 തിര. ആദ്യ രണ്ടുഘട്ടം സ്ഥാനാർത്ഥികളിൽ 501പേർ ക്രിമിനൽ കേസ് പ്രതികൾ

Tuesday 23 April 2024 12:25 AM IST

 സുപ്രീംകോടതിയിൽ സത്യവാങ്മൂലം

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യത്തെ രണ്ട് ഘട്ടങ്ങളിലെ 2810 സ്ഥാനാർത്ഥികളിൽ 501 പേർ ക്രിമിനൽക്കേസ് പ്രതികളാണ്. അതിൽ 327 പേർ ഗുരുതരമായ കൃത്യങ്ങൾ ചെയ്തുവെന്ന് ആരോപണം നേരിടുന്നവരും. സുപ്രീംകോ‌ടതിയിൽ അമിക്കസ് ക്യൂറിയുടെ സത്യവാങ്മൂലത്തിലാണ് ഈ വിവരം.

എം.പിമാരും എം.എൽ.എമാരും പ്രതികളായ 2000ത്തിൽപ്പരം ക്രിമിനൽ കേസുകൾ 2023ൽ രാജ്യത്തൊട്ടാകെ തീർപ്പാക്കിയെന്നും മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിയ കോടതിയെ അറിയിച്ചു. പ്രത്യേക കോടതികളിലെ കേസുകൾ വേഗത്തിൽ തീർപ്പാക്കണമെന്ന പൊതുതാത്പ്പര്യ ഹർജിയിലാണ് കണക്കുകൾ അവതരിപ്പിച്ചത്.

ഈ സാഹചര്യത്തിൽ, ജനപ്രതിനിധികൾക്കെതിരെയുളള കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതികളിലെ വിചാരണ വേഗത്തിലാക്കാൻ സുപ്രീംകോടതി നിർദ്ദേശിക്കണമെന്നും അമിക്കസ് ക്യൂറി ആവശ്യപ്പെട്ടു. കേസുകൾ തീർപ്പാക്കുന്നതിൽ അതത് സംസ്ഥാനങ്ങളിലെ ഹൈക്കോടതികൾക്കും നിർദ്ദേശം നൽകണം.

Advertisement
Advertisement