നോർത്ത് ഈസ്റ്റ് ഡൽഹിയിൽ 'ബീഹാറി ബാബു" പോരാട്ടം

Monday 22 April 2024 12:32 AM IST

ന്യൂഡൽഹി: ബീഹാറി ബാബുമാരുടെ വന്യമായ പോരാട്ടത്തിനാണ് നോർത്ത് ഈസ്റ്റ് ഡൽഹി ഇക്കുറി സാക്ഷ്യം വഹിക്കുന്നത്. ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ മുൻ അദ്ധ്യക്ഷനും യുവ ഫയർബ്രാൻഡുമായ കനയ്യ കുമാറാണ് കോൺഗ്രസിനായി രംഗത്തുള്ളത്. ഭോജ്പൂരി ഗായകനും നടനുമായ സിറ്റിംഗ് എം.പി മനോജ് തിവാരിയെ ബി.ജെ.പി മൂന്നാമതും കളത്തിലിറക്കി. ഇരുവരും ബീഹാറിൽ വേരുകളുള്ളവർ.

നേരത്തെ രണ്ടുതവണയും മികച്ച ഭൂരിപക്ഷത്തിലാണ് മനോജ് തിവാരി ഇവിടെ വിജയിച്ചത്. കിഴക്കൻ ഉത്തർപ്രദേശ്,​ ബീഹാർ എന്നിവിടങ്ങളിൽ നിന്ന് കുടിയേറിയ പൂർവാഞ്ചലുകാരുടെ നിർണായക വോട്ടുബാങ്കിലാണ് ഇരുവരുടേയും കണ്ണ്. 2020ലെ ഡൽഹി കലാപം ബാധിച്ച മണ്ഡലം കൂടിയാണിത്.

ജെ.എൻ.യു പഠനകാലത്ത് കനയ്യയ്ക്കുനേരെയുണ്ടായ തുക്കഡെ തുക്കഡെ ഗ്യാംഗ് വിവാദം ഉൾപ്പെടെ പുറത്തെടുത്താണ് മനോജ് തിവാരിയുടെ പ്രചാരണം. 40 ദിവസത്തെ ടൂറിനാണ് കനയ്യ വന്നതെന്നും ആരോപിക്കുന്നു. വിഭജന രാഷ്ട്രീയം കളിക്കുന്നത് ബി.ജെ.പിയാണെന്നാണ് കനയ്യയുടെ പ്രതിരോധം.

രണ്ടാം തവണയാണ് കനയ്യ കുമാർ ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. 2019ൽ ബീഹാറിലെ ബെഗുസാരായിയിൽ നിന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിനെതിരെ സി.പി.ഐ ടിക്കറ്റിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഡൽഹിയിൽ 'ഇന്ത്യ" സഖ്യത്തിനു കീഴിലാണ് കോൺഗ്രസും ആംആദ്മിയും. നാലു സീറ്റിൽ ആം ആദ്മി പാർട്ടിയും മൂന്നിടത്ത് കോൺഗ്രസും മത്സരിക്കുന്നു. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ജയിലിലായതിനാൽ വോട്ടൊഴുക്ക് എങ്ങോട്ടാകുമെന്നത് നിർണായകം. 2019ൽ 3,​66,​102 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മനോജ് തിവാരി വിജയിച്ചത്. മേയ് 25ന് ആറാംഘട്ടത്തിലാണ് വോട്ടെടുപ്പ്.

2019ലെ ഫലം

മനോജ് തിവാരി (ബി.ജെ.പി): 7,87,799 വോട്ടുകൾ (53.90%)

ഷീല ദീക്ഷിത് (കോൺഗ്രസ്): 4,21,697 വോട്ടുകൾ (28.85%)

ദിലീപ് പാണ്ഡെ (ആം ആദ്മി പാർട്ടി): 1,90,856 വോട്ടുകൾ (13.06%)

Advertisement
Advertisement