മുത്തശ്ശി ഗദ; പഞ്ചാര കുഞ്ചുവും

Monday 22 April 2024 12:23 AM IST

അമ്മേ, ഈ ജനങ്ങൾ നമുക്കെന്താ കൂടുതൽ സീറ്റ് തരാത്തത്?​- 2014-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ്

തോറ്റതിൽ നിരാശപൂണ്ട രാഹുൽ ഗാന്ധി,​ അമ്മ സോണിയാ ഗാന്ധിയോടു ചോദിക്കുന്ന 'നിഷ്കളങ്ക"മെന്നു തോന്നിക്കുന്ന ചോദ്യം അന്നത്തെ ചില ഇംഗ്ലീഷ് പത്രങ്ങളിൽ കാർട്ടൂൺ ഫലിതമായി വന്നതാണ്. സമൂഹ മാദ്ധ്യമങ്ങളൊന്നും ഇന്നത്തെപ്പോലെ സജീവമല്ലാതിരുന്ന കാലം. ആ തിരഞ്ഞെടുപ്പിൽ 282 സീറ്റ് നേടി ഒന്നാം നരേന്ദ്ര മോദി സർക്കാർ അധികാരമേൽക്കുകയും, ഭരണത്തിലിരുന്ന കോൺഗ്രസിന്റെ ലോക്‌സഭയിലെ അംഗസംഖ്യ 44- ൽ ഒതുങ്ങുകയും ചെയ്തിരുന്നു!

അന്ന് രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബി.ജെ.പിക്കാർ ഒരു ഓമനപ്പേരും നൽകി. ആ ഓമനപ്പേര് തന്നെക്കൊണ്ട് വീണ്ടും വിളിപ്പിക്കരുതെന്നാണ് രാഹുൽ ഗാന്ധിയെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ഓർമ്മിപ്പിച്ചത്.

പ്രതിപക്ഷ പാർട്ടികളിലെ രണ്ട് മുഖ്യമന്ത്രിമാരെ (ഒരാൾ മുൻ മുഖ്യമന്ത്രി) എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി)

ജയിലിൽ അടച്ചപ്പോൾ, കേരള മുഖ്യമന്ത്രിയെ മാത്രം എന്തുകൊണ്ട് അതു പോലെ ജയിലിലടയ്ക്കുന്നില്ലെന്ന രാഹുൽ ഗാന്ധിയുടെകണ്ണൂരിലെ ചോദ്യമാണ് ഹേതു. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പുകാലം മുതൽ ചോദിച്ചുവരുന്ന ചോദ്യം. അന്ന് സ്വർണ്ണക്കടത്ത്,​ ഇന്ന് മകളുടെ കമ്പനിയുടെ മാസപ്പടി ഇടപാട്. അത് രാഹുൽ ഗാന്ധി ഏറ്റുപിടിച്ചത് പുലി വാലായി.

'24 മണിക്കൂറും ഞാൻ ബി.ജെ.പിയെ ആക്രമിക്കുമ്പോൾ, നിങ്ങൾ 24 മണിക്കൂറും ആക്രമിക്കുന്നത് എന്നെയാണ്. വല്ലപ്പോഴുമെങ്കിലും നിങ്ങൾക്ക് ബി.ജെ.പിയെയും ആക്രമിച്ചു കൂടേ?" പിണറായിയോടുള്ള രാഹുലിന്റെ ചോദ്യം ന്യായമെന്നു തോന്നാം. തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ പിണറായി കൂടുതൽ കടന്നാക്രമിക്കുന്നത് കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയുമാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിര 'കമാ' എന്നൊരക്ഷരം രാഹുൽ ഉരിയാടാത്തതാണ് പ്രശ്നം. പിന്നെ, രാഹുൽ ഗാന്ധിയുടെ കേരളത്തിലെ പര്യടനത്തിൽ മുസ്ലീം ലീഗിന്റെ പച്ചക്കൊടിയെ പേടിച്ച് സ്വന്തം പാർട്ടി കൊടി പോലും പുറത്തുകാട്ടാത്തതും. ഇവരാണോ ബി.ജെ.പിയെ നേരിടാൻ പോകുന്നതെന്നാണ് സഖാക്കളുടെ ചോദ്യം. പണ്ട് വി.എസ്. അച്യുതാനന്ദനോട് ഒന്നു മുട്ടി കണക്കിന് തിരിച്ചു കിട്ടിയത് രാഹുൽ ഗാന്ധി മറന്നോ എന്നും.

