ഇവിടെ മൊത്തത്തിൽ കുഴപ്പമാ

Tuesday 23 April 2024 2:58 AM IST

 അസൗകര്യങ്ങൾക്ക് നടുവിൽ ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്

ആറ്റിങ്ങൽ: ദേശീയപാതയോരത്ത് അസൗകര്യങ്ങളുടെ നടുവിൽ ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്. യാത്രയ്ക്കായി സ്റ്റാൻ‌ഡിലെത്തുന്ന യാത്രക്കാർക്ക് കയറി നിൽക്കാൻ കാത്തിരിപ്പ് കേന്ദ്രമോ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനുള്ള അടിസ്ഥാന സൗകര്യങ്ങളോ ഇവിടെയില്ല. ദേശീയപാതയിൽ തിരുവനന്തപുരത്തിനും കൊല്ലത്തിനുമിടയിലെ പ്രധാന ബസ് സ്റ്റാൻഡിനാണ് ഈ ദുർഗതി. ബസ് സ്റ്റാൻഡിന്റെ മദ്ധ്യഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന യാത്രക്കാരുടെ കാത്തിരിപ്പുകേന്ദ്രം ഏത് സമയവും തകർന്ന് യാത്രക്കാർക്ക് മേലെ വീഴാവുന്ന നിലയിലാണ്. കാത്തിരിപ്പ് കേന്ദ്രത്തിന്റെ മേൽക്കൂരയും യാത്രക്കാർക്ക് കയറിയിരിക്കാനുള്ള പൈപ്പ് ബെഞ്ചുകളും ഇതിനോടകം തകർന്നതിനാൽ ഇപ്പോൾ ഒറ്റ പൈപ്പിലുള്ള ബെഞ്ചിൽ ഇരിക്കാൻ അതീവ ബാലൻസ് വേണം. നാലുവശങ്ങളിലും സ്ഥാപിച്ചിരുന്ന സംരക്ഷണകവചങ്ങളും ബസ് ഇടിച്ചുതകർന്ന നിലയിലാണ്.

സംരക്ഷണവുമില്ല

കാത്തിരിപ്പ് കേന്ദ്രത്തിന്റെ മേൽക്കൂരയിൽ പ്ലാസ്റ്റിക് ഷീറ്റ് കയറിട്ട് കെട്ടിയ നിലയിലാണിപ്പോൾ. മഴ പെയ്താൽ കാത്തിരിപ്പ് കേന്ദ്രമായാലും സ്റ്റാൻഡായാലും യാത്രക്കാർ നനയും. തൊട്ടടുത്തായി ഉദ്യോഗസ്ഥർക്കും യാത്രക്കാർക്കും വിശ്രമിക്കാൻ 2007-08 സാമ്പത്തികവർഷം ആനത്തലവട്ടം ആനന്ദന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നു തുക ചെലവഴിച്ച് നിർമ്മിച്ച വിശ്രമകേന്ദ്രത്തിന് സംക്ഷണം നൽകാത്തതിനാലും യഥാസമയങ്ങളിലെ അറ്റകുറ്റപ്പണികൾ നടത്താത്തതിനാലും അതും നാശത്തിന്റെ വക്കിലാണ്. കെട്ടിടത്തിന്റെ മുൻവശത്തെ സൺഷെയ്ഡ് ഇടിഞ്ഞുവീണിട്ട് വർഷങ്ങൾ കഴിയുന്നു. കെട്ടിടത്തിന്റെ മുകളിൽ ഇലകളും മറ്റ് പാഴ്‌വസ്തുക്കളും വീണ് മഴക്കാലത്ത് വെള്ളക്കെട്ടുമുണ്ടാകുന്നുണ്ട്. ഇത് കെട്ടിടത്തിന്റെ ബലക്ഷയത്തിന് കാരണമായിട്ടുണ്ട്. നിരവധിയിടങ്ങളിൽ പൊട്ടൽ ഇതിനകം രൂപപ്പെട്ടുകഴിഞ്ഞു.

പരിമിതികൾ ഏറെ

സ്റ്റാൻഡിലെ രണ്ട് കെട്ടിടങ്ങളിൽ യാത്രക്കാർക്ക് പണം നൽകി ഉപയോഗിക്കാൻ ബാത്ത് റൂമുകളുണ്ട്. എന്നാൽ രണ്ടും പ്രവർത്തനരഹിതമാണ്. രാത്രിയിൽ സ്ത്രീകൾക്ക് അടിയന്തരാവശ്യത്തിന് ഉപയോഗിക്കാൻ പോലും നിലവിലില്ല. ടോയ്ലെറ്റിൽ വെള്ളവുമില്ല. യാത്രക്കാർക്ക് കാലഹരണപ്പെട്ട ബസ് വിവരണ പട്ടികയാണുള്ളത്. വർഷങ്ങൾക്കു മുമ്പ് സ്ഥാപിച്ച യാത്രാബോർഡ് മാറ്റി സ്ഥാപിക്കാനും അധികൃതർ മുതിരുന്നില്ല. നിലവിലെ ബോർഡ് നോക്കി യാത്രചെയ്യാമെന്ന് കരുതിയാൽ അത് ഒരിക്കലും നടക്കില്ല. രാത്രിയിൽ ബസ് സ്റ്റേഷനിൽ സുരക്ഷാ ജീവനക്കാരുടെ കുറവും യാത്രക്കാർക്ക് ഭീഷണിയാകുന്നുണ്ട്.

Advertisement
Advertisement