പൊലീസ് ബലപ്രയോഗം നിറം കെട്ട് പൂരം

Tuesday 23 April 2024 12:29 AM IST

ഏതാനും വർഷങ്ങളായി തൃശൂർ പൂരത്തിന് മുൻപേ തുടങ്ങും പ്രതിസന്ധികൾ. എന്നാൽ ഈയാണ്ടിൽ പൂരദിവസവും പൂരം നിറംകെടുന്ന കാഴ്ചയാണ് കണ്ടത്. പൊലീസ് ഉദ്യോഗസ്ഥരുടെ അനാവശ്യമായ ഇടപെടൽ ഇങ്ങനെയാെരു പൂരത്തിനും കണ്ടിട്ടില്ല. കഴിഞ്ഞ വർഷം ലാത്തിച്ചാർജിൽ തുടങ്ങിയ 'പൊലീസ് രാജ്' ഈയാണ്ടിൽ പൂരം തന്നെ മുടക്കുന്ന നിലയിലേക്ക് എത്തിച്ചു. പൂരത്തിനിടെ സ്വരാജ് റൗണ്ടിൽ ബാരിക്കേഡ് വച്ച് തടഞ്ഞും ജനങ്ങളെ ലാത്തിവീശി ഓടിച്ചും പൊലീസ് അതിരുവിട്ടതോടെ തിരുവമ്പാടി വിഭാഗം രാത്രിപ്പൂരം നിറുത്തകയായിരുന്നു. വെടിക്കെട്ട് നടത്തില്ലെന്ന് മുന്നറിയിപ്പും നൽകി. മന്ത്രിയും കളക്ടറും അടക്കം നടത്തിയ ചർച്ചയ്‌ക്കൊടുവിൽ നാല് മണിക്കൂറോളം വൈകി നേരം വെളുത്തിട്ടാണ് വെടിക്കെട്ട് നടന്നത്. ഇത് ലക്ഷങ്ങൾ ചെലവഴിച്ചുള്ള വെടിക്കെട്ടിന്റെ പ്രഭ കെടുത്തി.

പകൽപ്പൂരവും ഒരു മണിക്കൂറോളം വൈകി. ചരിത്രത്തിലാദ്യമായാണ് ഇതുപോലെ പൂരവും വെടിക്കെട്ടും തടസപ്പെടുന്നതെന്ന് ദേവസ്വം ഭാരവാഹികൾ പറയുന്നു. രാത്രി പതിനൊന്നോടെ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്ത് പൊലീസ് ബാരിക്കേഡ് വച്ച് ആളുകളെയും എഴുന്നള്ളിപ്പും തടഞ്ഞതാണ് പ്രകോപനമായത്. നായ്ക്കനാലിലും ബാരിക്കേഡ് കെട്ടി തടഞ്ഞു. ഇതോടെ പഞ്ചവാദ്യക്കാർ വടക്കുന്നാഥ ക്ഷേത്രനടയ്ക്ക് മുന്നിൽ പിരിഞ്ഞു. ആനകളും ഭൂരിഭാഗം പൂരപ്രേമികളും മടങ്ങി. നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ച് തിരുവമ്പാടി ദേവസ്വം പ്രതിഷേധിച്ചു. ഒരാനപ്പുറത്ത് എഴുന്നള്ളിപ്പ് നടത്തി ചടങ്ങ് പൂർത്തിയാക്കി. കഴിഞ്ഞ വർഷവും തെക്കോട്ടിറക്കത്തിനിടെ ജനക്കൂട്ടത്തിന് നേരെ ലാത്തിവീശിയത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. തെക്കോട്ടിറക്കത്തിനിടയിലും കുടമാറ്റം നടക്കുമ്പോഴുമുണ്ടായ വൻ തിരക്കിലും ലാത്തിച്ചാർജിലും തലനാരിഴയ്ക്കാണ് ദുരന്തമൊഴിവായത്.

