത്. ഈ ക്വാർട്ടേഴ്സിൽ രാത്രി കാലത്ത് ഇതര സംസ്ഥാന തൊഴിലാളികളുൾപ്പെടെ എത്താറുണ്ട്. അതിനാൽ നാട്ടുകാരിൽ സംശയമുയർന്നിരുന്നു.

വിവരം ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡിന്റെ ശ്രദ്ധയിലുംപ്പെട്ടിരുന്നു. ഇതേത്തുടർന്ന് നാട്ടുകാരും ഡാൻസാഫ് സ്‌ക്വാഡംഗങ്ങളും ക്വാർട്ടേഴ്സ് നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്നാണ് റെയ്ഡ് ചെയ്ത് കഞ്ചാവ് സഹിതം ഇരുവരെയും പിടികൂടിയത്. സ്ത്രീകളെ ഉപയോഗിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന റാക്കറ്റിലെ കണ്ണികളാണ് ഇവർ. പൊലീസ് പരിശോധനയിൽ നിന്നും രക്ഷപ്പെടാൻ വേണ്ടിയാണ് കഞ്ചാവ് വിൽപ്പനയ്ക്ക് സ്ത്രീകളെ ഉപയോഗിക്കുന്നത്. ഇതര സംസ്ഥാനത്ത് നിന്ന് കൊണ്ടുവരുന്ന കഞ്ചാവ് തളിപ്പറമ്പ് ടൗൺ, മന്ന ഭാഗങ്ങളിൽ വ്യാപകമായി വിതരണം ചെയ്യാറുണ്ടെന്നും വ്യക്തമായിട്ടുണ്ട്.