'ഇട്ടാവട്ടത്തുള്ള" പാർട്ടിയുടെ നേതാക്കൾക്ക് അതൊക്കെ പറയാം. അതുപോലെയാണോ കോൺഗ്രസ്? 2019-ൽ വയനാട്ടിൽ മത്സരിക്കാനെത്തിയ രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിൽ പച്ചക്കൊടിയും ത്രിവർണ്ണക്കൊടിയും കൂട്ടിക്കെട്ടിയതിന്റെ പേരിൽ എന്തൊക്കെ പുകിലാണ് ബി.ജെ.പിക്കാർ ഒപ്പിച്ചത്?പാകിസ്ഥാന്റെ കൊടിയുമായി മലപ്പുറത്ത് രാഹുൽ ഗാന്ധിയെ സ്വീകരിക്കുന്നുവെന്നു വരെ ഉത്തരേന്ത്യയിൽ പ്രചരിപ്പിച്ചില്ലേ?അതങ്ങ് അമേതി വരെ ചെന്നു കൊണ്ടില്ലേ?ആ പരിപ്പ് ഇനി വേവില്ല. ഇത്തവണ പുതിയ സ്റ്റൈൽ! ബി.ജെ.പിക്കതിരെ നില കൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന കേരളത്തിലെ മുഖ്യമന്ത്രിയുടെ നിയമസഭാംഗത്വം എന്തു

കൊണ്ടാണ് എടുത്തുകളയാത്തത്?എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ ഔദ്യോഗികവസതി നഷ്ടപ്പെടുത്താത്തത്....- രാഹുൽ ഗാന്ധിയുടെ സംശയങ്ങൾ തീരുന്നില്ല.

അതോടെ കടന്നൽക്കൂട്ടിൽ കല്ലെറിഞ്ഞതു പോലെ, സഖാക്കളെല്ലാം കൊണ്ടിളകി. ഏതു കേസിലാണ് മുഖ്യമന്ത്രിയെ ജയിലിൽ അടയ്ക്കേണ്ടതെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്റെ മറുചോദ്യം. 'നിങ്ങളുടെ മുത്തശ്ശി (ഇന്ദിരാഗാന്ധി) ഈ രാജ്യമാകെ അടക്കിവാണിരുന്ന കാലത്ത് (അടിയന്തരാവസ്ഥ) ഞങ്ങളെയൊക്കെ പിടിച്ച് ഒന്നര വർഷം ജയിലിലടച്ചു. അന്വേഷണമെന്നോ ജയിലെന്നോ പറഞ്ഞ് ഞങ്ങളെ വിരട്ടാൻ നോക്കേണ്ട. 'അയ്യോ, ജയിലിലിലേക്കോ?ഞാനില്ല, ബി.ജെ.പിയിൽ ചേർന്നുകൊള്ളാ"മെന്ന് മഹാരാഷ്ട്രയിലെ മുൻ കോൺഗ്രസ് നേതാവ് അശോക് ചവാനെപ്പോലെ ഞങ്ങൾ പറയില്ല.

വിജിലൻസ് തള്ളിയ കേസ് (ലാവ്‌ലിൻ) രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായല്ലേ കേന്ദ്രത്തിലെ അന്നത്തെ കോൺഗ്രസ് സർക്കാർ സി.ബി.ഐയ്ക്കു വിട്ടത്? സി.ബി.ഐ അതിൽ പുതുതായി വല്ലതും കണ്ടെത്തിയോ?കുറെ യാത്ര (ഭാരത് ജോഡോ) നടത്തിയപ്പോൾ മാറ്റം വന്നുകാണുമെന്നാണ് കരുതിയത്....- ഇങ്ങനെ പോകുന്നു

പിണറായി സഖാവിന്റെ പരിഹാസം. ബി.ജെ.പിയുടെ മൗത്ത് പീസായതു കൊണ്ടാണ് പിണറായി രാഹുൽ ഗാന്ധിയെ ഇങ്ങനെ ആക്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇവരൊക്കെ ചേർന്നാണോ രാജ്യം ഭരിക്കാൻ പോകുന്നതെന്ന് കളിയാക്കി മോദി ചിരിക്കട്ടെ.

