മകന്റെ ക്വട്ടേഷൻ; ആളുമാറി കൊല്ലപ്പെട്ടത് 4 പേർ

Wednesday 24 April 2024 12:33 AM IST

ബംഗളൂരു: കർണാടകത്തെ ഞെട്ടിച്ച ഗഡക് കൂട്ടക്കൊലപാതകത്തിൽ വഴിത്തിരിവ്. മാതാപിതാക്കളെയും സഹോദരനെയും കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ മകനുൾപ്പെടെ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ‌്തു.

കഴിഞ്ഞ 19ന് പുലർച്ചെയാണ് ഗഡക് മുനിസിപ്പൽ കൗൺസിൽ വൈസ് പ്രസിഡന്റ് സുനന്ദ ബകലെയുടെ വീട്ടിൽ കൂട്ടക്കൊലപാതകം നടന്നത്. ഇവരുടെ മകൻ കാർത്തിക് ബകലെ (27), ബന്ധുക്കളായ പരശുറാം ഹാദിമാനി (55), ലക്ഷ്മി ഹാദിമാനി (45), ആകാൻക്ഷ ഹാദിമാനി (16) എന്നിവരെ വീട്ടിൽ അതിക്രമിച്ചു കയറിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

പിന്നാലെ നടന്ന അന്വേഷണത്തിലാണ് സുനന്ദ ബകലെയുടെ ഭർത്താവ്
പ്രകാശ് ബകലെയുടെ ആദ്യ വിവാഹത്തിലെ മകൻ വിനായക് ബകലെ പിടിയിലാകുന്നത്. സ്വത്ത് തർക്കത്തിന്റെ പേരിൽ

പിതാവിനെയും അർദ്ധ സഹോദരനേയും രണ്ടാനമ്മയെയും കൊലപ്പെടുത്താൻ 65 ലക്ഷം രൂപയ്ക്ക് ഇയാൾ ക്വട്ടേഷൻ നൽകുകയായിരുന്നു.

അഡ്വാൻസായി രണ്ട് ലക്ഷം രൂപ കൈമാറി. വസ്തു വിൽപനയുമായി ബന്ധപ്പെട്ട തർക്കമാണ് ക്രൂര കൃത്യത്തിന് പ്രേരിപ്പിച്ചത്. ഇതുപ്രകാരം ക്വട്ടേഷൻ സംഘം വീട്ടിലെത്തുകയും ആളുമാറി കുടുംബത്തെ സന്ദർശിക്കാനെത്തിയ ബന്ധുക്കളെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.

ഏപ്രിൽ 17 നായിരുന്നു കാർത്തിക്കിന്റെ വിവാഹം നിശ്ചയം. ഇതിൽ പങ്കെടുക്കാൻ എത്തിയവരായിരുന്നു ഇവർ.

പ്രകാശ് ബകാലെയും മൂത്തമകൻ വിനായക് ബകലെയും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രകാശ് ബകലെയുടെ ആദ്യ ഭാര്യയുടെ മകനാണ് വിനായക്. ഇയാൾ വേറെ വീട്ടിലാണ് താമസിക്കുന്നത്. പ്രകാശ് നൽകിയ സ്വത്ത് വിനായക് വിൽക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. പ്രകാശിന്റെ ആദ്യ ഭാര്യയിലെ മറ്റൊരു മകനായ ദത്താത്രേയ ബകലെയുടെ മേലായിരുന്നു ആദ്യം സംശയം. സ്വത്തിന്റെ പേരിൽ ഇരുവരും തമ്മിൽ കടുത്ത പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഈ അവസരം മുതലാക്കി വിനായക് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.

 
Advertisement
Advertisement