ബില്ലിൽ അടയിരിക്കൽ: ബംഗാൾ ഗവർണർക്ക് സുപ്രീംകോടതി നോട്ടീസ്

Tuesday 23 April 2024 12:38 AM IST

ന്യൂഡൽഹി : നിയമസഭ പാസാക്കി അയച്ച ബില്ലിൽ തീരുമാനമെടുക്കാതെ പശ്ചിമബംഗാൾ ഗവർണർ അടയിരിക്കുന്നെന്ന ഹർജിയിൽ നോട്ടീസ് അയയ്ക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി. നാലാഴ്ച്ചയ്ക്കകം മറുപടി സമർപ്പിക്കണം. സായൻ മുഖർജി എന്നയാൾ സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ നടപടി.

2022 ജൂണിൽ നിയമസഭ പാസാക്കിയ സർവകലാശാല ഭേദഗതി ബിൽ ഗവർണർ ഡോ. സി.വി. ആനന്ദബോസിന്റെ അംഗീകാരത്തിനായി അയച്ചുകൊടുത്തിരുന്നു. സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്ന് ഗവർണറെ നീക്കി മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിക്കൊണ്ടായിരുന്നു ബിൽ. എന്നാൽ ബില്ലിൽ ഗവർണർ തീരുമാനമെടുക്കുന്നില്ല. ഇക്കാര്യത്തിലാണ് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിലപാട് സുപ്രീംകോടതി തേടിയിരിക്കുന്നത്. കേന്ദ്രസർക്കാരിനും നോട്ടീസ് അയയ്ക്കും.