വീണ്ടും ആപ്പിലായി കേജ്‌രിവാൾ എല്ലാ ദിവസവും ഡോക്ടറെ കാണാനാവില്ലെന്ന് കോടതി

Tuesday 23 April 2024 12:45 AM IST

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനു വീണ്ടും തിരിച്ചടി. എല്ലാ ദിവസവും 15 മിനിട്ട് ഡോക്ടറുമായി വീഡിയോ കോൺഫറൻസിലൂടെ കൺസൾട്ടേഷൻ നടത്താൻ അനുവദിക്കണമെന്ന ആവശ്യം ഡൽഹി റോസ് അവന്യു കോടതി തള്ളി. പ്രമേഹത്താൽ ബുദ്ധിമുട്ടുകയാണെന്നും രക്തത്തിലെ ഷുഗർ തോതിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.

തിഹാർ ജയിലിൽ 24 മണിക്കൂറും ഡോക്ടർമാർ ഡ്യൂട്ടിയിലുണ്ടെന്നും ഷുഗർ നില ദിവസവും രണ്ടുനേരം പരിശോധിക്കുന്നുവെന്നുമുള്ള അധികൃതരുടെ വിശദീകരണം കോടതി കണക്കിലെടുത്തു. ജയിലിൽ ഒരാൾക്ക് മാത്രം പ്രത്യേക പരിഗണന നൽകാനാകില്ല. ജയിൽ അധികൃതർക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കാൻ കഴിയുന്നില്ലെങ്കിലേ സ്വകാര്യ ചികിത്സയ്ക്ക് അനുമതി നൽകാനാകൂ. ജയിലിൽ നിലവിൽ മികച്ച മെഡിക്കൽ സൗകര്യങ്ങളുണ്ട്. ചികിത്സയ്ക്ക് അധികൃതർ സൗകര്യം ഉറപ്പാക്കണം. പ്രത്യേക കൺസൾട്ടേഷൻ ആവശ്യമുണ്ടെങ്കിൽ എയിംസ് ഡോക്ടർമാർ അടങ്ങുന്ന മെഡിക്കൽ ബോർഡുമായി കൂടിയാലോചിക്കണം. ഇൻസുലിൻ നൽകണമോയെന്നതിലും ഡയറ്റ്- വ്യായാമം എന്നിവയിലും മെഡിക്കൽ ബോർഡ് തീരുമാനമെടുക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഡൽഹി എയിംസ് ഡയറക്ടറാണ് മെഡിക്കൽ ബോർഡ് രൂപീകരിക്കേണ്ടത്.

ഡോക്ടർ നിർദ്ദേശിച്ച ഭക്ഷണമല്ല

എയിംസ് മെഡിക്കൽ ബോർഡ് നിർദ്ദേശിക്കുന്ന ഭക്ഷണം വീട്ടിൽ പാചകം ചെയ്ത് ജയിലിലെത്തിക്കാൻ ജഡ്ജി കാവേരി ബവേജ അനുമതി നൽകി. കേജ്‌രിവാളിന്റെ ഡോക്ടർ നിർദ്ദേശിച്ച ഭക്ഷണമല്ല ജയിലിലെത്തിയിരുന്നത്. മാമ്പഴം, മധുരം, ആലൂ പൂരി എന്നിവ ഡയറ്റിലില്ലായിരുന്നു. എന്നിട്ടും ഇവ ജയിലിലേക്ക് കൊടുത്തുവിട്ടത് എന്തിനെന്ന് മനസിലാകുന്നില്ല. ഇത് കഴിക്കാൻ അനുവദിച്ചത് സംബന്ധിച്ച് ജയിൽ അധികൃതർ തൃപ്തികരമായ വിശദീകരണം നൽകാത്തതും കോടതി ചൂണ്ടിക്കാട്ടി. ഷുഗർ അളവ് ഉയർത്താൻ കേജ്‌രിവാൾ ബോധപൂർവം മാമ്പഴം, മിഠായി, പഞ്ചസാര ചേർത്ത ചായ എന്നിവ കഴിക്കുന്നതായി ഇ.ഡി കോടതിയിൽ ആരോപിച്ചിരുന്നു. എന്നാൽ, മൂന്നുതവണ മാത്രമാണ് വീട്ടിൽ നിന്ന് മാമ്പഴം എത്തിച്ചതെന്ന് കേജ്‌രിവാൾ കോടതിയെ അറിയിച്ചു.

Advertisement
Advertisement