 

പഞ്ചാര തിന്നു രസിച്ചു കുഞ്ചു.... പഞ്ചാരക്കുഞ്ചുവെന്ന് പേരു വീണു... 'കുഞ്ചിയമ്മയ്ക്ക് അഞ്ച് മക്കളാണേ"എന്ന കുട്ടിക്കവിതയിലെ വരികളെ ഇങ്ങനെ മാറ്റിയാൽ ആ കുഞ്ചു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളാകും. ആം ആദ്മി പാർട്ടി നേതാവായ ആശാൻ കഴിഞ്ഞ കുറെ നാളായി ഡൽഹി തിഹാർ ജയിലിലെ അഴിക്കുള്ളിൽ ഇരുന്നാണ് ഭരണം. ഇടയ്ക്കൊന്നും ജാമ്യം ലഭിക്കുമോ എന്നതിലും നിശ്ചയം പോരാ. പാവം അവിടെ കണ്ണീരും കൈയുമായി എങ്ങനെയെങ്കിലും കഴിഞ്ഞു കൂടട്ടെ. പക്ഷേ, അരിയും തിന്ന്,​ ആശാരിച്ചിയെയും കടിച്ചിട്ടും പിന്നെയും പട്ടിക്ക് മുറുമുറുപ്പ്.... എന്ന ഭാവത്തിലാണ് ഇ.ഡി ഉദ്യോഗസ്ഥന്മാർ!

കേജ്‌രിവാൾ ജയിലിൽ മന:പൂർവം സദാ മധുരം തിന്ന് രസിക്കുകയാണെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. മധുരം അമിതമായി വാരിക്കഴിച്ച് പ്രമേഹം കൂട്ടി അവശനാവുകയും, അതുവഴി കോടതിയിൽ നിന്ന് ജാമ്യം നേടുകയുമാണത്രേ അദ്ദേഹത്തിന്റെ അടവ്! അതിനു വേണ്ടി വീട്ടിൽ നിന്ന് വട്ടിക്കണക്കിന് മാമ്പഴം കൊടുത്തു വിടുന്നുവെന്ന്! ഇതെന്താ, ജയിലിനകത്തും മാമ്പഴം തീറ്റ മത്സരമോ?കേജ്‌രിവാൾ ദിവസവും പൂരിയും കിഴങ്ങു കറിയും തട്ടിവിടാറുണ്ടെന്നും ഇ.ഡി കോടതിയിൽ പറഞ്ഞു. സത്യം എവിടെ?

ഇനി, കേജ്‌രിവാൾ പറയുന്നതു കൂടി കേൾക്കൂ- ഇ.ഡി പറയുന്നത് പച്ചക്കള്ളം. ജയിലിൽ ദിവസവും കുടിക്കുന്നത് വിത്തൗട്ട് ചായ. വീട്ടിൽ നിന്ന് 48 തവണ ഭക്ഷണമെത്തിച്ചു. അതിൽ ഓരോ മാമ്പഴം ഉണ്ടായിരുന്നത് മൂന്നു ദിവസം മാത്രം. പൂരിയും കിഴങ്ങുകറിയും കഴിച്ചത് ഒരു ദിവസം മാത്രം. അതും, നവരാത്രി പ്രസാദമായി കൊടുത്തുവിട്ടത്. കേജ്‌രിവാളിന് വീട്ടിൽ നിന്നുള്ള ഭക്ഷണം മുടക്കാനും, അദ്ദേഹത്തെ വിഷം കൊടുത്ത് കൊല്ലാനുമുള്ള ശ്രമമാണ് ഇ.ഡി നടത്തുന്നതെന്നാണ് ആപ്പിന്റെ ആരോപണം. ഈശ്വരോ രക്ഷതു!

നുറുങ്ങ്:

 രാജ്ഭവനിലേക്കുള്ള വൈദ്യുതി കണക്ഷൻ പോലും പണമടയ്ക്കാതെ പിണറായി സർക്കാർ കട്ട് ചെയ്തുകളയുമോ എന്ന് ഗവർണർക്ക് ആശങ്ക.

 വെളിച്ചം ദു:ഖമാണുണ്ണി, തമസല്ലോ സുഖപ്രദം!

(വിദുരരുടെ ഫോൺ: 99461 08221)​

Advertisement
Advertisement