മോഷ്ണവും ജീവകാരുണ്യ പ്രവർത്തനവും

Tuesday 23 April 2024 12:20 AM IST

കേരളത്തിലെ പ്രധാന ആരാധനാകേന്ദ്രങ്ങളിലൊന്നായ തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ പേരും പെരുമയും പതിറ്റാണ്ടുകൾക്ക് മുമ്പ് മുതലേ കടലേഴും കടന്നിട്ടുള്ളതാണ്. തിരുവിതാംകൂർ രാജകുടുംബത്തിന്റെ നിയന്ത്രണത്തിലായിരുന്ന ക്ഷേത്രം,​ അതിന്റെ ശില്പഭംഗ കൊണ്ടും ഭക്തരുടെ രൂഢമൂലമായ വിശ്വാസത്തിന്റെ പേരിലും കേൾവി കേട്ടതാണ്. എന്നാൽ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഖ്യാതി മറ്റൊരു തരത്തിൽ ഉയർന്ന് കേൾക്കാൻ തുടങ്ങിയിട്ട് ഒന്നര പതിറ്റാണ്ട് ആവുന്നേയുള്ളൂ. ക്ഷേത്രത്തിനുള്ളിൽ സൂക്ഷിച്ചിട്ടുള്ള നിധിശേഖരത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതോടെയാണ് ലോകമെമ്പാടും അത്ഭുതകരമായ ആ ഖ്യാതി പടർന്നത്. ഒന്നേകാൽ ലക്ഷം കോടിയോളം വിലമതിക്കുന്ന സ്വർണവും രത്നങ്ങളുമുൾപ്പെടെയുള്ള അമൂല്യ വസ്തുക്കളുടെ ശേഖരം ക്ഷേത്രത്തിനുള്ളിൽ സൂക്ഷിച്ചിട്ടുള്ളതായാണ് കണ്ടെത്തിയത്. ഇനിയും കൃത്യമായി ഇവയുടെ മൂല്യം കണക്കാക്കിയിട്ടില്ലെന്നതാണ് വസ്തുത.

പ്രത്യേക നിലവറകളിലായിട്ടാണ് അമൂല്യമായ ഈ ശേഖരം സൂക്ഷിച്ചിട്ടുള്ളത്. ആറ് നിലവറകളാണ് ഇവിടെയുള്ളത്. സി, ഡി നിലവറകളിൽ ക്ഷേത്രത്തിലെ ഉത്സവാവശ്യത്തിനുള്ള ആഭരണങ്ങളാണ് സൂക്ഷിച്ചിട്ടുള്ളത്. അതിനാൽ ഉത്സവകാലത്ത് ഇവ തുറക്കാറുണ്ട്. ക്ഷേത്രത്തിലെ പലവിധ ആവശ്യങ്ങൾക്കായി എപ്പോഴും തുറക്കാറുള്ളതാണ് ഇ, എഫ് നിലവറകൾ. എ, ബി നിലവറകളിലാണ് അമൂല്യമായ നിധിശേഖരമുള്ളത്. കോടതിയുടെ നിർദ്ദേശപ്രകാരം എ നിലവറ തുറന്ന് പരിശോധിച്ചപ്പോഴാണ് ഒന്നേകാൽ ലക്ഷം കോടിയോളം വിലമതിക്കുന്ന അമൂല്യനിധി ശേഖരം കണ്ടെത്തിയത്. കൂറ്റൻ കരിങ്കൽ വാതിലുകൾ കൊണ്ട് അടച്ചുഭദ്രമാക്കിയിട്ടുള്ള ബി നിലവറയിലെ രഹസ്യങ്ങളാണ് ഇനിയും അറിയാനുള്ളത്. ഇതുവരെ കണ്ടെത്തിയതിനേക്കാൾ കനത്ത നിധിശേഖരമാവും ഇവിടെയുണ്ടാവുക എന്നാണ് വിദഗ്ദ്ധാഭിപ്രായം. ഇതുവരെ ബി നിലവറ തുറന്നിട്ടില്ല. സുപ്രീംകോടതിയാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കേണ്ടത്. ഇത്രയും ഭാരിച്ച അമൂല്യമായ നിധിശേഖരം ഭദ്രമായും കെട്ടുറപ്പോടെയും സൂക്ഷിക്കാൻ തിരുവിതാംകൂറിലെ രാജാക്കന്മാർ കാട്ടിയ ബുദ്ധി വൈഭവമാണ് ഈ സമ്പത്ത് ഇപ്പോഴും ഇവിടെത്തന്നെയുണ്ടാവാൻ കാരണം.

