പാലായിൽ അപകടങ്ങളേറുന്നു..... നഗരവീഥികളിൽ ചോരച്ചാലുകൾ

Tuesday 23 April 2024 12:50 AM IST

പാലാ : വാഹനങ്ങളുടെ അമിതവേഗതയും, സുരക്ഷാസംവിധാനങ്ങളുടെ അലംഭാവവും പാലായിലെയും സമീപപ്രദേശങ്ങളിലെയും റോഡുകളെ കുരുതിക്കളമാക്കുന്നു. കഴിഞ്ഞ ശനിയാഴ്ച മൂന്നാനിയിൽ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ അങ്കണവാടി അദ്ധ്യാപിക ആശാലത ചികിത്സയിലിരിക്കെ ഇന്നലെ ആശുപത്രിയിൽ മരണമടഞ്ഞതാണ് ഒടുവിലത്തെ സംഭവം. കഴിഞ്ഞ ഒരു മാസത്തിനിടെ ഇരുപതോളം അപകടങ്ങളാണ് ഉണ്ടായത്. ഇതിൽ കോളേജ് വിദ്യാർത്ഥി ഉൾപ്പെടെ രണ്ട് പേർ മരിച്ചു. 20 പേർക്ക് പരിക്കേറ്റു. പാലാ ടൗണിലെ സീബ്രാലൈനുകളിൽ പോലും യാത്രക്കാർക്ക് രക്ഷയില്ലാത്ത അവസ്ഥയാണ്. പാഞ്ഞുവരുന്ന വാഹനങ്ങൾക്ക് മുന്നിൽ നിന്ന് ഭാഗ്യത്താലാണ് പലരും രക്ഷപ്പെടുന്നത്. ടൗൺ ബസ് സ്റ്റാൻഡിന് മുൻവശമുള്ള സീബ്രാലൈനിലാണ് പല സ്വകാര്യ ബസുകളും നിറുത്തി ആളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്. ഇതൊന്നും പൊലീസും കാണുന്നുമില്ല. അങ്കണവാടി അദ്ധ്യാപികയെ കാറിടിച്ചതിന് സമീപം കഴിഞ്ഞ ദിവസം മറ്റൊരപകടവുമുണ്ടായി. കാർ നിറുത്തി പുറത്തിറങ്ങിയ അദ്ധ്യാപകനെ ഓട്ടോറിക്ഷ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

നാൽക്കവലയും അപകടമേഖല

പാലാ നഗരത്തിലെ പ്രധാനപ്പെട്ട അപകടമേഖലയായി ഭരണസിരാകേന്ദ്രമായ സിവിൽ സ്റ്റേഷന് മുൻവശത്തെ നാൽക്കവല മാറുകയാണ്. ഒപ്പം രൂക്ഷമായ ഗതാഗതക്കുരുക്കും. കോട്ടയം ഭാഗത്തുനിന്ന് ഇറക്കമിറങ്ങി അമിത വേഗതയിലാണ് വാഹനങ്ങൾ വരുന്നത്. തൊടുപുഴ ഭാഗത്തുനിന്ന് കിഴതടിയൂർ ബൈപ്പാസ് വഴി വാഹനങ്ങളെത്തുന്നതും വേഗതയിലാണ്. അപകടങ്ങൾ പലപ്പോഴും ഭാഗ്യത്താൽ വഴിമാറുകയാണ്.

കാൽനടയാത്രക്കാരുടെ കാര്യം കഷ്ടം

നഗരത്തിൽ കാൽനടയാത്രക്കാരുടെ കാര്യമാണ് ഏറെ കഷ്ടം. റോഡൊന്ന് കുറുകെ കടക്കണമെങ്കിൽ നല്ലനേരം നോക്കേണ്ട അവസ്ഥ. പല വാഹനങ്ങളും വേഗത പോലും കുറയ്ക്കില്ല. വാഹനങ്ങൾ വരുന്നത് കണ്ട് പെട്ടെന്ന് മറുകരയെത്താൻ ശ്രമിക്കുന്നതാണ് അപകടങ്ങൾക്കിടയാക്കുന്നത്. നേരത്തെ പ്രധാന സീബ്രാലൈനുകളിലൊക്കെ ട്രാഫിക് പൊലീസിന്റെ സേവനമുണ്ടായിരുന്നു. എന്നാൽ ഇപ്പോഴിതില്ല. പെറ്റിക്കേസ് പിടിക്കാനല്ലാതെ അമിത വേഗതയും അപകടങ്ങളും തടയാൻ ട്രാഫിക് പൊലീസ് - മോട്ടോർ വാഹനവകുപ്പ് ഉദ്യോസ്ഥർക്കാകുന്നില്ല.

ഭീതിയോടെയാണ് വഴിനടക്കുന്നത്. ഇരുചക്രവാഹനങ്ങളടക്കം കുത്തിക്കയറ്റി പോകുമ്പോൾ ഓടിമാറുകയാണ്. പ്രായമായവരും കുട്ടികളുമടക്കം റോഡ് കുറുകെ കടക്കാൻ പെടാപ്പാട് പെടുകയാണ്. ഇനിയൊരു അപകടത്തിന് അധികൃതർ കാത്തുനിൽക്കരുത്. ഉടൻ സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തണം.

ശാന്തകുമാരി, യാത്രക്കാരി

ഒരുമാസം

20 അപകടം

2 മരണം

Advertisement
Advertisement