ദൃശ്യം മോഡൽ കൊലപാതകത്തിൽ ഞെട്ടി പൂങ്കാവ് ഗ്രാമം

Tuesday 23 April 2024 1:13 AM IST

ആലപ്പുഴ: ''അവൾ പോയി... രക്ഷിക്കണം. എനിക്കൊരു കൈബദ്ധം പറ്റി. ദൃശ്യം, ദൃശ്യം...'' സഹോദരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മറവ് ചെയ്ത് ദിവസങ്ങൾക്ക് ശേഷം പൂങ്കാവ് വടക്കൻ പറമ്പിൽ വീട്ടിൽ ബെന്നി (55) രഹസ്യം വെളിപ്പെടുത്തിയത് ഇങ്ങനെ. ഇന്നലെ രാവിലെ സഹോദര പുത്രി സുജ അനിക്ക് മുന്നിലായിരുന്നു അത്. ദൃശ്യമെന്ന് രണ്ട് തവണ ആവർത്തിച്ചപ്പോഴും സിനിമയെ വെല്ലുന്ന രംഗത്തിന് ജീവിതത്തിൽ സാക്ഷിയാകേണ്ടിവരുമെന്ന് സുജ കരുതിയില്ല. ബെന്നിയുടെ വെളിപ്പെടുത്തൽ കേട്ട് ആദ്യം സുജയും തുടർന്ന് നാടും ഞെട്ടി.

സ്നേഹത്തോടെ കഴിഞ്ഞിരുന്ന സഹോദരങ്ങൾക്കിടയിൽ കൊലപാതകത്തിൽ കലാശിക്കത്തക്ക കാരണമുള്ളതായി നാട്ടുകാർക്ക് അറിയില്ല.

കൊലപാതകം 17ന്?

മുപ്പത്തിയഞ്ച് വർഷം മുമ്പ് കാവാലം സ്വദേശിയായ ഭർത്താവ് ജോണി ഉപേക്ഷിച്ചു പോയതോടെ റോസമ്മ വീട്ടുജോലികൾ ചെയ്താണ് മക്കളെ വളർത്തിയത്. വരുമാനത്തിൽ നല്ലൊരും പങ്കും ബാങ്കിൽ നിക്ഷേപിച്ചു. കുറച്ചുനാളുകളായി ജോലിക്ക് പോകാതിരുന്നപ്പോഴും ഈ തുക ഉപയോഗിച്ചാണ് സ്വന്തം കാര്യങ്ങൾ നടത്തിയിരുന്നത്. വടക്കൻപറമ്പിൽ കുടുംബവീട്ടിൽ ബെന്നിയും ഇളയ മകനുമാണ് താമസം. അതേ പുരയിടത്തിൽ വീതമായി ലഭിച്ച മൂന്ന് സെന്റ് സ്ഥലത്താണ് റോസമ്മയും ഇളയ മകൻ ജോമോനും കുടുംബവും കഴിയുന്നത്. ബെന്നിയുടെ വീട്ടിലെത്തി ആഹാരം പാകം ചെയ്താണ് റോസമ്മ കഴിച്ചിരുന്നത്. 17ന് വൈകിട്ടും റോസമ്മയെ മകനും ഭാര്യയും കണ്ടിരുന്നു. 18ന് എറണാകുളത്ത് ആശുപത്രിയിൽ പോയി മടങ്ങിയെത്തിയ ശേഷം അമ്മയെ കണ്ടിട്ടില്ലെന്ന് മകൻ ജോമോൻ പൊലീസിന് മൊഴി നൽകി.

