ഇടത്താണോ വലത്താണോ: ഇരുപതിൽ എത്ര താമര വിരിയും: അങ്കത്തട്ട് ചുട്ടുപൊള്ളുമ്പോൾ എങ്ങോട്ടാവും കേരള മനസ്സ്?

Wednesday 24 April 2024 2:08 PM IST

കൈവിരലിൽ ജനാധിപത്യത്തിന്റെ നീല മഷി പുരളാൻ ഒരുദിവസം മാത്രം ബാക്കി. തിരഞ്ഞെടുപ്പ് രാജ്യവ്യാപകമാണെങ്കിലും കേരളത്തിലെ ഇരുപതു മണ്ഡലങ്ങൾ എക്കാലവും നിർണായകമാണ്. വിജയം ഇടത്തായാലും വലത്തായാലും ഒന്നല്ലേ എന്ന് എൻ.ഡി.എ പക്ഷം കളിയാക്കുമ്പോഴും കേരളം ഇടത്താണോ, വലത്താണോ,​ അതോ ഈ ഇരുപതിൽ ഒരു താമരയെങ്കിലും വിരിയുമോ എന്നതും നെഞ്ചിടിപ്പു കൂട്ടുന്നു.

ആകെ 20 മണ്ഡലങ്ങൾ. 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പത്തൊമ്പതും വലതുപക്ഷത്ത്. ഇടതിന്റെ മാനം കാത്തത് ആലപ്പുഴയിൽ എം.എം. ആരിഫ് മാത്രം. അതിനിടെ സംസ്ഥാന രാഷ്ട്രീയം മാറിമറിഞ്ഞപ്പോൾ കെ.എം. മാണിയുടെ കേരളാ കോൺഗ്രസ് ഇടത്തേക്കെത്തി. അങ്ങനെ കോട്ടയത്തെ തോമസ് ചാഴികാടനെക്കൂടി ചേർത്ത് ഇടത് അക്കൗണ്ടിലെ അംഗസാന്നിദ്ധ്യം രണ്ടായി. വാദങ്ങളും വിവാദങ്ങളും പ്രതിവാദങ്ങളും ആരോപണങ്ങളുമായി അങ്കത്തട്ട് ചുട്ടുപൊള്ളുമ്പോൾ എങ്ങോട്ടാവും കേരളമനസ്സ്?​ വെള്ളായ്ഴ്ച ബൂത്തിൽ കാണാം. ഫലം ജൂൺ നാലിനും!

കഴിഞ്ഞ കാലങ്ങളിലൊന്നും ഒരു ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇത്രയും വാശിയേറിയ ത്രികോണ മത്സരമുണ്ടായിട്ടില്ല. മത്സരം എന്നും എൽ.ഡി.എഫും യുഡി.എഫും തമ്മിൽ. പക്ഷേ,​ ഇത്തവണ മോദിയുടെ കാറ്റ് തെക്കേ അറ്റത്തേക്കും വീശിയടിക്കുമ്പോൾ അത് മൂന്ന് മണ്ഡലങ്ങളിൽ ത്രികോണ മത്സരമായി പരിണമിച്ച് ഫലത്തെക്കുറിച്ച് ആകാംക്ഷയും കൗതുകവുമേറ്റുന്നു- തൃശ്ശൂരും തിരുവനന്തപുരത്തും ആറ്റിങ്ങലും. സാക്ഷാൽ നരേന്ദ്രമോദി നാലുതവണ കേരളം കറങ്ങിയിറങ്ങിയപ്പോൾ ഈ മണ്ഡലങ്ങളിലെ താമരയ്ക്ക് മഷി കൂടിയിട്ടുണ്ടെന്നാണ് പൊതു വിലയിരുത്തൽ.

തൃശൂർ: ഓർമ്മയുണ്ട് എല്ലാ മുഖവും

ത്രികോണത്തിൽ തൃശ്ശൂരാണ് മുന്നിൽ. തൃശ്ശൂർ പൂരം കൂടി കലങ്ങിയതോടെ ത്രികോണത്തിന് ഇവിടെ ആക്കം കൂടുകയും ചെയ്തു. തൃശ്ശൂർ താനിങ്ങെടുക്കുവാണെന്നു പറഞ്ഞ് കഴിഞ്ഞ തവണ ഇറങ്ങിയ സുരേഷ്‌ഗോപി ഇത്തവണയെങ്കിലും തൃശ്ശൂരെടുക്കുമോ എന്ന ചോദ്യം രാഷ്ട്രീയ കേരളം വല്ലാതെ ചോദിക്കുന്നുണ്ട്. മോദി ഇഫക്ടിനൊപ്പം സുരഷ്‌ഗോപി എന്ന വ്യക്തി സൃഷ്ടിച്ചെടുത്ത ജനസ്വാധീനം തന്നെയാണ് ഇതിൽ വലുത്. പക്ഷേ,​എതിർപക്ഷത്തുള്ളതാകട്ടെ,​ രാഷ്ട്രീയ ഭൂപടത്തിൽ സ്വന്തം പാർട്ടികൾക്കുള്ളിലും പുറത്തും ഏറെ മതിപ്പുള്ളവർ.

