രാജസ്ഥാനിലെ മുസ്ലിം വിരുദ്ധത അലിഗഢിൽ മോദി മയപ്പെടുത്തി

Tuesday 23 April 2024 12:44 AM IST

ന്യൂഡൽഹി: കോൺഗ്രസ് ജാതി സെൻസസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതിനെ മുസ്ലിം പ്രീണനമായി ചിത്രീകരിക്കാനാണ് ഞായറാഴ്‌ച രാജസ്ഥാനിലെ ബൻസ്‌വാരയിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിച്ചതെങ്കിൽ, അലിഗഢിലെ പ്രസംഗത്തിൽ കേന്ദ്രസർക്കാരിന്റെ നടപടികളിലൂടെ

മുസ്ലിങ്ങൾക്കുണ്ടായ നേട്ടങ്ങൾ ഉയർത്തിക്കാട്ടി വിഷയം മയപ്പെടുത്തി. മുത്തലാഖ് നിരോധിച്ചതും ഹജ്ജ് ക്വാട്ട ഉയർത്തിയതും ചൂണ്ടിക്കാട്ടി.

കോൺഗ്രസ് അർബൻ നക്‌സലുകളുടെ പിടിയിലാണെന്നും അവരുടെ പ്രകടന പത്രികയിലെ വാഗ്‌ദാനങ്ങൾ മാവോയിസ്റ്റ് ആശയങ്ങളാണെന്നും പറഞ്ഞുകൊണ്ടായിരുന്നു രാജസ്ഥാനിലെ പ്രസംഗം.

രാജ്യത്തിന്റെ സ്വത്തുക്കളിൽ ആദ്യ അവകാശം മുസ്ലിങ്ങൾക്കാണെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗ് പറഞ്ഞിരുന്നു. അതിന്റെ അർത്ഥം നിങ്ങളുടെ സ്വത്തുക്കൾ കണ്ടെടുത്ത് കൂടുതൽ കുട്ടികളുള്ളവർക്ക് വിതരണം ചെയ്യുമെന്നാണ്. അമ്മമാരും സഹോദരിമാരും അണിഞ്ഞ താലിമാല അടക്കം സ്വർണത്തിന്റെ കണക്കെടുക്കും.

നിങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ച പണം നുഴഞ്ഞുകയറ്റക്കാർക്ക് പോകാൻ നിങ്ങൾ അനുവദിക്കുമോയെന്നും മോദിചോദിച്ചു.

ഇന്നലെ മുസ്ലിം വിരുദ്ധത ഒഴിവാക്കിയാണ് മോദി പ്രസംഗിച്ചത്. എന്നാൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ജനങ്ങളുടെ സ്വത്ത് കണ്ടുകെട്ടുമെന്ന ആരോപണം ആവർത്തിച്ചു. ജാതി സെൻസസ് അതിനുവേണ്ടിയാണെന്ന ആരോപണം ആവർത്തിച്ചു.

മൻമോഹൻ സിംഗിന്റെ

പ്രസംഗം പ്രചരിപ്പിച്ചു

പ്രതിപക്ഷം പ്രധാനമന്ത്രിയുടെ പ്രസംഗം വിവാദമാക്കിയതിന് പിന്നാലെ, മുസ്ലിങ്ങൾക്ക് വികസന പദ്ധതികളിൽ ആദ്യ അവകാശമുണ്ടെന്ന 2006 ഡിസംബറിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് നടത്തിയ പ്രസംഗം ബി.ജെ.പി പ്രചരിപ്പിച്ചു. പ്രധാനമന്ത്രി പറഞ്ഞത് കോൺഗ്രസ് പത്രികയിലെ കാര്യങ്ങളാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രിയുടെ വിവാദ പരാമർശങ്ങളെക്കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വക്താവ് ഒഴിഞ്ഞുമാറി.

മോദിയെ പ്രകടന പത്രിക

പഠിപ്പിക്കും: കോൺഗ്രസ്

കോൺഗ്രസിന്റെ പ്രകടന പത്രികയിലെ യഥാർത്ഥ വാഗ്‌ദാനങ്ങൾ നരേന്ദ്രമോദിയെ പഠിപ്പിക്കുമെന്ന് കോൺഗ്രസ്. നേതാക്കളും സ്ഥാനാർത്ഥികളും പത്രികയുടെ പകർപ്പുകൾ പ്രധാനമന്ത്രിക്ക് അയക്കുമെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. മോദിക്കെതിരെ ഒരു ലക്ഷം പേർ ഒപ്പിട്ട നിവേദനം തിരഞ്ഞെടുപ്പ് കമ്മിഷന് നൽകും.

`ആദ്യഘട്ട വോട്ടെടുപ്പിനുശേഷം കോൺഗ്രസ് അനുകൂല തരംഗം വന്നതോടെ നിരാശയിലായ നരേന്ദ്രമോദി ജനശ്രദ്ധ തിരിച്ചുവിടാനാണ് വിവാദ പരാമർശങ്ങൾ നടത്തുന്നത്. ഇന്ത്യയ്‌ക്ക് വഴി തെറ്റില്ല.'

രാഹുൽ ഗാന്ധി

Advertisement
Advertisement