ആഞ്ഞടിച്ച് 'ഇന്ത്യ'; 'ഭരണഘടന സംരക്ഷിക്കാൻ ബി.ജെ.പിയെ പുറത്താക്കണം'

Monday 22 April 2024 12:25 AM IST

റാഞ്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പിക്കുമെതിരെ രൂക്ഷ വിമർശനമുയർത്തി ജാർഖണ്ഡിൽ 'ഇന്ത്യ" സഖ്യത്തിന്റെ ഉൽഗുലാൻ റാലി. ഭരണഘടനയെ സംരക്ഷിക്കാൻ ബി.ജെ.പിയെ പുറത്താക്കണമെന്ന് ആർ.ജെ.ഡി നേതാവ് തേജ്വസി യാദവും ജനങ്ങളെ സേവിക്കുന്ന മുഖ്യമന്ത്രിമാരെ ബി.ജെ.പി ഭയക്കുന്നുവെന്ന് പഞ്ചാബ് മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ ഭഗവന്ത് മാനും പറഞ്ഞു.

മുന്നണിയിലെ പ്രമുഖ നേതാക്കൾ റാലിയിൽ അണിനിരന്നു. ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എത്തിയില്ല. നേതാക്കളായ സീതാറാം യെച്ചൂരിയും ഡി.രാജയും പ്രചാരണവുമായി ബന്ധപ്പെട്ട തിരക്കിലായതിനാൽ വിട്ടുനിന്നു. ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ,​ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ എന്നിവർക്കായി വേദിയിൽ കസേരകൾ ഒഴിച്ചിട്ടത് ശ്രദ്ധേയമായി.

കല്പന സോറൻ, സുനിത കേജ്‌രിവാൾ എന്നിവർ ഹേമന്ത് സോറന്റെയും അരവിന്ദ് കേജ്‌രിവാളിന്റെയും സന്ദേശങ്ങൾ വായിച്ചു.

അംബേദ്കർ ഭരണഘടനയിൽ നൽകുന്ന ഗ്യാരന്റിയാണ് 'ഇന്ത്യ" സഖ്യം ജനങ്ങൾക്ക് മുന്നിൽ വയ്ക്കുന്നതെന്ന് എസ്.പി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ, നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്‌ദുള്ള, ജാർഖണ്ഡ് മുഖ്യമന്ത്രി ചമ്പൈ സോറൻ അടക്കമുള്ള നേതാക്കൾ മഹാറാലിയുടെ ഭാഗമായി.

ജാർഖണ്ഡിലെ 14 ലോക്‌സഭ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പിന്റെ നാല്, അഞ്ച്, ആറ്, ഏഴ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. 2019 ലോക്‌സഭ തിരഞ്ഞെടുപ്പിൽ 12 സീറ്റും നേടിയത് ബി.ജെ.പിയായിരുന്നു.

Advertisement
Advertisement