പ്രേമലു 2വിൽ പുതിയ അതിഥി, അനശ്വര രാജൻ എത്തുന്നത് അമൽ ഡേവിസിന്റെ കാമുകിയായി?

Sunday 21 April 2024 10:08 PM IST

മലയാളത്തിലും തെന്നിന്ത്യൻ സിനിമ ലോകത്തും ​ഗംഭീര വിജയം സൃഷ്ടിച്ച പ്രേമലുവിന് രണ്ടാം ഭാഗമായി പ്രേമലു 2. റീനു- സച്ചിൻ ടീമിലേക്ക് അനശ്വര രാജൻ കൂടി എത്തുന്നുവെന്നാണ് റിപ്പോർട്ട്. ഇതിനോടകം സോഷ്യൽ മീഡിയകളിൽ അനശ്വര രാജൻ അമൽ ഡേവിസിന്റെ കാമുകിയായി എത്തുമെന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം.

പ്രേമലുവിലെ ആദ്യ ഭാഗത്തിൽ വെറും ശബ്ദ സാന്നിദ്ധ്യമായാണ് അമൽ ഡേവിസിന്റെ കാമുകിയെ കാണിക്കുന്നത്. എന്നാൽ ഇതിന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. പ്രേമലുവിന്റെ വിജയാഘോഷ ചടങ്ങിലാണ് രണ്ടാം ഭാ​ഗത്തിന്റെ ഔദ്യോ​ഗിക പ്രഖ്യാപനം സംവിധായകൻ ഗിരീഷ് എ.ഡി. നടത്തുകയായിരുന്നു. ഭാ​വന സ്റ്റുഡിയോസിന്റെ ഏഴാമത് നിർമാണസംരംഭമായ പ്രേമലു 2 അടുത്ത വർഷം റിലീസ് ചെയ്യും.

വിജയാഘോഷ ചടങ്ങിൽ മന്ത്രി പി. രാജീവ്, നസ്രിയ, അമൽ നീരദ്, അൻവർ റഷീദ്, ബി ഉണ്ണിക്കൃഷ്ണൻ, ആന്റണി പെരുമ്പാവൂർ, വിജയരാഘവൻ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ഉണ്ണിമായ പ്രസാദ് തുടങ്ങിയവരും, എസ്.എസ്. രാജമൗലിയുടെ മകനും പ്രേമലു തെലുങ്ക് വിതരണം ഏറ്രെടുത്ത എസ് .എസ് കാ‍ർത്തികേയയും സന്നിഹിതരായിരുന്നു. രണ്ടാം ഭാ​ഗം തമിഴ്, തെലുങ്ക് ഭാഷകളിൽ കൂടി ഡബ്ബ് ചെയ്ത് ഒരുമിച്ച് റിലീസ് ചെയ്യാനാണ് തീരുമാനം.നസ്‍ലിന്റെ സച്ചിൻ എന്ന കഥാപാത്രവും മമിത ബൈജുവിന്റെ റീനുവും തമ്മിൽ പ്രണയത്തിലാവുകയും സച്ചിൻ യു.കെയിലേക്ക് പോവുന്നതോടെയുമാണ് പ്രേമലു അവസാനിക്കുന്നത്. തുടർന്ന് അവരുടെ ജീവിതം എങ്ങോട്ട് പോകും? അതിനുള്ള രസകരമായ ഉത്തരമായിരിക്കും പ്രേമലു 2.

ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽത്താഫ് സലിം, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് തിരക്കഥ . ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ശ്യാം പുഷ്‌കരൻ, ഫഹദ് ഫാസിൽ എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം അജ്മൽ സാബു, പി.ആർ.ഒ: ആതിര ദിൽജിത്ത്.