രണ്ട് 100 കോടി ക്ളബിൽ ഫഹദ്

Thursday 25 April 2024 6:00 AM IST

പ്രേമലു, ആവേശം എന്നീ ചിത്രങ്ങളിലൂടെ തിളക്കം

രണ്ട് 100 കോടി ക്ളബ് കയറി ഫഹദ് ഫാസിൽ ചിത്രങ്ങൾ. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു നിർമ്മാണ കമ്പനിയുടെ രണ്ട് ചിത്രങ്ങൾ നൂറ് കോടി ക്ളബ് കയറുന്നത്. രണ്ട് മാസത്തിന്റെ ഇടവേളയിലാണ് ഇൗ ചരിത്രനേട്ടം. പ്രേമലു,​ ആവേശം എന്നീ ചിത്രങ്ങളിലൂടെയാണ് ഫഹദ് തിളക്കം നേടുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ്ആ ഫാസിൽ,​ ദിലീഷ് പോത്തൻ ,​ ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് നി‌ർമ്മിച്ച പ്രേമലു ഫെബ്രുവരിയിലാണ് റിലീസ് ചെയ്തത്. ആവേശം വിഷു റിലീസായി ഏപ്രിൽ 11 നും ആവേശത്തിലൂടെ ഫഹദ് ഫാസിലിന്റെ ചിത്രം ആദ്യമായി നൂറു കോടി ക്ളബ് കയറി എന്ന പ്രത്യേകത കൂടിയുണ്ട്. ഫഹദ് ഫാസിൽ ചിത്രം ആവേശത്തെയും സംഗീത സംവിധായകൻ സുഷിൻ ശ്യാമിനെയും പ്രകീർത്തിച്ച് നടി സാമന്ത രംഗത്തുവരികയും ചെയ്തു.

രണ്ടാം വരവിലെ ഫഹദ് അഭിനയതലത്തിൽ പുതിയമാനം സൃഷ്ടിച്ചുള്ള യാത്രയിലാണ് . പുതിയ വഴിയിലൂടെയായിരുന്നു ഫഹദിന്റെ യാത്ര. ട്രാൻസ്, കുമ്പളങ്ങി നൈറ്റ്സ്, ഇമ്മാനുവൽ, ജോജി, പാച്ചുവും അത്ഭുതവിളക്കും, സീ യു സൂൺ, മാലിക്, പുഷ്പ, മാമന്നൻ എന്നീ ചിത്രങ്ങൾ മാത്രം ഉദാഹരണം. മാമന്നൻ എന്ന തമിഴ് ചിത്രത്തിൽ ഫഹദ് അവതരിപ്പിച്ച രത്നവേൽ എന്ന കഥാപാത്രത്തെ തമിഴ് പ്രേക്ഷകരേക്കാൾ മലയാളികൾ ആണ് കൂടുതൽ ഹൃദയം ചേർത്തത്. രജനികാന്തിനൊപ്പം വേട്ടയൻ ആണ് തമിഴിൽ ഫഹദിന്റെ പുതിയ ചിത്രം.പുഷ്പ 2 ആഗസ്റ്റ് 15ന് റിലീസിന് ഒരുങ്ങുന്നു.

വടിവേലുവിനൊപ്പം രണ്ട് തമിഴ് ചിത്രങ്ങളുമുണ്ട്. ആവേശം സിനിമയിലെ രങ്ക എന്ന അധോലോക നായകനായി ഫഹദ് പകർന്നാടുക തന്നെ ചെയ്തു. അമൽനീരദ് ചിത്രമാണ് ഫഹദിന്റെ അടുത്ത പ്രോജക്ട്. ചിത്രീകരണം പൂർത്തിയായ ചിത്രം ഒക്ടോബർ റിലീസിനാണ് ഒരുങ്ങുന്നത്. നവാഗതനായ റോയ് സംവിധാനം ചെയ്ത കരാട്ടെ ചന്ദ്രൻ ആണ് ചിത്രീകരണം ആരംഭിക്കാൻ ഒരുങ്ങുന്ന ചിത്രം. പ്രേമലുവിന്റെ തകർപ്പൻ വിജയത്തിനുശേഷം ഭാവന സ്റ്റുഡിയോ നിർമ്മിക്കുന്ന ചിത്രം കൂടിയാണ് കരാട്ടെ ചന്ദ്രൻ. കുമ്പളങ്ങി നൈറ്റ്സ് ആണ് ഭാവന സ്റ്റുഡിയോസ് നിർമ്മിച്ച ആദ്യ ചിത്രം.

Advertisement
Advertisement