കൊച്ചുമകളെ പീഡിപ്പിച്ച 72 കാരന് 20 വർഷം കഠിനതടവും 4ലക്ഷം രൂപ പിഴയും

Tuesday 23 April 2024 1:51 AM IST

ആറ്റിങ്ങൽ: കൊച്ചുമകളെ പീഡിപ്പിച്ച 72 വയസുകാരന് 20 വർഷം കഠിന തടവും 4ലക്ഷം രൂപ പിഴയും വിധിച്ച് ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. മകളുടെ മകളെ പീഡിപ്പിച്ച കേസിൽ മംഗലപുരം സ്വദേശി സത്യശീലനെയാണ് (72) കോടതി ശിക്ഷിച്ചത്.2019 നവംബറിലായിരുന്നു സംഭവം.മകളുടെ വീട്ടിൽ ഇടയ്ക്ക് താമസത്തിന് എത്തുമ്പോഴായിരുന്നു പീഡനം. ഭയന്ന പെൺകുട്ടി വിവരം ആരോടും പറഞ്ഞില്ല.അപ്പൂപ്പനുള്ളപ്പോൾ സ്ഥിരമായി വീട്ടിൽ പറയാതെ കൂട്ടുകാരിയുടെ വീട്ടിൽ പോകുന്നതിൽ സംശയം തോന്നിയ പെൺകുട്ടിയെ മാതാവ് കൗൺസിലിംഗിന് ഹാജരാക്കി.തുടർന്നാണ് സംഭവം പുറത്തറിയുന്നത്.പിന്നീട് കുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി.

പൂജപ്പുര പൊലീസാണ് കേസ് ആദ്യം രജിസ്റ്റർ ചെയ്തെങ്കിലും സംഭവസ്ഥലം മംഗലപുരം പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ എഫ്.ഐ.ആർ ഈ സ്റ്റേഷനിലാണ് രജിസ്റ്റർ ചെയ്ത്.ആറ്റിങ്ങൽ ഫാസ്റ്റ് സ്പെഷ്യൽ കോടതി ജഡ്ജി ബിജുകുമാർ സി.ആർ ആണ് ശിക്ഷ വിധിച്ചത്.പിഴത്തുകയിൽ മൂന്നര ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണമെന്നും ഉത്തരവുണ്ട്. പിഴത്തുക കെട്ടിവച്ചില്ലെങ്കിൽ പ്രതി 8 മാസം അധിമായി കഠിനതടവ് അനുഭവിക്കണം. ലീഗൽ സർവീസ് അതോറിട്ടി മുഖേന അതിജീവിതയ്ക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നും കോടതി നിർദ്ദേശിച്ചു.പ്രോസിക്യൂഷൻ 14 സാക്ഷികളെ വിസ്തരിക്കുകയും,18 രേഖകൾ ഹാജരാക്കുകയും ചെയ്തു. മംഗലപുരം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന സജീഷ് എച്ച്.എല്ലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം.മുഹ്സിൻ ഹാജരായി.

Advertisement
Advertisement