സൂറത്തിൽ പത്രിക തള്ളിപ്പോയ കോൺഗ്രസ് സ്ഥാനാർത്ഥി ബിജെപിയിലേക്കോ? വീടിന് മുന്നിൽ പ്രവർത്തകരുടെ പ്രതിഷേധം

Tuesday 23 April 2024 7:56 PM IST

സൂറത്ത്: ബിജെപി സ്ഥാനാർ‌ത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഗുജറാത്തിലെ സൂറത്തിൽ നാടകീയ സംഭവങ്ങൾ തുടരുകയാണ്. പത്രിക തള്ളിപ്പോയതിന് പിന്നാലെയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന നീലേഷ് കുംഭാണിയെ കാണാനില്ലെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിക്കുന്നത്. ഇദ്ദേഹത്തെ ഫോണിലോ അല്ലാതെയോ ലഭിക്കുന്നില്ല. നാമനിർദ്ദേശ പത്രികയിൽ നീലേഷിനെ നാമനിർദ്ദേശം ചെയ്‌ത് ഒപ്പിട്ട മൂന്ന് വോട്ടർമാരും ഒപ്പുകൾ തങ്ങളുടേതല്ലെന്ന് വരണാധികാരിയ്‌ക്ക് സത്യവാങ്‌മൂലം നൽകി. ഇതോടെയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയുടെയും ഡമ്മി സ്ഥാനാർത്ഥി സുരേഷ് പദ്‌സലയുടെയും പത്രിക തള്ളിയത്.

ആകെ എട്ട് സ്ഥാനാർത്ഥികളാണ് സൂറത്തിൽ പത്രിക സമർപ്പിച്ചത്. നീലേഷ് കുംഭാണിയ്‌ക്ക് വേണ്ടി ഒപ്പിട്ടതായി പത്രികയിലുണ്ടായിരുന്നത് സഹോദരീഭർത്താവിന്റെയും അനന്തരവന്റെയും കച്ചവടത്തിൽ പങ്കാളിയായിരുന്ന ആളുടേതുമായിരുന്നു. ഇവർ മൂവരും ഒപ്പ് തങ്ങളുടേതല്ലെന്ന് അറിയിച്ചു. ഇതിനുപിന്നാലെ കോൺഗ്രസ് വൃത്തങ്ങൾ നീലേഷിനെ ഫോണിൽ വിളിച്ചെങ്കിലും ലഭിച്ചില്ല. വിഷയത്തിൽ ഹൈക്കോടതിയെ പാർട്ടി സമീപിക്കാനിരിക്കെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഇതോടെ ജനാധിപത്യത്തിന്റെ കൊലയാളിയാണ് നീലേഷ് എന്നും ജനങ്ങളെ വഞ്ചിച്ചെന്നും ചൂണ്ടിക്കാട്ടി ഇദ്ദേഹത്തിന്റെ വീടിനുമുന്നിൽ കോൺഗ്രസ് പ്രതിഷേധിച്ചു. 1989 മുതൽ ബി.ജെ.പി നിലനിർത്തുന്ന മണ്ഡലമാണ് സൂററ്റ്.

നാല് സ്വതന്ത്രരും ബിഎസ്‌പി സ്ഥാനാർ‌ത്ഥിയുമടക്കമുള്ള ഏഴ് സ്ഥാനാർ‌ത്ഥികളും പത്രിക പിൻവലിക്കേണ്ട തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് രണ്ട് മണിയോടെ പത്രിക പിൻവലിച്ചു. ഇതോടെയാണ് ബിജെപി സ്ഥാനാർ‌ത്ഥി മുകേഷ് ദലാൽ ജയിച്ചതായി വരണാധികാരി രേഖ നൽകിയത്.