വിശ്വനാഥന്റെ വഴിയേ ഗുകേഷിന്റെ ചുവടുകൾ

Wednesday 24 April 2024 1:52 AM IST

കാനഡയിലെ ടൊറന്റോയിൽ നടന്ന കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റിൽ വിജയിച്ച് അടുത്ത ലോക ചാമ്പ്യൻഷിപ്പിൽ ഡിംഗ് ലിറനെ നേരിടുന്നതിനുള്ള ചലഞ്ചറായി മാറി ചരിത്രം കുറിച്ചിരിക്കുകയാണ് പതിനേഴുകാരനായ ഇന്ത്യൻ താരം ഡി. ഗുകേഷ്. ലോക ചെസ് ചരിത്രത്തിൽ ഇന്ത്യയുടെ അഭിമാനതാരമായ വിശ്വനാഥൻ ആനന്ദിനു ശേഷം ചലഞ്ചറാകുന്ന ആദ്യ ഇന്ത്യക്കാരനായ ഗുകേഷ് ഏറ്റവും പ്രായം കുറഞ്ഞ ചലഞ്ചർ എന്ന റെക്കാഡും സ്വന്തമാക്കി. അഞ്ചുതവണ ലോക ചാമ്പ്യനായി എന്നതിനപ്പുറം പിൻഗാമികളെ വളർത്തിയെടുക്കാൻ ആനന്ദ് നടത്തിയ പരിശ്രമത്തിന്റെ പൊൻകിരണങ്ങളാണ് ആർ. പ്രഗ്നാനന്ദയും ഗുകേഷും ഉൾപ്പടെ ഇന്ത്യൻ ചെസിലെ ഇപ്പോഴത്തെ യുവനിര. ആനന്ദിന്റെ തട്ടകമായ ചെന്നൈയിൽ ഒരു തെലുങ്കു കുടുംബത്തിൽ ജനിച്ചുവളർന്ന ഗുകേഷ് ഏഴാം വയസിൽ ചെസ് കളിക്കാൻ തുടങ്ങുമ്പോൾ പ്രഗ്നാനന്ദ ലോക അണ്ടർ -8 ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയിരുന്നു.

കരുനീക്കങ്ങളിൽ മാത്രമല്ല ഇരിപ്പിലും നടപ്പിലും പ്രഗ്ഗിനെ കണ്ടുപഠിച്ച ആ കൊച്ചുപയ്യൻ പന്ത്രണ്ടാം വയസിൽ ഗ്രാൻഡ്മാസ്റ്റർ പദവിയിലെത്തുമ്പോൾ സെർജി കാര്യക്കിൻ മാത്രമായിരുന്നു അതിലും ചെറിയ പ്രായത്തിൽ ആ പദവിയിലെത്തിയ ആൾ. 2020-ൽ ആനന്ദിന്റെ ചെന്നൈയിലെ വെസ്റ്റ് ബ്രിഡ്ജ് അക്കാഡമിയിലെത്തി. മാഗ്നസ് കാൾസൺ ഉൾപ്പടെയുള്ള പ്രമുഖരെ വെട്ടിവീഴ്ത്തിയ പ്രഗ്നാനന്ദയുടെ പടയോട്ടത്തിനു തൊട്ടുപിന്നാലെ ഗുകേഷുമുണ്ടായിരുന്നു. 2022-ൽ മഹാബലിപുരത്തെ ലോക ചെസ് ഒളിമ്പ്യാഡിൽ തുടർച്ചയായ എട്ടു വിജയങ്ങളോടെ സ്വർണമെഡലണിഞ്ഞ ഗുകേഷ് ഫിഡെ റേറ്റിംഗിലും കുതിച്ചുചാട്ടം നടത്തി. ഇത്തവണ കാൻഡിഡേറ്റ്സിൽ സെലക്ഷൻ ലഭിക്കുമ്പോൾ ഗുകേഷിന് പലരും കിരീടസാദ്ധ്യത കൽപ്പിക്കാതിരുന്നത് ഈ പതിനേഴുകാരന്റെ കഴിവിനെ കുറച്ചുകണ്ടതുകൊണ്ടായിരുന്നില്ല. നിപ്പോംനിയാഷി, ഹിക്കാരു നക്കാമുറ, ഫാബിയോ കരുവാന, പ്രഗ്നാനന്ദ തുടങ്ങിയ പരിണിതപ്രജ്ഞരായ താരങ്ങളാണ് മത്സരിക്കാനൊപ്പമുള്ളത് എന്നതായിരുന്നു 'പയ്യനി"ൽ അത്ര വിശ്വാസം തോന്നാതിരുന്നതിന് കാരണം.