പ്രകോപനം പുനർവിവാഹം

അറുപതാം വയസിൽ പുനർവിവാഹിതയാകാനുള്ള റോസമ്മയുടെ തീരുമാനമാണ് സഹോദരനായ ബെന്നിയെ പ്രകോപിപ്പിച്ചതെന്ന് കരുതുന്നു. മക്കളുമായി സ്വരചേർച്ചയില്ലാതിനാൽ റോസമ്മ പുനർവിവാഹത്തിന് സ്വയം തയാറെടുക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഭാര്യയുമായി അകന്ന് കഴിയുന്ന ചമ്പക്കുളം സ്വദേശിയുടെ ആലോചന ബ്രോക്കർ മുഖാന്തരമാണ് വന്നത്. ക്രിസ്‌ത്യാനികളാണെങ്കിലും മേയ് ഒന്നിന് വളവനാടുള്ള ക്ഷേത്രത്തിൽവച്ച് തുളസിമാലയണിഞ്ഞ് വിവാഹിതരാകാനാണ് ഇരുവരും തീരുമാനിച്ചിരുന്നതെന്ന് റോസമ്മയുടെ സുഹൃത്ത് എലിസബത്ത് പറഞ്ഞു. വിവാഹത്തിനുള്ള താലിയും മോതിരവും സഹോദരപുത്രിയായ സുജയെ റോസമ്മ കാണിച്ചിരുന്നു. ബെന്നിയുടെ ഭാര്യ ജോമ പത്ത് വർഷം മുമ്പ് ക്യാൻസർ ബാധിച്ചാണ് മരിച്ചത്. മേസ്തിരി പണിക്കാരനായ ബെന്നിയെ റോസമ്മ സാമ്പത്തികമായി സഹായിച്ചിരുന്നു.

വഴിത്തിരിവായി എലിസബത്ത്

തുമ്പോളി സ്വദേശിനി എലിസബത്തിന്റെ വീട്ടിൽ 2013 മുതൽ മൂന്ന് വർഷത്തോളം റോസമ്മ ജോലി ചെയ്തിരുന്നു. അന്ന് തുടങ്ങിയ സൗഹൃദം ഇരുവരും നിലനിർത്തിപോന്നു. സ്ഥിരമായി ഫോൺ ചെയ്യുകയും വിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുമായിരുന്നു. എന്നാൽ,​ ദിവസങ്ങളായി റോസമ്മയെ വിളിച്ചിട്ട് ഫോണിൽ കിട്ടാത്തതിനെത്തുടർന്നാണ് ഞായറാഴ്ച്ച പള്ളിയിൽ പോയി മടങ്ങുന്ന വഴി എലിസബത്ത് റോസമ്മയെ അന്വേഷിച്ച് ബെന്നിയുടെ വീട്ടിലെത്തിയത്. അങ്കമാലിയിൽ വീട്ടുജോലിക്ക് പോയതാകാമെന്നതായിരുന്നു ബെന്നിയുടെ മറുപടി. തുടർന്നാണ് എലിസബത്ത് റോസമ്മയുടെ സഹോദരപുത്രി സുജയുമായി ഫോണിൽ ബന്ധപ്പെട്ട് സംശയം പറഞ്ഞത്.

വിവാഹമെന്ന് കരുതി,​

അറിഞ്ഞത് കൊലപാതകം

'അവൾ പോയി... 'എന്ന ബെന്നിയുടെ വെളിപ്പെടുത്തലിന്റെ ആദ്യ ഭാഗംകേട്ട് വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് റോസമ്മ വിവാഹിതയായി എന്നാണ് സുജ ആദ്യം കരുതിയത്. എന്നാൽ തുടർന്ന് രണ്ട് തവണ 'ദൃശ്യം' എന്ന് ആവർത്തിക്കുകയും തനിക്ക് കൈയ്യബദ്ധം പറ്റിയെന്ന് പറയുകയും ചെയ്തതോടെ സുജയാണ് പൊലീസിൽ വിവരം അറിയിച്ചത്.

കൊലപാതകം അറിഞ്ഞതോടെ വലിയ ജനസഞ്ചയമാണ് പൂങ്കാവ് പ്രദേശത്ത് തടിച്ചു കൂടിയത്. ബെന്നിയുടെ വീടിന്റെ അടുക്കളയിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്ന ഭാഗത്ത് ഭിത്തിയോട് ചേർന്നാണ് കുഴിയെടുത്തിരുന്നത്. മൃതദേഹത്തോടൊപ്പം നിരവധി തുണികളും ഇട്ടിരുന്നു. മാനസിക സമ്മർദ്ദം താങ്ങാനാവാതെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു എന്നാണ് സൂചന.

Advertisement
Advertisement