ഇന്ത്യയിലെ രണ്ട് പ്രമുഖ ബ്രാൻഡ് കറിമസാലകളിൽ ക്യാൻസറിന് കാരണമാകുന്ന കീടനാശിനി; വിലക്ക്

Monday 22 April 2024 12:52 PM IST

ബീജിംഗ്: ഇന്ത്യയിലെ രണ്ട് പ്രമുഖ ബ്രാൻഡുകളിൽ നിന്നുള്ള കറിമസാലകൾക്ക് നിരോധനമേർപ്പെടുത്തി ഹോങ്കോംഗിലെ ഭക്ഷ്യസുരക്ഷാ അധികൃതർ. ചൈനയിലെ പ്രത്യേക ഭരണമേഖലയാണ് ഹോങ്കോംഗ്. ക്യാൻസറിന് കാരണമാകുന്ന രാസ‌വസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.

പ്രമുഖ ഭക്ഷ്യ കമ്പനിയായ എം ഡി എച്ചിന്റെ മൂന്ന് ഉത്‌പന്നങ്ങളായ മദ്രാസ് കറി പൗഡർ, മിക്‌സഡ് മസാല പൗഡർ, സാമ്പാർ മസാല എന്നിവയ്ക്കും മറ്റൊരു പ്രമുഖ ബ്രാൻഡായ എവറസ്റ്റിന്റെ ഫിഷ് കറി മസാലയ്ക്കുമാണ് നിരോധനം ഏർപ്പെടുത്തിയത്. ക്യാൻസർ ബാധിക്കാൻ കാരണമാകുന്ന കീടനാശിനിയായ എഥിലീൻ ഓക്‌സൈഡ് ഇവയിലുണ്ടെന്ന് ഈമാസമാദ്യം ചൈനയിലെ സെന്റർ ഫോർ ഫുഡ് സേഫ്‌ടി (സി എഫ് എസ്) പ്രഖ്യാപിച്ചിരുന്നു.

പതിവ് ഭക്ഷ്യ പരിശോധനകളുടെ ഭാഗമായാണ് നാല് ഉത്‌പന്നങ്ങളുടെ സാമ്പിളുകൾ ശേഖരിച്ചതെന്നും മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത എഥിലീൻ ഓക്‌സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതായും സി എഫ് എസ് വ്യക്തമാക്കുന്നു. കീടനാശിനി തീരെ ചെറിയ തോതിൽ അടങ്ങിയ ഭക്ഷ്യവസ്തുക്കൾ സുരക്ഷിതമായ പരിധിക്കപ്പുറം വിൽക്കുന്നതിന് ഹോങ്കോംഗിൽ നിയന്ത്രണമുണ്ട്.

നാല് ഇന്ത്യൻ ഉത്‌പന്നങ്ങളും വിൽപന കേന്ദ്രങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ ഉത്തരവിട്ട സി എഫ് എസ് സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു. സംഭവത്തിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. കുറഞ്ഞ അളവിലുള്ള എഥിലീൻ ഓക്‌സൈഡ് ഉപഭോഗം ഉടനടി അപകടസാദ്ധ്യതയുണ്ടാക്കില്ലെങ്കിലും സ്ഥിരമായുള്ള ഉപഭോഗം അർബുദത്തിന് കാരണമാകുമെന്ന് സി എഫ് എസ് മുന്നറിയിപ്പ് നൽകുന്നു.

ഹോങ്കോംഗിന് പിന്നാലെ സിംഗപൂരും എവറസ്റ്റ് ഫിഫ് കറി മസാലകൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ സംഭവത്തിൽ എവറസ്റ്റും എം ഡി എച്ചും ഇതുവരെ പ്രതികരിച്ചിട്ടില്ല.

Advertisement
Advertisement