ലോക രാജ്യങ്ങള്‍ ഏറ്റവും കൂടുതല്‍ പണം മുടക്കുന്നത് ഈ മേഖലയിലും, ആദ്യ അഞ്ചില്‍ ഉള്‍പ്പെട്ട് ഇന്ത്യയും 

Monday 22 April 2024 7:42 PM IST

ന്യൂഡല്‍ഹി: ലോക രാജ്യങ്ങള്‍ക്കിടയിലെ സൈനിക ചെലവ് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വര്‍ദ്ധനവില്‍. രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് സൈനിക ചെലവും സമാന്തരമായി വര്‍ദ്ധിക്കുന്നത്. സൈനിക ആവശ്യങ്ങള്‍ കൂടിയതോടെ ഇതിനായി രാജ്യങ്ങള്‍ മാറ്റിവയ്ക്കുന്ന തുക 2.4 ട്രില്യണ്‍ ഡോളര്‍ എന്ന എക്കാലത്തേയും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ എത്തിനില്‍ക്കുന്നത്.

സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (സിപ്രി) പുതിയ റിപ്പോര്‍ട്ട് പ്രകാരം, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ഏഷ്യ എന്നിവിടങ്ങളിലെ വലിയ വര്‍ദ്ധനയോടെയാണ് ലോകമെമ്പാടും സൈനിക ചെലവ് കൂടിയിരിക്കുന്നത്. 'ആകെ സൈനിക ചെലവ് എക്കാലത്തെയും ഉയര്‍ന്ന നിലയിലാണ്. 2009ന് ശേഷം ആദ്യമായി അഞ്ച് മേഖലകളിലും ചെലവ് വര്‍ദ്ധിക്കുന്നതായി കാണാന്‍ കഴിയും,' സിപ്രിയിലെ മുതിര്‍ന്ന ഗവേഷകനായ നാന്‍ ടിയാന്‍ വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയോട് പറഞ്ഞു.

അമേരിക്ക, ചൈന, റഷ്യ, ഇന്ത്യ, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് യഥാക്രമം ഏറ്റവും കൂടുതല്‍ പണം ചെലവാക്കിയിരിക്കുന്നത്. യുക്രെയ്നിലെ യുദ്ധത്തിന്റെ തുടര്‍ച്ച യുക്രെയ്ന്‍, റഷ്യ, ഒപ്പം യൂറോപ്യന്‍ രാജ്യങ്ങളുടെ ചെലവ് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായായും അദ്ദേഹം പറഞ്ഞു. യുക്രെയ്‌നിന്റെ സൈനിക ചെലവ് 51 ശതമാനം ഉയര്‍ന്ന് 64.8 ബില്യണ്‍ ഡോളറിലെത്തി. എന്നാല്‍ രാജ്യത്തിന് 35 ബില്യണ്‍ ഡോളര്‍ സൈനിക സഹായവും ലഭിച്ചു, അതില്‍ ഭൂരിഭാഗവും അമേരിക്കയില്‍ നിന്നാണ് ലഭിച്ചത്.

സൈനിക ചെലവില്‍ ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ രാജ്യമായ ഇന്ത്യ, തങ്ങളുടെ ചെലവ് 4.3 ശതമാനം വര്‍ദ്ധിപ്പിച്ച് 83.6 ബില്യണ്‍ ഡോളറാക്കി ഉയര്‍ത്തി. അയല്‍രാജ്യമായ ചൈനയും അവരുടെ സൈനിക ചെലവില്‍ ഗണ്യമായ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. ചൈന തുടര്‍ച്ചയായി 29-ാം വര്‍ഷവും തങ്ങളുടെ രാജ്യത്തിന്റെ സൈനിക ചെലവ് വര്‍ദ്ധിപ്പിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ആറ് ശതമാനം കൂടി വര്‍ദ്ധിപ്പിച്ച് 296 ബില്യണ്‍ ഡോളറാക്കി ഉയര്‍ത്തിയിട്ടുണ്ട്.