3,400 വർഷം പഴക്കം,​ റാംസെസ് രണ്ടാമന്റെ പ്രതിമ തിരികെ കിട്ടി

Tuesday 23 April 2024 7:26 AM IST

കയ്റോ: 3,​400 വർഷം പഴക്കമുള്ള റാംസെസ് രണ്ടാമൻ രാജാവിന്റെ പ്രതിമ മൂന്ന് ദശാബ്ദങ്ങൾക്ക് ശേഷം വീണ്ടെടുത്ത് ഈജിപ്റ്റ്. റാംസെസിന്റെ തല ചിത്രീകരിക്കുന്ന പ്രതിമ 30 വർഷങ്ങൾക്ക് മുമ്പ് തെക്കൻ ഈജിപ്റ്റിൽ നിന്നാണ് മോഷണം പോയത്. തുടർന്ന് രാജ്യത്തിന് പുറത്തേക്ക് കടത്തപ്പെട്ടു. അബിഡോസ് നഗരത്തിലെ റാംസെസ് രണ്ടാമന്റെ ക്ഷേത്രത്തിലായിരുന്നു പ്രതിമ സൂക്ഷിച്ചിരുന്നത്. മോഷണം നടന്ന കൃത്യമായ വർഷം അറിവില്ല. 1980കളുടെ അവസാനമോ 1990കളുടെ തുടക്കത്തിലോ ആകാമെന്ന് ഈജിപ്ഷ്യൻ പുരാവസ്തു വകുപ്പ് പറയുന്നു. പ്രതിമ എങ്ങനെ മോഷണം പോയെന്നോ ആരാണ് പിന്നിലെന്നോ അജ്ഞാതമായിരുന്നു. അങ്ങനെയിരിക്കെ 2013ൽ ലണ്ടനിലെ ഒരു പ്രദർശനത്തിനിടെ വില്പനയ്ക്ക് വച്ച വസ്തുക്കളുടെ കൂട്ടത്തിൽ ഈ പ്രതിമയുമുണ്ടെന്ന വിവരം ഈജിപ്റ്റിന് ലഭിച്ചു. എന്നാൽ വില്പനയിലൂടെ മറ്റ് പല രാജ്യങ്ങളിലേക്കും ഈ പ്രതിമ എത്തിപ്പെട്ടു. ഒടുവിൽ സ്വിറ്റ്സർലൻഡിലെത്തിയതോടെ ഈജിപ്റ്റിലേക്ക് പ്രതിമ തിരികെയെത്തിക്കാനുള്ള വഴി തുറന്നു. സ്വിസ് അധികാരികളുമായി നടത്തിയ ചർച്ചകളിലൂടെ പ്രതിമയുടെ ശരിയായ ഉടമസ്ഥാവകാശം സ്ഥാപിക്കാൻ ഈജിപ്റ്റിനായി. കഴിഞ്ഞ വർഷം ബേണിലെ ഈജിപ്ഷ്യൻ എംബസിക്ക് പ്രതിമ കൈമാറിയെങ്കിലും അടുത്തിടെയാണ് ഈജിപ്റ്റിലേക്ക് എത്തിച്ചത്.

നിലവിൽ കയ്റോയിലെ ഈജിപ്ഷ്യൻ മ്യൂസിയത്തിൽ എത്തിച്ചിട്ടുള്ള ഈ പ്രതിമയെ പൊതുജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കില്ല.

പുരാതന ഈജിപ്റ്റിൽ ജീവിച്ചിരുന്ന ഏറ്റവും ശക്തനായ ഫറവോമാരിൽ ഒരാളായിരുന്നു റാംസെസ് രണ്ടാമൻ. മഹാനായ റാംസെസ് എന്ന് വിശേഷിപ്പിക്കപ്പെട്ട അദ്ദേഹം പത്തൊമ്പതാം രാജവംശത്തിലെ മൂന്നാമത്തെ ഫറവോ ആയിരുന്നു. ബി.സി 1279 - ബി.സി 1213 കാലയളവിലായിരുന്നു അദ്ദേഹം ഈജിപ്റ്റ് ഭരിച്ചത്.

Advertisement
Advertisement