ജാർഖണ്ഡ് 'ഇന്ത്യ' റാലിയിൽ തമ്മിലടി

Monday 22 April 2024 12:00 AM IST

ന്യൂഡൽഹി: ജാർഖണ്ഡിലെ 'ഇന്ത്യ' മുന്നണി റാലിക്കിടെ കോൺഗ്രസ്, ആർ.ജെ.ഡി പ്രവർത്തകർ തമ്മിൽ സംഘർഷം. സീറ്റ് വിഭജന തർക്കമാണ് കൈയാങ്കളിയിലേക്ക് നയിച്ചത്. രണ്ടുപേർക്ക് പരിക്കേറ്റു.

ആർ.ജെ.ഡി നേതാവ് കെ.എൻ.ത്രിപാഠിയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. ചത്ര ലോക്‌സഭ മണ്ഡലത്തിൽ കോൺഗ്രസ് ഏകപക്ഷീയമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതാണ് ആർ.ജെ.ഡിയെ പ്രകോപിപ്പിച്ചത്. നേതാക്കൾ വേദിയിലിരിക്കെയാണ് അസഭ്യം പറഞ്ഞും കസേര വലിച്ചെറിഞ്ഞും പ്രവർത്തകർ തമ്മിലടിച്ചത്. നേതാക്കൾ ഇടപെട്ടാണ് ഒത്തുതീർപ്പാക്കിയത്. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിമർശിച്ചു. സഖ്യം പൊള്ളയാണെന്നും തിരഞ്ഞെടുപ്പ് കഴിയുന്നതോടെ തല്ലിപ്പിരിയുമെന്നും അദ്ദേഹം പരിഹസിച്ചു. അധികാരക്കൊതിയന്മാരായ നേതാക്കളാണ് സഖ്യമെന്ന പേരിൽ ഒത്തു കൂടിയതെന്നും ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. മനഃപൂർവം സംഘർഷമുണ്ടാക്കാൻ പുറത്ത് നിന്നുള്ള ചിലർ വേദിയിൽ നുഴഞ്ഞുകയറിയതായി ആർ.ജെ.ഡി നേതാവ് കെഎൻ ത്രിപാഠി ആരോപിച്ചു.