ഇടതുപക്ഷത്ത് സി.പി.ഐയുടെ വി.എസ് സുനിൽകുമാറും വലത്ത് കെ. മുരളീധരനും. വടകരയുടെ സിറ്റിംഗ് എം.പി എന്ന നിലയിൽ അവിടെ വലിയ സ്വാധീനമുണ്ടാക്കി രണ്ടാം വട്ടവും പോസ്റ്ററടിച്ച് കാത്തിരിക്കുമ്പോഴാണ് നിനയ്ക്കാതെ സഹോദരി പത്മജയ്ക്ക് താമരസ്പർശം ഏറ്റത്. അതോടെ പത്മജ കോൺഗ്രസിനുണ്ടാക്കിയ കളങ്കം തീർക്കാൻ മുരളീധരൻ തൃശ്ശൂരിൽ നിയോഗിതനായി. കേരളത്തിൽ എവിടെപ്പോയാലും ഒപ്പം ജനമുള്ള നേതാവെന്ന നിലയിൽ പെട്ടെന്നുതന്നെ മുരളി തൃശ്ശൂരിലും കളം നിറഞ്ഞു.

അപ്പുറത്ത് നാട്ടുകാരനായ സുനിൽകുമാറും ജനഹൃദയം നിറഞ്ഞ് നടക്കുന്നു. ബി.ജെ.പി ജയിക്കുമെന്നു തോന്നിയാൽ വോട്ട് മറിക്കാമെന്ന തന്ത്രം ഇത്തവണ തൃശ്ശൂരിൽ വിലപ്പോകില്ലെന്നാണ് ജനപക്ഷം. കാരണം,​ മുരളിയും സുനിലും കട്ടയ്ക്ക് നിൽക്കുമ്പോൾ ആരുടെ വോട്ട് ആർക്ക് മറിക്കും?​ അങ്ങനെ വരുമ്പോൾ സുരേഷ്‌ ഗോപിക്ക് വിജയസാദ്ധ്യതയില്ലേയെന്നും രാഷ്ട്രീയ നിരീക്ഷകർ! പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടുവട്ടമാണ് സുരേഷ്‌ ഗോപിക്കായി തൃശ്ശൂരിലിറങ്ങിയത്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ മത്സരിക്കുന്ന വയനാടിനെപ്പോലും പരിഗണിക്കാതെ സുരേഷിനായി മോദി പറന്നിറങ്ങിയതിന്റെ രാഷ്ട്രീയ ലക്ഷ്യം ഫലം കണ്ടുവോ എന്ന് വോട്ടെണ്ണുമ്പോഴേ അറിയൂ. കഴിഞ്ഞ തവണ ടി.എൻ. പ്രതാപന്റെ ഭൂരിപക്ഷം 93,633. ഇത്തവണ മണ്ഡലം ത്രികോണത്തിലേക്ക് കയറിയതിനു പിന്നിൽ ഇടതു സ്ഥാനാർഥിയും സുരേഷും തമ്മിലുള്ള വോട്ട് വ്യത്യാസം കേവലം 27,634 മാത്രമായിരുന്നു എന്നതാണ്.

തിരുവനന്തപുരം: ക്യാപിറ്റൽ ട്രയാംഗിൾ

മത്സരം യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണെന്ന് ഇരുമുന്നണികളും ഇടയ്ക്കിടെ വിളിച്ചുപറയുന്നുണ്ടെങ്കിലും കളം നിറഞ്ഞിരിക്കുന്നത് ശശിതരൂരും രാജീവ് ചന്ദ്രശേഖറും പന്ന്യൻ രവീന്ദ്രനും ഒരുപോലെ! ചർച്ചകളിലും ചാനലുകളിലും നഗരങ്ങളിലുമെല്ലാം പ്രചാരണം തരൂരിനെയും ചന്ദ്രശേഖറിനെയും കേന്ദ്രീകരിച്ച്. പക്ഷേ,​സൗമ്യസാന്നിദ്ധ്യമായി മണ്ഡലത്തിലെ സാധാരണക്കാർക്കിടയിൽ ഇറങ്ങിച്ചെല്ലുന്ന പന്ന്യൻ രവീന്ദ്രനെന്ന നേതാവിന്റെ വലുപ്പം വോട്ടെണ്ണുമ്പോൾ കാണാമെന്ന് ഇടതുപക്ഷം ഉറപ്പിച്ചു പറയുന്നു.