എന്നാൽ,​ തന്റെ ഗെയിമിൽ വിശ്വാസമർപ്പിക്കുകയും എതിരാളികളുടെ പ്രലോഭനങ്ങളിൽ വീഴാതിരിക്കുകയും ചെയ്ത ഗുകേഷ് ഒന്നൊന്നായി വിജയങ്ങളും സമനിലകളും വെട്ടിപ്പിടിച്ച് കുതിച്ചു. രണ്ടാം റൗണ്ടിൽ പ്രഗ്‌നാനന്ദയെ തോൽപ്പിച്ച ഗുകേഷ് ഏഴാം റൗണ്ടിൽ അലിറേസ ഫിറോസയോട് തോറ്റിരുന്നു. ആരും തളർന്നുപോകുന്ന ആ നിമിഷമാണ് പക്ഷേ തന്നിൽ ആത്മവിശ്വാസം നിറച്ചതെന്ന് ഗുകേഷ് പറയുന്നു. തോൽവിയിൽ നിന്ന് ഉയിർത്തെണീറ്റ ഗുകേഷ് 12-ാം റൗണ്ട് വരെ നടത്തിയ മികച്ച പോരാട്ടങ്ങൾ നിപ്പോംനിയാഷിക്കൊപ്പം പോയിന്റ് പട്ടികയിലെ സംയുക്ത ലീഡിലെത്തിച്ചു. 13-ാം റൗണ്ടിൽ ഗുകേഷ് അലിറേസയെ തോൽപ്പിച്ച് പകരംവീട്ടുകയും നിപ്പോംനിയാഷി നക്കാമുറയുമായി സമനിലയിൽ പിരിയുകയും ചെയ്തപ്പോൾ ഗുകേഷിന് ഒറ്റയ്ക്ക് ലീഡായി.

അവസാന റൗണ്ട് മത്സരത്തിൽ ഗുകേഷ് നക്കാമുറയെ സമനിലയിൽ തളച്ചപ്പോൾ സമാന്തരമായി നിപ്പോംനിയാഷി - കരുവാനയും സമനിലയായി. ഇതോടെ ചരിത്ര വിജയത്തിന്റെ നിറവിലേക്ക് ഗുകേഷ് ഉയർത്തപ്പെട്ടു.

ഈ വർഷം അവസാനത്തോടെ ഡിംഗ് ലിറെനും ഗുകേഷും തമ്മിലുള്ള ലോക പോരാട്ടം നടക്കുമെന്നാണ് കരുതുന്നത്. 22-ാം വയസിൽ ലോകചാമ്പ്യനായ ഗാരി കാസ്പറോവിന്റെ റെക്കാഡ് തകർക്കാൻ ഇന്ത്യയുടെ പതിനേഴുകാരന് കഴിയുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. അഞ്ചുവട്ടം ലോക ചാമ്പ്യനായ വിശ്വനാഥൻ ആനന്ദ് തെളിച്ച വഴിയിലൂടെ, അദ്ദേഹത്തിന്റെ കൈപിടിച്ചു നടക്കുമ്പോൾ ഗുകേഷിന് അത് അസാദ്ധ്യമൊന്നുമല്ല. ഇന്ത്യാ മഹാരാജ്യത്ത് വോട്ടുമഷി പുരളാൻ പ്രായം തികയുന്നതിനു മുമ്പ് ലോക ചെസ് കിരീടത്തിലേക്ക് കരുനീക്കം നടത്താൻ ഗുകേഷിന്റെ പൊൻവിരലുകൾക്കു കഴിയട്ടെ.

Advertisement
Advertisement