പോളിംഗ് ഉദ്യോഗസ്ഥരെ പ്രതിസന്ധിയിലാക്കി പോസ്റ്റൽ വോട്ടിംഗ്, വോട്ട് ചെയ്യാൻ കിലോമീറ്റുകൾ സഞ്ചരിക്കണം

Tuesday 23 April 2024 1:32 AM IST

തൃശൂർ: സംസ്ഥാനത്തെ പോളിംഗ് ഉദ്യോഗസ്ഥരെ വിഷമവൃത്തത്തിലാക്കി പോസ്റ്റൽ വോട്ടിംഗ്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയോ ക്ലാസോ ഉള്ള കേന്ദ്രങ്ങളിൽ വോട്ട് ചെയ്യണമെന്ന പുതിയ നിബന്ധനയാണ് പോളിംഗ് ഉദ്യോഗസ്ഥരെ വലയ്ക്കുന്നത്. വോട്ട് ചെയ്യാനായി കിലോമീറ്റുകൾ സഞ്ചരിക്കേണ്ട അവസ്ഥയിലാണ് പോളിംഗ് ഉദ്യോഗസ്ഥർ. ഇതര ജില്ലകളിൽ തിരഞ്ഞെടുപ്പ് ജോലി കിട്ടിയവരാണ് വെട്ടിലായവരിൽ ഏറെയും.

തിര‌ഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് പരിശീലന ക്ലാസ് നൽകുന്ന കേന്ദ്രങ്ങളിൽ വോട്ട് ചെയ്യാൻ അവസരം ഒരുക്കിയിട്ടുണ്ട്. രണ്ട് ക്ലാസുകളാണുള്ളത്. ജോലി ചെയ്യുന്ന സ്ഥാപനം സ്ഥിതി ചെയ്യുന്ന മണ്ഡലത്തിൽവച്ചാണ് ഇതിലൊന്ന്. മറ്റൊന്ന് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഇടത്തും. തിരഞ്ഞെടുപ്പ് പരിശീലന ക്ളാസ് സെന്ററുകളിൽ വോട്ട് ചെയ്യാൻ നൽകിയ അവസരം കുറച്ചു പേർക്ക് മാത്രമേ പ്രയോജനപ്പെട്ടുള്ളൂ. മറ്റുള്ളവർ പിന്നീട് നിശ്ചയിച്ചുനൽകിയ തീയതിയിൽ നിശ്ചിത കേന്ദ്രങ്ങളിലെത്തി വോട്ട് ചെയ്യണം. കൊല്ലത്തും തിരുവനന്തപുരത്തുമുള്ളവർക്ക് പാലക്കാട്ട് ഡ്യൂട്ടിയുണ്ട്. വോട്ട് ചെയ്യാൻ മാത്രമായി ഇത്രയും ദൂരമെത്താൻ പലരും സന്നദ്ധരല്ല. വോട്ട് ചെയ്യാനെത്തി ബാലറ്റ് വന്നിട്ടില്ലെന്നറിഞ്ഞ് തിരിച്ചുപോകേണ്ട ഗതികേടുമുണ്ടായി പലർക്കും. മൂല്യനിർണയ ജോലിത്തിരക്കുള്ള അദ്ധ്യാപകരും പ്രതിസന്ധിയിലാണ്. അതേസമയം, പോസ്റ്റൽ വോട്ടിന് അപേക്ഷിക്കാനുള്ള അവസാന തീയതി പലയിടത്തും നീട്ടിയിട്ടുണ്ട്.

ഇടുക്കിയിൽ തിരഞ്ഞെടുപ്പിന് തലേന്ന് പോളിംഗ് സാമഗ്രികൾ എടുക്കാനെത്തുന്ന ഉദ്യോഗസ്ഥർക്ക് വോട്ടിംഗിന് അവസരമൊരുക്കുമെന്ന് കളക്ടർ അറിയിച്ചതായി വിവരമുണ്ട്. മറ്റിടങ്ങളിൽ പുതിയ തീയതി അറിയിക്കും. പാലക്കാട് ഇന്നലെ വരെ പോസ്റ്റൽ ബാലറ്റ് ലഭ്യമാകാത്തതിനാൽ വോട്ട് ചെയ്യാനാകാത്തവർക്ക് ഇന്ന് മുതൽ 24 വരെ ബി.ഇ.എം സ്‌കൂളിൽ വോട്ട് ചെയ്യാമെന്നാണ് അറിയിപ്പ്. ബാലറ്റ് ലഭ്യമായ വിവരം ഫോണിൽ അറിയിക്കും. ബാലറ്റ് എത്തിയിട്ടുണ്ടോയെന്ന് കളക്ടറേറ്റിൽ അന്വേഷിച്ച് ഉറപ്പാക്കിയശേഷം ചെല്ലാനും നിർദ്ദേശമുണ്ട്.

പഴയ രീതി

പോസ്റ്റൽ വോട്ടിന് അപേക്ഷിച്ചാൽ വീട്ടിൽ ബാലറ്റ് എത്തുന്നതായിരുന്നു പഴയ രീതി. കൗണ്ടിംഗിന് മുമ്പ് വീട്ടിൽ നിന്ന് വോട്ട് ചെയ്ത് ഗസറ്റഡ് ഉദ്യോഗസ്ഥന്റെ സാക്ഷ്യപത്രത്തോടെ അയയ്ക്കുകയോ അതാത് കേന്ദ്രങ്ങളിലെ പെട്ടികളിൽ ഒഴിവ് ദിവസങ്ങളിൽ ഉൾപ്പെടെ നിക്ഷേപിക്കുകയോ ചെയ്യാം.

Advertisement
Advertisement