കടുംപിടുത്തം

വില്ലനായി

പൊലീസിനെതിരെ ഗോ ബാക്ക് വിളികളുമായി ദേശക്കാരും പൂരപ്രേമികളും ബഹളം വച്ചതോടെ നായ്ക്കനാലിലും നടുവിലാലിലും പൊലീസ് ലാത്തി വീശിയിരുന്നു. തിരുവമ്പാടി ഭഗവതിയുടെ രാത്രിയിലെ എഴുന്നള്ളിപ്പ് പൂർത്തിയാകും മുമ്പേ ആളുകളെ പൂരപ്പറമ്പിൽ നിന്ന് മാറ്റിയതിലും പ്രതിഷേധമുയർന്നു. വെടിക്കെട്ട് കമ്മിറ്റിക്കാരിൽ പലരെയും മൈതാനത്ത് നിൽക്കാൻ സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോക് അനുവദിച്ചില്ലെന്നും പരാതിയുയർന്നിരുന്നു. ദേശക്കാരും കമ്മിഷണറും തമ്മിൽ തർക്കമായതോടെ വെടിക്കെട്ട് നടത്തില്ലെന്ന് ദേവസ്വം തീരുമാനിച്ചു. മന്ത്രി കെ.രാജനും കളക്ടർ വി.ആർ.കൃഷ്ണതേജയും അടക്കമുള്ളവരുമായി നടത്തിയ ചർച്ചയിൽ ഒടുവിൽ സമ്മതം അറിയിക്കുകയായിരുന്നു. എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്.സുനിൽകുമാറും എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിയും തിരുവമ്പാടി ദേവസ്വത്തിലെത്തിയതോടെ സംഭവത്തിന് രാഷ്ട്രീയനിറവുമുണ്ടായി. നിശ്ചയിച്ച സമയമായ പുലർച്ചെ മൂന്നിന് നടത്തേണ്ടതിന് പകരം പാറമേക്കാവിന്റെ വെടിക്കെട്ട് 7.10നും തിരുവമ്പാടിയുടേത് 7.45നുമായിരുന്നു നടത്തിയത്.

നടപടി?

തൃശൂർ പൂരം നടത്തിപ്പിലെ പാളിച്ചകളിൽ തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകനെതിരെ വകുപ്പുതല അന്വേഷണത്തിന് പിന്നാലെ നടപടിയുമുണ്ടാകും. ഇതിനായി തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ അനുമതി തേടിയേക്കുമെന്നാണ് വിവരം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നീങ്ങിയാൽ കമ്മിഷണർക്കെതിരെ സ്ഥലംമാറ്റം അടക്കമുള്ള നടപടിയുണ്ടാകുമെന്നും ഉറപ്പായി.

കമ്മിഷണറുടെ ഇടപെടൽ അന്വേഷിക്കണമെന്നായിരുന്നു സി.പി.എം നിലപാട്. പൊലീസിൻ്റെ അനാവശ്യ ഇടപെടൽ വഷളാക്കിയെന്ന് എല്‍.ഡി.എഫ് തൃശൂർ ജില്ലാ നേതൃത്വവും വിലയിരുത്തിയിരുന്നു. വെടിക്കെട്ട് വൈകിയതിൻ്റെ ഉത്തരവാദിത്വം കമ്മിഷണർക്കാണെന്ന് ദേവസ്വങ്ങളും ആക്ഷേപം ഉന്നയിച്ചിരുന്നു. സംഭവം ഗൗരവമായെടുത്തിട്ടുണ്ടെന്നും ദേവസ്വങ്ങളുടെ പരാതിയിൽ അന്വേഷിക്കാൻ ഡി.ജി.പി.യെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരവാദപ്പെട്ട മറ്റ് ഉദ്യോഗസ്ഥർ ആവശ്യമായ വിവരങ്ങൾ കമ്മിഷണറെ ധരിപ്പിക്കാത്തതും പ്രശ്നത്തിന് കാരണമായെന്ന് പൊലീസുകാർ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. കമ്മിഷണറുടെ കർക്കശ നിലപാട് കാരണം പൂരത്തിന് ഏറെ വിയർപ്പൊഴുക്കിയ പൊലീസുകാരും പഴി കേൾക്കുകയാണെന്ന പരാതിയും ഇവർ ഉയർത്തുന്നു. പൊലീസിൻ്റെ സമൂഹമാദ്ധ്യമ പേജിലും വിമർശനമുണ്ട്. കഴിഞ്ഞ വർഷത്തെ പൂരത്തിനിടെ ലാത്തിച്ചാർജ് നടത്തിയതിനെ തുടർന്നും കമ്മിഷണർ പ്രതിക്കൂട്ടിലായിരുന്നു. കമ്മിഷണറുടെ നടപടിയിൽ ജില്ലയിലെ മന്ത്രിമാരും കളക്ടറും അതൃപ്തി അറിയിച്ചുവെന്നാണ് വിവരം. തിരഞ്ഞെടുപ്പ് കാലമല്ലായിരുന്നെങ്കിൽ പൂരദിവസം തന്നെ നടപടിയുണ്ടാകുമായിരുന്നുവെന്നാണ് മുതിർന്ന നേതാക്കൾ പറയുന്നത്.

ഗുരുതര വീഴ്ച

തൃശൂർ പൂരം പൊലീസ് തന്നെ തകർത്തതെന്ന തരത്തിലാണ് പൊലീസിൻ്റെ തന്നെ റിപ്പോർട്ട്‌. കമ്മിഷണർ അടക്കമുളളവരിൽ നിന്നുണ്ടായത് ഗുരുതര വീഴ്ചയെന്ന് വ്യക്തമാക്കി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി. കമ്മിഷണർ ഏകപക്ഷീയമായ തീരുമാനങ്ങളെടുത്തുവെന്നും പരിചയമ്പന്നരായവരുടെ അഭിപ്രായങ്ങൾ ചോദിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്. പൂരം നടത്തിപ്പിനെക്കുറിച്ച് കമ്മിഷണർക്ക് കൃത്യമായ അറിവില്ലായ്മ, അനാവശ്യനിയന്ത്രണം, ഉദ്യോഗസ്ഥരുമായുള്ള നിസ്സഹകരണം, നടപടികളിലെ കടുംപിടുത്തം, ദേവസ്വം ഭാരവാഹികളോടും നാട്ടുകാരാേടുമുള്ള ധിക്കാരപരമായ പ്രതികരണം, പരിചയസമ്പന്നരായ മേലുദ്യോഗസ്ഥരുടെ കുറവ് എന്നിവയെല്ലാം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയുണ്ടെന്നാണ് വിവരം.