കേന്ദ്രമന്ത്രി എന്ന നിലയിൽ രാജ്യത്തിന്- വിശേഷിച്ച് തിരിവനന്തപുരത്തിന്- താൻ നൽകിയ സംഭാവനയും,​വികസിത തിരുവനന്തപുരം ലക്ഷ്യമെന്ന മുദ്രാവാക്യവും, രാജ്യത്തുടനീളം ആഞ്ഞുവീശുന്ന മോദി ഇഫക്ടും രാജീവ് ചന്ദ്രശേഖർ പ്രചാരണായുധമാക്കി കളം നിറഞ്ഞപ്പോൾ,​ വിശ്വപൗരനെന്ന സ്വന്തം ഇമേജിനു പുറത്തുള്ള തേരോട്ടമാണ് തരൂരിന്റേത്. നായർ -നാടാർ- ലത്തീൻ സഭാ വേട്ടുകളും മറ്റ് സമുദായ വോട്ടുകളും നിർണായകമാകുന്ന മണ്ഡലത്തിൽ ക്രിസ്ത്യൻ,​ മുസ്ലിം വോട്ടുകളും പ്രധാനം. കഴിഞ്ഞ തവണ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലമാണ് തിരുവനന്തപുരം. കുമ്മനത്തിനെതിരെ 99,989 വോട്ട് ഭൂരിപക്ഷം തരൂർ നേടിയപ്പോൾ ഇടതു സ്ഥാനാർഥി സി. ദിവാകരനേക്കാൾ 57,586 വോട്ട് കുമ്മനം നേടിയതാണ് ചന്ദ്രശേഖറിന്റെ ഇത്തവണത്തെ പ്രധാന പ്രതീക്ഷ.

ആറ്റിങ്ങൽ: കൺഫ്യൂഷൻ തീർക്കണമേ

കേന്ദ്രമന്ത്രി വി. മുരളീധരൻ ഏതാണ്ട് ഒരു വർഷമായി ആറ്റിങ്ങലിൽത്തന്നെയാണ്. വീടെടുത്ത് താമസിച്ച് മണ്ഡലത്തിന്റെ മുക്കു മൂലയും നിറഞ്ഞ പ്രചാരണം. പ്രചാരണത്തിന്റെ അവസാനഘട്ടമാകുമ്പോൾ അവിടെ പറന്നിറങ്ങാത്ത ദേശീയ നേതാക്കളില്ല. സാക്ഷാൽ നരേന്ദ്ര മോദിയുമെത്തി. ആറ്റിങ്ങലിൽ മുൻകാലങ്ങളിലൊന്നും കാണാത്ത തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബി.ജെ.പി നീങ്ങിയപ്പോൾ. ഇടത്- വലത് സ്ഥാനാർത്ഥികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നതും ഇതൊക്കെത്തന്നെ.

ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ഇടതു ഭരണമാണെങ്കിലും കഴിഞ്ഞ തവണ അടൂർപ്രകാശ് അരക്കിട്ടുറപ്പിച്ചതാണ് മണ്ഡലം. 38,247ആയിരുന്നു എ. സമ്പത്തിനെതിരെ അടൂർ പ്രകാശിന്റെ ഭൂരിപക്ഷം. അതേസമയം ബി.ജെ.പി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ എല്ലാവരെയും ഞെട്ടിച്ച് 2,48,​081 വോട്ട് പിടിച്ചതാണ് മണ്ഡലത്തെ ഇത്തവണ ത്രികോണ മത്സരത്തിലേക്ക് ഹൈജാക്ക് ചെയ്തത്. ഇടതു സ്ഥാനാർഥി സി.പി.എമ്മിന്റെ ജനകീയനായ നേതാവും പാർട്ടി ജില്ലാ സെക്രട്ടറിയും നാട്ടുകാരനുമായ വി. ജോയിയാണ്. ജോയിക്ക് മണ്ഡലത്തിലെ സ്വാധീനവും വലിയൊരു വിഭാഗം സമുദായ വോട്ടുകളും ക്രിസ്ത്യൻ വോട്ടുകളുമെല്ലാം പ്രതീക്ഷിച്ചതു പോലെ മറിഞ്ഞാൽ മണ്ഡലത്തിൽ മറ്റൊരു അട്ടിമറി നടക്കുമെന്ന് ഇടതുപക്ഷം പ്രതീക്ഷിക്കുന്നു.

Advertisement
Advertisement