ഒളിവിലായിരുന്ന കാപ്പാക്കേസ് പ്രതി പിടിയിൽ

Tuesday 23 April 2024 1:56 AM IST

തിരുവല്ല : വധശ്രമം അടക്കം ഒട്ടനവധി ക്രിമിനൽ കേസുകൾ പ്രതിയായ ഗുണ്ടാ നേതാവ് നെടുമ്പ്രം കല്ലുങ്കൽ കാരാത്ര കോളനിയിൽ കണ്ണാറച്ചിറ വീട്ടിൽ വിഷ്ണു ഉല്ലാസ് (26) പൊലീസിന്റെ പിടിയിലായി. ഇക്കഴിഞ്ഞ മാർച്ച് 10ന് വാർഡ് മെമ്പർ പ്രീതിമോളുടെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചശേഷം ആക്രമിച്ച കേസിൽ കാപ്പ ചുമത്തിയതിനെ തുടർന്ന് ഒളിവിൽ പോയ വിഷ്ണുവിനെ ചങ്ങനാശ്ശേരിയിലെ ഒളിത്താവളത്തിൽ നിന്ന് ശനിയാഴ്ച പുലർച്ചെ ഡിവൈ.എസ്.പി എസ്.ആഷാദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അതിവിദഗ്ദ്ധമായി പിടികൂടുകയായിരുന്നു. പൊലീസ് സംഘം ഒളിത്താവളം വളഞ്ഞതറിഞ്ഞ് ഓടിരക്ഷപ്പെടാൻ ശ്രമിച്ച വിഷ്ണുവിനെ ഒരു കിലോമീറ്ററോളം പിന്തുടർന്നാണ് കീഴ്‌പ്പെടുത്തിയത്. ഒന്നരവർഷം മുമ്പ് പുളിക്കീഴ് പൊലീസ് രജിസ്റ്റർ ചെയ്ത വധശ്രമ കേസിൽ മാവേലിക്കര സബ് ജയിലിൽ റിമാൻഡിൽ കഴിയവേ ജയിൽ അധികൃതരുടെ കണ്ണുവെട്ടിച്ച് വിഷ്ണു ജയിൽ ചാടിയിരുന്നു. തുടർന്ന് രണ്ടാംദിനമാണ് ഇയാളെ പിടികൂടി വീണ്ടും ജയിലിൽ അടച്ചത്. വിഷ്ണുവിനെതിരെ തിരുവല്ല, പുളിക്കീഴ് സ്റ്റേഷനുകളിൽ മാത്രം പത്തോളം കേസുകൾ നിലവിലുള്ളതായി പൊലീസ് പറഞ്ഞു. ബൈക്കിലെത്തി മാലപൊട്ടിക്കൽ, കഞ്ചാവ് വിൽപ്പന എന്നിവ സംബന്ധിച്ച കുറ്റകൃത്യങ്ങളിലും വിഷ്ണു ഏർപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. പ്രത്യേക സംഘാംഗങ്ങളായ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അഖിലേഷ് , മനോജ്, സി.പി.ഒ അഭിലാഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിയെ കാപ്പ ചുമത്തി നാടുകടത്തുന്നത് അടക്കമുള്ള മേൽനടപടികൾ സ്വീകരിക്കുമെന്ന് ഡിവൈ.എസ്.പി പറഞ്ഞു.

Advertisement
Advertisement