ഇവിടെ വിഷയം അതല്ല,​ ഇതിനോട് താരതമ്യം ചെയ്യേണ്ട കാര്യമല്ലെങ്കിലും നമ്മുടെ സംസ്ഥാനത്ത് സമ്പന്നരായ പലരുടെയും വീടുകളിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ ശേഖരവും അത് കൗശലപൂർവ്വം കൈവശപ്പെടുത്തുന്ന മോഷ്ടാക്കളുടെയും കാര്യമാണ് പരാമർശ വിഷയം. സീസൺ കാലത്ത് വിനോദത്തിന് എത്തുന്ന ടൂറിസ്റ്റുകളെപ്പോലെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് നല്ല മോടിയിലും ചുറുചുറുക്കോടെയും മോഷ്ടാക്കൾ എത്തുന്നു,​ വീടുകളിൽ കയറി കിട്ടിയതെല്ലാം എടുത്ത് സ്ഥലം വിടുന്നു. സംസ്ഥാന പൊലീസ് ഇവർക്ക് പിന്നാലെ പരക്കം പായുന്നു. ചില കേസുകൾ പിടിക്കപ്പെടുന്നു,​ മറ്റു ചിലത് വിസ്മൃതിയിലാവുന്നു. സമീപകാലത്ത് ആവർത്തിക്കപ്പെടുന്ന സംഭവങ്ങളാണ് ഇത്. ഇതിൽ ഒടുവിലത്തേതാണ് സംവിധായകൻ ജോഷിയുടെ വീട്ടിലെ മോഷണം. 'ബിഹാർ റോബിൻഹുഡ്' എന്നറിയപ്പെടുന്ന മുഹമ്മദ് ഇർഫാനാണ് പിടിക്കപ്പെട്ടത്.സ്വർണവും വജ്രാഭരണങ്ങളും വിലപിടിപ്പുള്ള മറ്രു വസ്തുക്കളുമടക്കം ഒരു കോടിയോളം വിലമതിക്കുന്ന ഉരുപ്പടികളാണ് ആ മഹാൻ വീട്ടുകാർ കാണാതെയും അവരുടെ സമ്മതമില്ലാതെയും എടുത്തുകൊണ്ടുപോയത്.

മോഷ്ടാവാണെങ്കിലും ആഢ്യത്വമുള്ള വ്യക്തിയാണ് മുഹമ്മദ് ഇർഫാൻ. ട്രെയിനും ബസും ഒക്കെ കയറി അലഞ്ഞുതിരിഞ്ഞല്ല കൊച്ചിയിലെത്തിയത്. ഹോണ്ട അക്കോർഡ് കാറിലാണ്. മുഖം മറച്ചോ ഹെൽമറ്റ് ധരിച്ചോ ഉള്ള ചീപ്പ് പരിപാടിയൊന്നുമില്ല,​ അന്തസായി മുഖം ക്യാമറയ്ക്ക് നേരെ കാട്ടി തന്നെയാണ് തന്റെ ദൗത്യം നിർവഹിച്ചത്. അറിഞ്ഞിടത്തോളമുള്ള വിവരങ്ങൾ വച്ചു നോക്കുമ്പോൾ,​ കായംകുളം കൊച്ചുണ്ണിയെ പോലുള്ളവരുടെ കാറ്റഗറിയിൽപ്പെട്ട വ്യക്തിയാണ്. സമ്പന്നരുടെ വീടുകളും സ്ഥാപനങ്ങളും മാത്രമാണ് അദ്ദേഹം തന്റെ ദൗത്യത്തിനായി തിരഞ്ഞെടുക്കാറുള്ളത്. അല്ലാതെ ചില ലോക്കൽ രാഷ്ട്രീയക്കാരെ പോലെ അത്താഴപ്പട്ടിണിക്കാരന്റെ പോക്കറ്റിൽ കൈയ്യിട്ടുവാരില്ല. മോഷണ വസ്തുക്കൾ വിറ്റു കിട്ടുന്ന നെറ്റ് പ്രോഫിറ്റിന്റെ ട്വന്റി പേർസന്റ് സാധുക്കളുടെ ചികിത്സാ, വിവാഹ ധനസഹായങ്ങൾക്കായി വിനിയോഗിക്കുന്നു. ബാക്കി തുക കൊണ്ടാണ് അത്യാവശ്യം ആഡംബര സാധനങ്ങളും വീട്ടുസാധനങ്ങളും വാങ്ങുക. ഭാഷയുടെ പേരിലോ രാഷ്ട്രീയത്തിന്റെ പേരിലോ മതപരമായോ ഒരു വിധ വേർതിരിവും മുഹമ്മദ് ഇർഫാൻ കാട്ടാറില്ല. 13 സംസ്ഥാനങ്ങളിലായിട്ടാണ് 40 കേസുകൾ അറ്റൻഡ് ചെയ്തത്.

