ഹിറ്റ്‍ല‍‍റുടെ ജന്മഗൃഹത്തിൽ പൂക്കളും സല്യൂട്ടും സമർപ്പിച്ച ജർമ്മൻ സ്വദേശികൾ അറസ്റ്റിൽ

Wednesday 24 April 2024 12:09 AM IST

വിയന്ന: ജർമ്മൻ ഏകാധിപതി അഡോൾഫ് ഹിറ്റ്ലറുടെ ജന്മദിനം ആഘോഷിച്ച നാല് പേർ അറസ്റ്റിൽ. പശ്ചിമ ഓസ്ട്രിയയിലെ ഹിറ്റ്ലറുടെ ജന്മഗൃഹത്തിന് മുന്നിൽ വെള്ള റോസാ പൂക്കൾ വയ്ക്കുകയും ഹിറ്റ്ലർ സല്യൂട്ട് വയ്ക്കുന്ന രീതിയിൽ ചിത്രമെടുക്കുകയും ചെയ്തതിനാണ് നാല് ജർമ്മൻ സ്വദേശികളെ അറസ്റ്റ് ചെയ്തത്. 1889 ഏപ്രിൽ 20ൽ ഓസ്ട്രിയയിലെ ബ്രൌനൌ ആം ഇൻ എന്ന സ്ഥലത്തായിരുന്നു അഡോൾഫ് ഹിറ്റ്ലർ ജനിച്ചത്.

ശനിയാഴ്ച ഇവിടെത്തിയ രണ്ട് സ്ത്രീകളും ഇവരുടെ പങ്കാളികളും അടങ്ങുന്ന സംഘമാണ് പൊലീസ് പിടിയിലായിട്ടുള്ളത്. 20 മുതൽ 30 വരെയാണ് ഇവരുടെ പ്രായമെന്നാണ് പൊലീസ് പറയുന്നത്. ഹിറ്റ്ലറുടെ ജന്മ വീട്ടിലെത്തെത്തിയ സംഘം ജനലുകളിൽ പുഷ്പങ്ങൾ വയ്ക്കുകയും കുപ്രസിദ്ധമായ ഹിറ്റ്ലർ സല്യൂട്ട് പോസിൽ നിന്ന് ചിത്രങ്ങളുമെടുക്കുകയും ചെയ്തു എന്നാണ് പൊലീസ് വിശദമാക്കുന്നത്.

ഇവരുടെ ഫോണുകളിൽ നിന്ന് കെട്ടിടത്തിന് മുന്നിൽ നിന്നുള്ള നിരവധി ചിത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘമാണ് നാലംഗ സംഘത്തിന്റെ പ്രവർത്തികൾ ശ്രദ്ധിച്ചത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് നടപടികൾ പ്രത്യേക ലക്ഷ്യമിട്ട് ഉള്ളതല്ലെന്നാണ് കണ്ടെത്തിയതെങ്കിലും നാസി അനുകൂല ചാറ്റുകളും തീമുകളും പൊലീസ് ഇവരുടെ ഫോണിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

നാസിസം പ്രചരിപ്പിക്കുന്ന അടയാളങ്ങൾ ഓസ്ട്രിയയിൽ നിരോധിച്ചിട്ടുള്ളതാണ്. ഈ നിയമം തെറ്റിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഹിറ്റ്‍ല‍‍റുടെ ജന്മഗൃഹം സന്ദർശന കേന്ദ്രമാകാതിരിക്കാൻ ഇവിടം പൊലീസ് സ്റ്റേഷനാക്കാനുള്ള നടപടികൾ ആരംഭിച്ചത് കഴിഞ്ഞ വർഷമാണ്.

Advertisement
Advertisement