കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ: തെളിഞ്ഞത് 37 കളവ് കേസുകൾ
ചേർപ്പ്: കേരളത്തിലുടനീളം എഴുപതോളം മോഷണക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് കൊട്ടാക്കര മേലില സ്വദേശി ഷെഫീഖ് മൻസിൽ റഫീഖ് എന്ന സതീഷിനെ (42) തൃശൂർ റൂറൽ എസ്.പി നവനീത് ശർമ്മയുടെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ നവംബർ 18ന് ചേർപ്പ് സി.എൻ.എൻ സ്‌കൂൾ കുത്തിത്തുറന്ന് ഒരു ലക്ഷത്തി അമ്പതിനായിരം രൂപയും സി.സി.ടി.വി ഉപകരണങ്ങളും മോഷ്ടിച്ച കേസിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റഫീഖ് അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ നവംബർ മാസം മുതൽ മുപ്പത്തിയേഴോളം മോഷണങ്ങൾ ചെയ്തതായി ഇയാൾ സമ്മതിച്ചു. ഇടക്കി ഉപ്പുതറ, മണ്ണഞ്ചേരി, ഇരിങ്ങാലക്കുട, ചേർപ്പ്, അന്തിക്കാട്, നെടുപുഴ, പൊന്നാനി, കാടാമ്പുഴ, കുറ്റിപ്പുറം, കുന്നംകുളം സ്റ്റേഷൻ പരിധിയിലെ മോഷണങ്ങളാണ് ഇയാൾ സമ്മതിച്ചത്. ഇനിയും മോഷണങ്ങൾ ചെയ്തിട്ടുള്ളതായി സംശയമുണ്ട്. ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുക്കുമെന്നും ഡിവൈ.എസ്.പി അറിയിച്ചു. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി എം.സി. കുഞ്ഞിമോയിൻകുട്ടി, ഇൻസ്‌പെക്ടർ വി.എസ്. വിനീഷ്, എസ്.ഐ: എസ്. ശ്രീലാൽ, ടി.എ. റാഫേൽ, സീനിയർ സി.പി.ഒ മാരായ പി.എ. സരസപ്പൻ, ഇ.എസ്. ജീവൻ, സി.പി.ഒമാരായ കെ.എസ്. ഉമേഷ്, കെ. സുനിൽകുമാർ, എം.യു. ഫൈസൽ ചാലക്കുടി സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ സതീശൻ മടപ്പാട്ടിൽ, സീനിയർ സി.പി.ഒമാരായ എം.ജെ. ബിനു, ഷിജോ തോമസ്, സൈബർ സെൽ സി.പി.ഒ കെ.വി. പ്രജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.