ഇന്ത്യാ സഖ്യത്തിന്റെ സംയുക്ത റാലിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കില്ല

Sunday 21 April 2024 6:34 PM IST

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ശാരീരിക അസ്വസ്ഥത. ഇതുമൂലം ജാർഖണ്ഡിലെ റാഞ്ചിയിൽ 'ഇന്ത്യാ' സഖ്യം നടത്തുന്ന സംയുക്ത റാലിയിൽ രാഹുൽ പങ്കെടുക്കില്ലെന്ന് പാർട്ടി അധികൃതർ അറിയിച്ചു. ഔദ്യോഗിക എക്സ് പോസ്റ്റിലൂടെ കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ ഉൾപ്പെടെയുള്ള മറ്റു കോൺഗ്രസ് നേതാക്കൾ പങ്കെടുക്കും.

'ഞായറാഴ്ച മദ്ധ്യപ്രദേശിലെ സത്നയിലും ജാർഖണ്ഡിലെ റാഞ്ചിയിലും തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ രാഹുൽ ഗാന്ധി പങ്കെടുക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ പെട്ടെന്ന് ശാരീരിക അസ്വസ്ഥത ഉണ്ടായതോടെ അദ്ദേഹത്തിന് ഡൽഹി വിട്ടുപോകാൻ കഴിയാത്ത സാഹചര്യമാണ്. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സത്നയിലെ പരിപാടിക്ക് ശേഷം റാഞ്ചിയിലെ സമ്മേളനത്തിൽ പങ്കെടുക്കും', ജയ്റാം രമേശ് എക്സിൽ കുറിച്ചു.

ഇന്ത്യാ സഖ്യത്തിന്റെ രണ്ടാമത്തെ പ്രധാന പ്രചാരണ പരിപാടിയാണ് റാഞ്ചിയിലെ പ്രഭാത് താര മെെതാനത്തിൽ നടക്കുന്ന റാലി. 'ഉൽഗുലൻ ന്യായ് റാലി' എന്നാണ് പരിപാടിക്ക് നൽകിയിരിക്കുന്ന പേര്. മാർച്ച് 31ന് ഡൽഹിയിലെ രാംലീല മെെതാനത്തിലായിരുന്നു ഇന്ത്യാ സഖ്യത്തിന്റെ ആദ്യ റാലി നടന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതിനെതിരെയായിരുന്നു ആദ്യ റാലി. അറസ്റ്റ് നടന്ന് പത്തുദിവസത്തിന് ശേഷമായിരുന്നു ഇത്.