ജലോറിൽ സ്വന്തം മേൽവിലാസമുറപ്പിക്കാൻ വൈഭവ് ഗെലോട്ട്

Tuesday 23 April 2024 12:40 AM IST

ന്യൂഡൽഹി: സച്ചിൻ പൈലറ്റുമായുള്ള ഭിന്നതയെക്കുറിച്ച് പറയുമ്പോൾ യുവനേതാക്കൾ കഠിന്വാദ്ധ്വാനത്തിലൂടെ വളർന്നു വരണമെന്നാണ് മുൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അഭിപ്രായം. പിതാവിന്റെ ഈ നിലപാടിലുറച്ച് സ്വന്തം രാഷ്ട്രീയ മേൽവിലാസമുണ്ടാക്കാനാണ് മകൻ വൈഭവ് ഗെലോട്ട് ഇക്കുറി ജലോറിൽ മത്സരിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിലെ ജലോറിൽ വൈഭവവിന് ഇത് രണ്ടാം പരീക്ഷണമാണ്. 2019ലെ ആദ്യ പരീക്ഷണത്തിൽ ജോധ്പൂരിൽ ബി.ജെ.പിയുടെ ഗജേന്ദ്ര സിംഗ് ഷെഖാവത്തിനോട് പരാജയപ്പെട്ടതിന്റെ അനുഭവങ്ങളുമായാണ് രണ്ടാം വരവ്.

1977ൽ ആദ്യ ശ്രമത്തിൽ സർദാർപുര അസംബ്ളി മണ്ഡലത്തിൽ പരാജയപ്പെട്ട ശേഷം ശക്തമായി തിരിച്ചു വന്ന് മൂന്നു തവണ മുഖ്യമന്ത്രിയായ പിതാവ് വഴികാട്ടിയാണ്.

സംസ്ഥാനത്തിന്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ജലോർ ബി.ജെ.പി ആധിപത്യം തെളിയിക്കപ്പെട്ട മണ്ഡലങ്ങളിലൊന്നാണ്. 2004ൽ അന്തരിച്ച ബി.ജെ.പി നേതാവ് ബംഗാരു ലക്ഷ്‌മണിന്റെ പത്‌നി സുശീല ബംഗാരു ലക്ഷ്‌മണിലൂടെ പിടിച്ചെടുത്ത മണ്ഡലം 2009 മുതലിങ്ങോട്ട് ദേവ്‌ജി പട്ടേലിലൂടെ നിലനിർത്തി. 2019ൽ ദേവ്‌ജി പട്ടേൽ 2,61,110 വോട്ടുകൾക്കാണ് കോൺഗ്രസിന്റെ രതൻ ദേവസിയെ തോൽപ്പിച്ചത്. കൈലാഷ് മേഘ്‌വാളാണ് മണ്ഡലത്തിലെ ആദ്യ ബി.ജെ.പി എംപി(1989). മുൻ കേന്ദ്രമന്ത്രി ഭൂട്ടാ സിംഗ് അടക്കം നേതാക്കളിലൂടെ കോൺഗ്രസ് ജയിച്ച മണ്ഡലമായിരുന്നു.

സിറ്റിംഗ് എംപി ദേവ്‌ജി പട്ടേലിന് മകരം ലുംബറാം ചൗധരിയാണ് ഇക്കുറി ബി.ജെ.പി ടിക്കറ്റിൽ വൈഭവിനെതിരെ മത്സരിക്കുന്നത്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി ദേവ്‌ജി പട്ടേൽ രാജിവച്ചെങ്കിലും സഞ്ചോർ അസംബ്ലി മണ്ഡലത്തിൽ തോറ്റിരുന്നു. ഇതോടെയാണ് ബി.ജെ.പി മണ്ഡലത്തിലെ ചിരപരിചിതനായ ലുംബറാമിനെ സ്ഥാനാർത്ഥിയാക്കിയത്.

സിരോഹി പഞ്ചായത്ത് സമിതി പ്രധാൻ, സിരോഹി ബി.ജെ.പി ജില്ലാ പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച ലുംബറാം കർഷക നേതാവുകൂടിയാണ്. വർഷങ്ങളായി പാർട്ടിക്കു വേണ്ടി പ്രവർത്തിക്കുന്ന ലുംബറാമിന് വൈകി വന്ന അംഗീകാരമാണ് ലോക്‌സഭാ ടിക്കറ്റ്.

ബി.ജെ.പിക്കുള്ള ആധിപത്യവും ലുംബറാമിനുള്ള പരിചയവും നന്നായി അറിയാവുന്ന വൈഭവ് ഗെലോട്ട് സ്ഥാനാർത്ഥിത്വം പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുൻപേ മണ്ഡലത്തിൽ ക്യാമ്പ് ചെയ്‌ത് പ്രചാരണം തുടങ്ങിയിരുന്നു. മണ്ഡലത്തിൽ എവിടെ വിവാഹം പോലുള്ള ചടങ്ങുകളുണ്ടെങ്കിലും അവിടെയെല്ലാം വൈഭവിനെ കാണാം. തലസ്ഥാനമായ ജയ്‌പൂരിലിരുന്ന് അശോക് ഗെലോട്ട് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നുണ്ടെങ്കിലും സ്വന്തം മേൽവിലാസമുണ്ടാക്കാനുള്ള ശ്രമത്തിലാണ് മകൻ.

മണ്ഡലത്തിൽ മോദി തരംഗമില്ലെന്നും കുടിവെള്ളം, നല്ല റോഡുകൾ, ആരോഗ്യ സൗകര്യങ്ങൾ, തൊഴിലവസരങ്ങൾ തുടങ്ങിയ അടിസ്ഥാന കാര്യങ്ങളാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് വൈഭവ് പറയുന്നു. ബി.ജെ.പി അയോദ്ധ്യാ വിഷയം ഉയർത്തുമ്പോൾ താനും രാമഭക്തനാണെന്നും അത് അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. രണ്ടാം ഘട്ടത്തിൽ ഏപ്രിൽ 26നാണ് വോട്ടെടുപ്പ്.

Advertisement
Advertisement