നാവികസേനാ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 പേർ മരിച്ചു

Wednesday 24 April 2024 11:56 PM IST

ക്വലാലംപുർ: പരിശീലനപ്പറക്കലിനിടെ മലേഷ്യൻ നാവികസേനയുടെ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് തകർന്ന് 10 പേർ മരിച്ചു. കൊല്ലപ്പെട്ടവരിൽ 26 നും 41 നും ഇടയിൽ പ്രായമുള്ള മൂന്ന് സ്ത്രീകളും ഏഴ് പുരുഷന്മാരും ഉൾപ്പെടുന്നുവെന്ന് അധികൃതർ പറഞ്ഞു. പ്രാദേശികസമയം ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ (ഇന്ത്യൻ സമയം രാവിലെ ഏഴ് മണി) ലുമുത് നാവിക ആസ്ഥാനത്താണ് സംഭവം. 90ാമത് നാവിക ദിനാഘോഷ പരേഡിനായി പരിശീലനം നടത്തുകയായിരുന്ന ഹെലികോപ്റ്ററുകളാണ് കൂട്ടിയിടിച്ച് തകർന്നത്. ഒരണ്ണം സ്‌പോർട്‌സ് ഫീൽഡിലും മറ്റൊരു ഹെലികോപ്റ്റർ അടുത്തുള്ള നീന്തൽക്കുളത്തിലേക്കുമാണ് വീണത്.

തകർന്ന് വീണ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങളിൽ തട്ടി ഒരു നീന്തൽക്കാരന് പരിക്കേറ്റതായും അധികൃതർ കൂട്ടിചേർത്തു. അപകടത്തിന്റെ നടുക്കുന്ന ദൃശ്യം പുറത്തുവന്നിട്ടുണ്ട്. വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ച റോയൽ മലേഷ്യൻ നേവി രണ്ട് ഹെലികോപ്റ്ററുകളിലുമുണ്ടായിരുന്ന മുഴുവൻ സേനാംഗങ്ങളും മരിച്ചതായി അറിയിച്ചു. മൃതദേഹങ്ങൾ ലുമുത് നാവിക ആസ്ഥാനത്തെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയതായും സേന അറിയിച്ചു. അപകടത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപവത്കരിക്കുമെന്നും നാവികസേന കൂട്ടിച്ചേർത്തു.

Advertisement
Advertisement