തിരുവനന്തപുരം നഗരത്തിലെ ഒരു വീട്ടിൽ നിന്ന് 'ബണ്ടിചോർ' എന്ന മറ്റൊരു അന്യസംസ്ഥാന മോഷണ തൊഴിലാളി അത്യാവശ്യം സ്വർണശേഖരം കവർന്നിട്ട് അധിക വർഷങ്ങളായില്ല. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിലാണ് തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്ത് ഒരു വീട്ടിൽ നിന്നും 100 പവനിലേറെ സ്വർണവും മലപ്പുറം ജില്ലയിലെ ഒരു വീട്ടിൽ നിന്നും 300 പവനിലേറെ സ്വർണവും മോഷ്ടിച്ചത്. അതിന് പിന്നോട്ടുള്ള പൊലീസിന്റെ ക്രൈം റിക്കാർഡ്സ് പരിശോധിച്ചാൽ ഇതുപോലെ കൗതുകരങ്ങളായ നിരവധി മോഷണങ്ങളുടെ കോരിത്തരിപ്പിക്കുന്ന വിവരങ്ങൾ അറിയാനാവും. കാര്യമെന്തു പറഞ്ഞാലും നമ്മുടെ പൊലീസ് സേനയിലെ അന്വേഷണ കുതുകികളായ ഉദ്യോഗസ്ഥർക്ക് തങ്ങളുടെ നൈപുണ്യത്തിന്റെ വായ്ത്തല ഒന്നു മിനുക്കാൻ കിട്ടുന്ന അപൂർവ്വ അവസരങ്ങളാണ് ഇതെല്ലാം. അല്ലെങ്കിൽ പീഡനകേസുകളും ജീവൻ രക്ഷാ പ്രവർത്തകരെ കൈകാര്യം ചെയ്യലും പ്രതിഷേധ സമരക്കാരെ തൂക്കിയെടുക്കലും ഉത്സവപ്പറമ്പുകളിലെ ക്രമസമാധാന പാലനവുമൊക്കെയായി അവരുടെ കർമ്മശേഷി പൂർണ്ണമായും മുരടിക്കുന്ന സ്ഥിതിഉണ്ടായേനേ.

കൈയ്യിൽ ഇത്തിരി പണം കൂടുമ്പോൾ ചില്ലറ സ്വർണവും കുറച്ച് വജ്രവും വിലകൂടിയ വാച്ചും മറ്റ് കൗതുക വസ്തുക്കളുമൊക്കെ വാങ്ങിക്കൂട്ടണമെന്ന് തോന്നിയാൽ ആരെയും കുറ്റം പറയാനാവില്ല. സ്വന്തമായി അദ്ധ്വാനിച്ചുണ്ടാക്കുന്ന പണം എങ്ങനെ വിനിയോഗിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം കൂടിയാണല്ലോ 1947-ൽ നമുക്ക് ലഭിച്ചത്. അതിനെ ചോദ്യം ചെയ്യാനുള്ള ധാർമ്മിക അവകാശം മറ്റാർക്കുമില്ല. നിരവധി ബാങ്കുകൾ ശാഖകളും തുറന്ന്, അതിൽ ലോക്കറും സ്ഥാപിച്ച് കാത്തിരിക്കുമ്പോൾ, ഈ വിലകൂടിയ വസ്തുക്കൾ അവിടെ സൂക്ഷിച്ചുകൂടേ എന്നൊരു ചോദ്യം ദോഷൈകദൃക്കുകൾക്ക് വേണമെങ്കിൽ ചോദിക്കാം. ന്യായം. പക്ഷെ അത്താഴം കഴിച്ച് കിടന്നുറങ്ങാൻ നേരം കഴുത്തിൽ ഒരു നെക്ലെസ് ധരിക്കണമെന്ന് ഒരു ഉൾവിളിയുണ്ടായാൽ എന്തു ചെയ്യും. രാത്രിയിൽ ലോക്കറിൽ പോയി ഇതെടുക്കാനാവുമോ. ഉറങ്ങും മുമ്പ് ഇടതു കൈയിലെ മോതിരവിരലിൽ ഒരു വജ്രമോതിരവും ചൂണ്ടുവിരലിൽ പാലയ്ക്കാ മോതിരവും ധരിക്കണമെന്ന് ഒരു പൂതിയുണ്ടായാൽ അപ്പോ ലോക്കർ തുറക്കാനാവുമോ. മനുഷ്യമനസല്ലെ, എപ്പോ, എന്ത് ആഗ്രഹമുണ്ടാവുമെന്ന് പറയാനാവുമോ.

ഇതു കൂടി

കേൾക്കണേ

വീടിന്റെയോ സ്ഥാപനങ്ങളുടെയോ നാലു മുക്കിലും ഓരോ ക്യാമറ വച്ചാൽ എല്ലാം ഭദ്രമായി എന്നാണ് പൊതുവെയുള്ള ധാരണ. കള്ളൻ പൂട്ട് പൊളിച്ച് വീടിനുള്ളിൽ കയറുന്ന ദൃശ്യം പകർത്താനേ ക്യാമറയ്ക്ക് കഴിയൂ, അല്ലാതെ കള്ളനെ ഓടിച്ചിട്ട് പിടിക്കാനാവില്ല. പിന്നെ രാത്രി കാലങ്ങളിൽ പൊലീസിന്റെ പട്രോളിംഗ് കുറച്ച് കാര്യക്ഷമമാക്കിയാൽ കള്ളന്മാരുടെയും സാമൂഹ്യ വിരുദ്ധരുടെയും അഴിഞ്ഞാട്ടത്തിന് ചെറിയ തോതിലെങ്കിലും ശമനമുണ്ടാക്കാൻ കഴിയുമെന്നതിൽ സംശയമില്ല.

Advertisement
Advertisement