തിര. ഉജ്ജ്വല വിജയം : മുയിസു ചൈനാ പ്രേമം കൂടുതൽ കടുപ്പിച്ചേക്കും

Tuesday 23 April 2024 7:27 AM IST

മാലെ : മാലദ്വീപിലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വമ്പൻ ജയം നേടിയ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പീപ്പിൾസ് നാഷണൽ കോൺഗ്രസിന് (പി.എൻ.സി) അഭിനന്ദനവുമായി ചൈന. നവംബറിൽ അധികാരത്തിലെത്തിയത് മുതൽ ഇന്ത്യാ വിരുദ്ധ നിലപാടുകളാണ് ചൈനാ വാദിയായ മുയിസു സ്വീകരിക്കുന്നത്.

പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയതോടെ ചൈനീസ് അനുകൂല നയങ്ങൾ നടപ്പാക്കുന്നതിന് മുയിസുവിന് ഇനി തടസമില്ല. ഇരുരാജ്യങ്ങൾക്കുമിടെയിലെ സഹകരണ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

പാർലമെന്റിലെ 93 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ പ്രാഥമിക ഫലങ്ങൾ പ്രകാരം 68 സീറ്റ് പി.എൻ.സിക്ക് ലഭിച്ചു. പി.എൻ.സിയുടെ സഖ്യ കക്ഷികളായ മാലദ്വീപ് നാഷണൽ പാർട്ടി ഒന്നും മാലദ്വീപ് ഡെവലപ്‌മെന്റ് അലയൻസ് രണ്ടും സീറ്റുകൾ വീതം നേടി. ഫലങ്ങൾ മാലദ്വീപ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇന്ത്യൻ അനുകൂലികളും മുഖ്യ പ്രതിപക്ഷവുമായ മാലദ്വീപ് ഡെമോക്രാ​റ്റിക് പാർട്ടി (എം.ഡി.പി )​ വെറും 12 സീറ്റിൽ ഒതുങ്ങി.

Advertisement
Advertisement