പൊലീസ് അക്കാഡമി, എ.ആർ ക്യാമ്പ് എന്നിവിടങ്ങളിൽ നിന്നും മറ്റും ജില്ലകളിൽ നിന്നുമായി 3500 ഓളം പൊലീസുകാരാണ് പൂരം ഡ്യൂട്ടിക്കായെത്തിയത്. എന്നിട്ടും പൂരം നടത്തിപ്പ് അലങ്കോലമായതിലും പ്രതിഷേധമുയർന്നിരുന്നു. ഡിവൈ.എസ്.പിക്ക് കീഴിൽ സോണുകളാക്കി തിരിച്ചാണ് ഇവർക്ക് ഡ്യൂട്ടി നൽകുക. ഇതിനായി ഐ.ജിയുടെ നിയന്ത്രണത്തിൽ എസ്.പിമാരും, ഡി.വൈ.എസ്.പി, സി.ഐ റാങ്കിലുള്ളവർ വരെയുള്ളവർക്കും, മറ്റ് സേനാംഗങ്ങൾക്കുമായി ഡ്യൂട്ടി സംബന്ധിച്ച് വിശദീകരണ യോഗങ്ങൾ ചേരാറുണ്ട്. പൂരത്തിന് തലേ ദിവസം നഗരത്തിലെത്തുന്ന പൊലീസുകാർക്ക് ടൗൺഹാളിലോ, സായുധസേനാ ക്യാമ്പസിലോ ആണ് സാധാരണയായി യോഗം നടക്കാറുള്ളത്. എന്നാൽ ഇതൊന്നും നടന്നില്ലെന്ന ആരോപണവും ശക്തമാണ്.

ഒന്നുമറിയാത്ത

പൊലീസ്

ഘടകപൂരങ്ങളുടെയും പ്രധാന പൂരത്തിൻ്റെയും തനിയാവർത്തനം രാത്രിയിലും ഉണ്ടെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നവർക്ക് അറിയില്ലായിരുന്നുവെന്നും ഇതാണ് തിരുവമ്പാടിയുടെ എഴുന്നെള്ളിപ്പ് എത്തുന്നതിന് മുമ്പ് ബാരിക്കേഡ‍ുകൾ കെട്ടി വഴി അടക്കാനിടയാക്കിയതെന്ന് ആക്ഷേപം. പൂരവുമായി ബന്ധപ്പെട്ട് മന്ത്രിമാരടക്കം പങ്കെടുക്കുന്ന വിവിധ തലത്തിലുള്ള യോഗങ്ങൾ ചേരാറുണ്ട്. തൊട്ടുപിന്നാലെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പൊലീസും പ്രത്യേകം യോഗം നടത്തും. എന്നാൽ, ഇത്തവണ പൊലീസിലെ മേലുദ്യോഗസ്ഥർക്ക് മാത്രമായിരുന്നു ഡ്യൂട്ടി ബ്രീഫിംഗ് എന്ന വിശദീകരണയോഗം നടന്നത്. മറ്റുളളവർക്ക് എവിടെയാണ് ഡ്യൂട്ടിയെന്ന് പോലും അറിയില്ലായിരുന്നു. ഭൂരിഭാഗം പേരും ഡ്യൂട്ടിബുക്ക് പോലും ഒപ്പിട്ട് വാങ്ങിയിട്ടില്ലെന്നും വിവരമുണ്ട്. വനിതാ ഉദ്യോഗസ്ഥരടക്കമുള്ളവരാണ് ഇതോടെ വലഞ്ഞത്.

മറ്റു ജില്ലകളിൽ നിന്നെത്തിയ പൊലീസുകാരെ അടക്കം പൂരം എങ്ങനെ നടക്കുമെന്ന് കൃത്യമായി ധരിപ്പിക്കാറുണ്ട്. ചടങ്ങുകളും സമയക്രമങ്ങളും അറിയിക്കാറുമുണ്ട്. ഇതനുസരിച്ചാണ് ഡ്യൂട്ടി ക്രമീകരിക്കുക. ഇതൊന്നും നടക്കാതിരുന്നതാണ് തിരുവമ്പാടി പൂരം നിറുത്തിവയ്ക്കുന്നതിലേക്ക് വഴിതെളിച്ചതെന്നാണ് വിവരം.

Advertisement
Advertisement