പോസ്റ്റൽ വോട്ട്: വെട്ടിലായി പൊലീസുകാരും

Tuesday 23 April 2024 1:22 AM IST

തൃശൂർ: പോസ്റ്റൽ വോട്ട് ചെയ്യാനാകാതെ ഇതര സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പൊലീസുകാർ. പോസ്റ്റൽ വോട്ടിംഗിലുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരിഷ്‌കാരത്തെ തുടർന്നാണിത്. തപാലിൽ കിട്ടുന്ന ബാലറ്റിൽ വോട്ട് ചെയ്ത് തിരിച്ചയക്കുന്നതായിരുന്നു പഴയ രീതി.

ഫോം 12, 12എ, 12ഡി എന്നിവയിൽ അപേക്ഷിക്കുന്നവർക്കാണ് ഇത്തവണ തപാൽ വോട്ട് ചെയ്യാനാകുക. ഫോം 12എ പ്രകാരം അപേക്ഷിച്ചവർക്ക് തങ്ങളുടെ പേരുൾപ്പെട്ട ലോക്‌സഭാ മണ്ഡലത്തിലെ നിശ്ചിത ബൂത്തിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടി സർട്ടിഫിക്കറ്റ് ഹാജരാക്കി വോട്ട് ചെയ്യാം. ഫോം 12, 12ഡി പ്രകാരം അപേക്ഷിച്ചവർ നിശ്ചിത ദിവസങ്ങളിൽ വോട്ടിംഗ് ഫെസിലിറ്റേഷൻ സെന്ററിലെത്തി വോട്ട് ചെയ്യണം. കേരളത്തിനു പുറത്ത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളവർക്ക് ഇത് അസാദ്ധ്യമാണ്. പോസ്റ്റൽ വോട്ടിംഗിൽ പഴയ രീതി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പൊലീസ് അസോസിയേഷൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് കത്ത് നൽകി.

അതേസമയം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇലക്‌ഷൻ ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ തപാൽവോട്ടുകൾ വിവാദമായിരുന്നു. ചട്ടത്തിനു വിരുദ്ധമായി അസോസിയേഷൻ നേതാക്കൾ ബാലറ്റുകൾ ഒരുമിച്ചു ശേഖരിച്ച്, വോട്ട് രേഖപ്പെടുത്തി ഒരുമിച്ചു നൽകിയെന്നായിരുന്നു ആരോപണം. ബാലറ്റുകൾ സാക്ഷ്യപ്പെടുത്തിയതിലും അപാകത കണ്ടെത്തിയിരുന്നു.

Advertisement
Advertisement