മുടപുരം ഏലാ തോടിനും സംരക്ഷണം വേണം

Thursday 25 April 2024 1:13 AM IST

മുടപുരം: ഇത്തവണ കൃഷിയിറക്കിയപ്പോൾ മുടപുരം പാടത്തെ കർഷകർ വളരെ സന്തോഷത്തിലാണ്. മുൻവർഷത്തെക്കാൾ നല്ലവിളവ് കർഷകർക്ക് ലഭിച്ചു. അടുത്ത കൃഷിയിറക്കാനുള്ള സംവിധാനങ്ങൾ കർഷകർ സജ്ജമാക്കുമ്പോഴും വരുന്ന മഴ വില്ലനാകുമോ എന്നപേടിയിലാണ് ഇവർ. മുടപുരം, ചേമ്പുംമൂല പടങ്ങൾക്ക് നടുവിലൂടെ കടന്നുപോകുന്ന മുടപുരം ഏലാ തോടിൽ ആവശ്യത്തിന് തടയണ നിർമ്മിക്കാത്തതാണ് ജലസേചന സൗകര്യത്തിന് തടസ്സം. ശാസ്ത്രീയമായി ജലസേചനം നടത്താനുള്ള സംവിധാനം ഇവിടെയില്ലാത്തതാണ് ഇതിന് കാരണം. ഏലായിൽ ഈ സൗകര്യംകൂടി ഏർപ്പെടുത്തിയാൽ നല്ല വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ. മാത്രമല്ല മഴക്കാലത്ത് ഏലാത്തോട് തകർന്ന് കൃഷിക്കുണ്ടാകുന്ന നഷ്ടം തടയാനും കഴിയും.

 തടയണയും തകർന്നു

മരങ്ങാട്ടുകോണത്ത് നിന്നും ചിറ്റാരിക്കോണത്ത് നിന്നും ആരംഭിക്കുന്ന തോടുകൾ തോട്ടത്തിൽക്കാവിൽ വന്ന് ഒന്നായി മുക്കോണി വഴി ഒഴുകി ചിറയിൽ ചെന്ന് ചേരുകയാണ് പതിവ്.

വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച തടയണകൾ നശിച്ചുപോയതിനാൽ തോട്ടിലൂടെ ഒഴുകി വരുന്ന വെള്ളം തടഞ്ഞുനിറുത്താൻ കർഷകർക്ക് കഴിയുന്നില്ല.

 നടപടി വേണം

ശക്തമായി മഴ പെയ്യുമ്പോൾ തോട്ടിലൂടെ വരുന്ന വെള്ളം ഒഴുകിപ്പോകാൻ കഴിയാത്തതിനാൽ തോടിന്റെ വരമ്പ് തകരുകയും വെള്ളം ശക്തമായി പാടത്ത് കയറി കൃഷി നശിക്കുകയും ചെയ്യും. കഴിഞ്ഞ നവംബറിലും അതിനുമുമ്പുള്ള കൃഷി സമയത്തും തോട്ടുവരമ്പ് തകർന്ന് ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം സംഭവിച്ചിരുന്നു. ഈ സമയത്ത് കിഴുവിലം ഗ്രാമ പഞ്ചായത്ത് പതിനായിരം രൂപ വീതം രണ്ടു തവണയും അനുവദിച്ചതിനാൽ താത്കാലികമായി വരമ്പ് ബലപ്പെടുത്താൻ കഴിഞ്ഞു. എന്നാൽ ഇതിന് ശാശ്വത പരിഹാരം കാണാൻ മുക്കോണി പാലം മുതൽ തെങ്ങുംവിള പാലം വരെയുള്ള ഭാഗത്ത് തോട്ടുവരമ്പ് ബലപ്പെടുത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.

 ആവശ്യങ്ങൾ

 കൃഷിനാശം സംഭവിക്കാതിരിക്കാൻ തോട്ടുവരമ്പ് ബലപ്പെടുത്താൻ സൈഡ് വാൾ നിർമിക്കണം.

ജില്ലാ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും ഗ്രാമ പഞ്ചായത്തും മൈനർ ഇറിഗേഷൻ വകുപ്പും ഈ പ്രശ്‌നത്തിൽ ഇടപെടണം.

 മുടപുരം ഏലാ തോടിന് ഇരുവശവും സൈഡ് വാളും തടയണകളും നിർമ്മിക്കണം.

 വെള്ളം തടസമില്ലാതെ ഒഴുകാൻ തോട് അടിയന്തരമായി വൃത്തിയാക്കണം

Advertisement
Advertisement