മുസ്ലിം പെൺകുട്ടികളുടെ ജീവിതം ബി.ജെ.പി സുരക്ഷിതമാക്കി:മോദി

Tuesday 23 April 2024 4:36 AM IST

ന്യൂഡൽഹി: കോൺഗ്രസ് അടക്കം പ്രതിപക്ഷ പാർട്ടികളുടെ ലക്ഷ്യം രാഷ്‌ട്രീയ പ്രീണനമാണെന്നും മുത്തലാഖിനെതിരെ നിയമം കൊണ്ടുവന്ന് മുസ്ലിം സ്‌ത്രീകളുടെ ജീവിതം സുരക്ഷിതമാക്കിയതും ഹജ്ജ് ക്വാേട്ട വർദ്ധിപ്പിച്ചതും ബി.ജെ.പിയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാനിലെ മുസ്ലിം വിരുദ്ധ പ്രസംഗം വിവാദമായതിന് പിന്നാലെയാണ് യു.പിയിലെ അലിഗഢിൽ സമുദായത്തിനായി ചെയ്‌ത സേവനങ്ങൾ നരേന്ദ്രമോദി എണ്ണിപ്പറഞ്ഞത്.

ജാതി സർവെ നടത്തുമെന്ന കോൺഗ്രസ് പ്രകടന പത്രികയിലെ വാഗ്‌ദാനത്തെ വിമർശിച്ചാണ് രാജസ്ഥാനിൽ മുസ്ലിം വിരുദ്ധ പ്രസ്‌താവന നടത്തിയത്. ചില വിഭാഗങ്ങളെ പ്രീണിപ്പിക്കാനാണ് കോൺഗ്രസ് അടക്കം പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മറ്റുള്ളവരുടെ സ്വത്തുക്കൾ കണ്ടെടുത്ത് മുസ്ലിങ്ങൾക്ക് നൽകുമെന്നും അദ്ദേഹം ആരോപിച്ചിരുന്നു. കോൺഗ്രസ് അധികാരത്തിൽ വന്നാൽ സ്വത്തുക്കൾ കണ്ടെടുക്കുമെന്ന ആരോപണം അലിഗഢിൽ പ്രധാനമന്ത്രി ആവർത്തിച്ചെങ്കിലും മുസ്ലിം പരാമർശം ഒഴിവാക്കി.

കോൺഗ്രസ്, സമാജ്‌‌വാദി പാർട്ടികൾ എല്ലായ്‌പ്പോഴും പ്രീണന രാഷ്ട്രീയം നടത്തുന്നുവെന്നും മുസ്ലിങ്ങളുടെ രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനായി ഒന്നും ചെയ്തിട്ടില്ലെന്നും കുറ്റപ്പെടുത്തി.

നേരത്തെ മുസ്ലിം സ്‌ത്രീകൾക്ക് 'മെഹ്‌റം'(തുണ) ഇല്ലാതെ ഒറ്റയ്‌ക്ക് ഹജ്ജ് യാത്ര പറ്റില്ലായിരുന്നു. ബി.ജെ.പി സർക്കാർ മെഹ്‌റം ഇല്ലാത്ത യാത്രയ്‌ക്ക് അനുമതി നൽകി. ഹജ്ജ് ക്വോട്ട കുറവായതിനാൽ, സ്വാധീനമുള്ളവർക്കേ പോകാൻ കഴിഞ്ഞിരുന്നുള്ളൂ. കൈക്കൂലി നൽകണമായിരുന്നു. ബി.ജെ.പി സർക്കാർ സൗദി കിരീടാവകാശിയോട് അഭ്യർത്ഥിച്ച് ഇന്ത്യയുടെ ഹജ്ജ് ക്വാട്ട വർദ്ധിപ്പിച്ചു. വിസ ചട്ടങ്ങളും ഇളവു ചെയ്‌തു.

കോൺഗ്രസിന്റെയും 'ഇന്ത്യ' കൂട്ടായ്‌മയുടെയും കണ്ണ് ജനങ്ങളുടെ സമ്പാദ്യത്തിലും സ്വത്തുക്കളിലുമാണ്. പല രാജ്യങ്ങളെയും നശിപ്പിച്ച മാവോയിസ്റ്റ്-കമ്മ്യൂണിസ്റ്റ് ചിന്താഗതി ഇന്ത്യയിൽ നടപ്പാക്കാനാണ് നീക്കമെന്നും കുറ്റപ്പെടുത്തി.