അമിതവേഗത്തിലെത്തിയ കാർ 5 വാഹനങ്ങളിൽ ഇടിച്ചു മറിഞ്ഞു

Sunday 21 April 2024 10:31 PM IST

കോട്ടയം: കഞ്ഞിക്കുഴി -ദേവലോകം റോഡിൽ അമിതവേഗത്തിൽ എത്തിയ ഇന്നോവ കാർ നിയന്ത്രണംവിട്ട് അഞ്ചു വാഹനങ്ങളിൽ ഇടിച്ച് തലകീഴായി മറിഞ്ഞു. അപകടത്തിൽ യാത്രക്കാർ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 10.45 ഓടെ കഞ്ഞിക്കുഴി ജംഗ്ഷന് സമീപമായിരുന്നു അപകടം.

കോട്ടയം ഭാഗത്ത് നിന്നും അമിതവേഗതയിൽ എത്തിയ ഇന്നോവ കാർ മുന്നിലുണ്ടായിരുന്ന മറ്റൊരു വാഹനത്തിൽ ഇടിക്കുകയും തുടർന്ന് നിയന്ത്രണം നഷ്ടമായി എതിരെ വന്ന മറ്റ് രണ്ട് കാറുകളിൽ ഇടിച്ച് തലകീഴായി താഴ്ചയിലേയ്ക്ക് മറിയുകയുമായിരുന്നു. അപകടത്തെ തുടർന്ന് കഞ്ഞിക്കുഴി ദേവലോകം റോഡിൽ ഗതാഗതം തടസപ്പെട്ടു. പൊലീസെത്തി ഗതാഗതം പുനസ്ഥാപിച്ചു. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.