ആ മനുഷ്യസ്നേഹിയെ ഓർക്കുമ്പോൾ

Tuesday 23 April 2024 1:03 AM IST

ടി.കെ. രാമകൃഷ്ണൻ വിടവാങ്ങിയിട്ട് പതിനെട്ടു വർഷം പിന്നിടുമ്പോൾ,​ ഓർമ്മകളിൽ ആ 'തീപ്പൊരി' വീണ്ടും

നിയമസഭാ സാമാജികൻ, പ്രതിപക്ഷ നേതാവ്, എൽ.ഡി.എഫ് കൺവീനർ, സാംസ്ക്കാരികം- ആഭ്യന്തരം- സഹകരണം എന്നിവയുൾപ്പെടെ വിവിധ വകുപ്പുകളുടെ മന്ത്രി എന്നീ നിലകളിലെല്ലാം ശ്രേഷ്ഠമുദ്ര പതിപ്പിച്ച കമ്മ്യൂണിസ്റ്ര് നേതാവ് ടി.കെ. രാമകൃഷ്ണൻ വിടവാങ്ങിയിട്ട് ഇക്കഴിഞ്ഞ ‌ഞായറാഴ്ച (ഏപ്രിൽ 21)​ പതിനെട്ടു വർഷങ്ങൾ പിന്നിട്ടു. 1922 ആഗസ്റ്റ് 22-ന് എറണാകുളം ഏരൂരിൽ ജനിച്ച ടി.കെ. രാമകൃഷ്ണന്റെ പഠനം ഏരൂരിലും തൃപ്പൂണിത്തുറ സംസ്കൃത പാഠശാലയിലുമായിരുന്നു. കാവ്യഭൂഷണം, ശാസ്ത്ര ഭൂഷണം എന്നീ ബിരുദങ്ങൾക്കാണ് ചേർന്നതെങ്കിലും,​ ശാസ്ത്ര ഭൂഷണം പൂർത്തിയാക്കുന്നതിനു മുൻപേ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുക്കുന്നതിനായി പഠനം ഉപേക്ഷിച്ച് കോൺഗ്രസിൽ ചേർന്നു.

ഗാന്ധിസത്തിൽ ആകൃഷ്ടനായ ടി.കെ കുറേനാൾ കഴിഞ്ഞ് കമ്മ്യൂണിസ്റ്റ് ചിന്താഗതിയുമായി ഇടപഴകുകയും അതിൽ പ്രവർത്തന നിരതനാകുകയുമാണ് ഉണ്ടായത്. ലളിത ജീവിതവും സൗമ്യമായ പെരുമാറ്റവുംകൊണ്ട് ഏവരെയും ആകർഷിച്ചിരുന്ന അദ്ദേഹം,​ 1947-ൽ സി. കേശവന്റെ നേതൃത്വത്തിൽ നടന്ന,​ സഞ്ചാര സ്വാതന്ത്ര്യത്തിനായുള്ള പാലിയം സമരത്തിലെ സജീവ സാന്നിദ്ധ്യമായിരുന്നു. പലവട്ടം ജയിൽവാസം. 1965-ൽ ജയിലിൽക്കിടന്നുതന്നെ ആയിരുന്നു നിയമസഭയിലേക്കുള്ള തിര‌ഞ്ഞെടുപ്പു മത്സരം.

കുട്ടിക്കാലം മുതൽ സാഹിത്യ,​ സാംസ്കാരിക,​ നാടക രംഗങ്ങളിൽ തത്പരനായിരുന്ന ടി.കെ,​ ത്യാഗദഹനം എന്നൊരു നാടകമെഴുതി സംവിധാനം ചെയ്ത് പലയിടത്തും അവതരിപ്പിച്ചിട്ടുണ്ട്. ഗ്രാമത്തകർച്ച, ആരാധന, അഗതിമന്ദിരം, സഹോദരൻ തുടങ്ങിയ നാടകങ്ങൾക്കു പുറമേ കല്ലിലെ തീപ്പൊരികൾ എന്നൊരു നോവലും ഇദ്ദേഹത്തിന്റേതായുണ്ട്. ദീർഘകാലം സാംസ്കാരിക വകുപ്പ് മന്ത്രിയായിരുന്ന ടി.കെയ്ക്ക് ചെറുപ്പകാലം മുതലുള്ള അനുഭവങ്ങളും ഇടപെടലുകളും തുണയായി. സാമൂഹിക പുരോഗതിക്കായി ആ രംഗം എങ്ങനെ ഉപയുക്തമാക്കണമെന്ന് തികഞ്ഞ ദിശാബോധമുണ്ടായിരുന്ന ടി.കെയുടെ കൈകളിലായിരുന്നപ്പോൾ ആ രംഗത്ത് പുത്തനുണർവ് പ്രകടമായിരുന്നു.

ഒരു സാംസ്കാരിക നയം രൂപീകരിക്കാനും ചലച്ചിത്ര വികസന കോർപ്പറേഷൻ വിപുലപ്പെടുത്തി കോഴിക്കോട്, തൃശ്ശൂർ, ചിറ്റൂർ, പരവൂർ തുടങ്ങിയ സ്ഥലങ്ങളിൽ തിയേറ്ററുകൾ സ്ഥാപിക്കുവാനും ടി.കെയ്ക്കു സാധിച്ചു. ചലച്ചിത്ര അക്കാഡമിക്ക് രൂപം നൽകി. സാംസ്കാരിക കേരളത്തിന് അഭിമാനിക്കാവുന്ന വൈലോപ്പിള്ളി സംസ്കൃതി ഭവൻ ടി.കെയുടെ സംഭാവനയാണ്. തകഴി മ്യൂസിയമാണ് മറ്റൊരു നേട്ടം. തിരൂരിലെ എഴുത്തച്ഛൻ സ്മാരകം,​ മഹാകവി മോയിൻകുട്ടി സ്മാരകം എന്നിവയ്ക്കു പുറമേ,​ തോന്നയ്ക്കലിലെ ആശാൻ സ്മാരകം ദേശീയ ഇൻസ്റ്റിറ്റ്യൂട്ടാക്കി ഉയർത്തി. എക്കാലവും അഭിമാനിക്കാവുന്ന മറ്റൊരു നേട്ടമാണ് സാംസ്കാരിക സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പെൻഷൻ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ്. കൂടെപ്പിറപ്പായ നർമബോധം കലാരസികതയോടു ചേരുമ്പോഴുണ്ടാകുന്ന സൗകുമാര്യം അദ്ദേഹത്തിന്റെ വാക്കുകളിലും പ്രസംഗങ്ങളിലും നിരന്തരം കാണാൻ കഴിഞ്ഞിരുന്നു. 2006 ഏപ്രിൽ 21-ന് ടി.കെ എന്ന വലിയ മനുഷ്യൻ എന്നെന്നേയ്ക്കുമായി വിടവാങ്ങി.

(സർവ വിജ്ഞാനകോശം റിട്ട. സീനിയർ എഡിറ്റർ ആണ് ലേഖിക)​

Advertisement
Advertisement