അങ്കത്തട്ടിൽ മുഴങ്ങിക്കേട്ടത്

Thursday 25 April 2024 1:22 AM IST

തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ട പത്തനംതിട്ടയിൽ അവസാന ലാപ്പിൽ ഏറെ കത്തി നിന്നത് തൊഴിൽ വിവാദം. എമിഗ്രേഷൻ കോൺക്ലേവിന് പിന്നാലെ വിജ്ഞാന പത്തനംതിട്ട എന്ന തൊഴിൽ പദ്ധതി പ്രഖ്യാപിച്ച് അങ്കത്തട്ടിലിറങ്ങിയ എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ഐസക് പ്രഖ്യാപിച്ച തൊഴിൽ ദാനം തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുകൊണ്ടുള്ള തട്ടിപ്പാണെന്ന് കോൺഗ്രസ്. പി.എസ്.സി ഒഴിവുകൾ നികത്താതെ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് താത്കാലിക ജോലി നൽകി ജനങ്ങളെ കബളിപ്പിക്കുന്ന നയമാണ് എൽ.ഡി.എഫ് സർക്കാർ നടത്തുന്നതെന്ന് ബി.ജെ.പിയും എൽ.ഡി.എഫിനെതിരെ ആക്രമണം കടുപ്പിച്ചപ്പോൾ കോൺക്ലേവിലൂടെ ജില്ലയിൽ തൊഴിലിനായി അരലക്ഷം പേർ രജിസ്റ്റർ ചെയ്തുവെന്നും അതിൽ നിന്നും ഷോർട് ലിസ്റ്റ് ചെയ്തവരിൽ ഒമ്പത് പേർക്ക് ഇതിനകം വിദേശത്ത് തൊഴിൽ ലഭിച്ചുകഴിഞ്ഞുവെന്നും മറുവാദവുമായി സി.പി.എം പ്രത്യാക്രമണം നടത്തി.

മുതലെടുത്ത്

യു.ഡി.എഫ്

വിവിധ കമ്പനികളും റിക്രൂട്ട്‌മെന്റ് ഏജൻസികളും ഇറക്കിയ തൊഴിൽ അവസര പരസ്യങ്ങൾ സ്വരൂപിച്ച് ജനങ്ങളുടെ മുന്നിൽ അവസരങ്ങൾ ചൂണ്ടിക്കാട്ടി കബളിപ്പിക്കാനുള്ള ശ്രമമാണ് ഐസക്ക് നടത്തിയതെന്നും ഇത്തരത്തിൽ തൊഴിൽ നൽകാൻ തോമസ് ഐസക്കിന് എന്ത് അധികാരമാണുള്ളതെന്നും കോൺഗ്രസ് ചോദിക്കുന്നു. എന്നാൽ പദ്ധതി കെ ഡിസ്‌ക്കിന്റെയും കേരളാ നോളജ് എക്കോണമിയുടെയും നേതൃത്വത്തിൽ ആവിഷ്‌ക്കരിച്ചതാണെന്നും സംസ്ഥാന വ്യാപകമായി ലക്ഷകണക്കിന് ആളുകൾ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സി.പി.എം തിരിച്ചടിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും എതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ഒന്നും മിണ്ടുന്നില്ലെന്ന് കോൺഗ്രസ് വാദിച്ചു. അഴിമതി കേസുകളിൽ നിന്നും പിണറായി വിജയൻ രക്ഷപെടാനുളള തന്ത്രമാണിത്. സംസ്ഥാനം സാമ്പത്തികമായി തകർന്നു. കേന്ദ്രം സംസ്ഥാനത്തിന് 57,600 കോടി നൽകാനുണ്ടെന്ന ആരോപണം തെറ്റ്. സുപ്രീംകോടതിയിൽ സംസ്ഥാനം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത് വെറും 10,000 കോടിയുടെ കണക്കു മാത്രമെന്നും യു.ഡി.എഫ് പട്ടിക നിരത്തിപ്പറഞ്ഞു.

ബി.ജെ.പിയും സി.പി.എമ്മും പല വിഷയങ്ങളിലും ഒത്തുകളിക്കുന്നു. പരസ്പര സഹകരണം അടിയൊഴുക്കുകളിൽ കാണാം. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് എതിരായ കുഴൽപണ കേസ് മരവിപ്പിച്ചു. സ്വർണക്കടത്ത്, സ്പ്രിംഗ്‌ളർ, ലൈഫ് മിഷൻ, കെ ഫോൺ, കെ റെയിൽ അഴിമതികൾക്കെതിരെ എന്ത് നടപടി കേന്ദ്രം സ്വീകരിച്ചു?. ലൈഫ് മിഷനെതിരെയുള്ള അന്വേഷണത്തിൽ അതിന്റെ ചെയർമാനായ മുഖ്യമന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകി. വികസന മേഖല സ്തംഭിച്ചു. യു.ഡി.എഫ് കൊണ്ടുവന്ന കോന്നി മെഡിക്കൽ കോളജിനെ തഴഞ്ഞു. പിന്നീടത് എൽ.ഡി.എഫ് പദ്ധതിയായി അവതരിപ്പിച്ചു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അടിസ്ഥാന സംവിധാനം പോലുമില്ല. കൊവിഡ് കാലത്ത് കാലഹരണപ്പെട്ട മരുന്നു നൽകിയത് നിരവധി പേരുടെ മരണത്തിന് ഇടയാക്കി. സർക്കാർ പരിപാടിയിൽ സ്ഥാനാർഥിയായ തോമസ് ഐസക്ക് പങ്കെടുത്തതിനെതിരെ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകി. കുടുംബശ്രീ യോഗങ്ങളിൽ പങ്കെടുത്ത് വോട്ട് അഭ്യർത്ഥിച്ചതിന്റെ തെളിവുകൾ നിരത്തി.

ജില്ലയിലെ സഹകരണ ബാങ്കുകൾ കള്ളവോട്ടു ചെയ്ത് പിടിച്ചെടുത്തതുപോലെ ലോക സഭാ തിരഞ്ഞെടുപ്പിലും എൽ.ഡി.എഫ് കള്ളവോട്ട് നടത്താനുള്ള നീക്കത്തിലാണെന്ന് യു.ഡി.എഫ് ആരോപിച്ചു. ഇതിന്റെ ഭാഗമായി കള്ളവോട്ട് ചെയ്യാന്‍ വിദഗ്ദ്ധരായ ഇരുന്നൂറിലധികം പേരുടെ രഹസ്യ യോഗം കഴിഞ്ഞ ദിവസം പത്തനംതിട്ടയിലെ ഒരു ഹോട്ടലിൽ നടന്നതായും ആരോപണമുയർന്നു.

വികസനമില്ലായ്മ

എടുത്തുകാട്ടി

എൽ.ഡി.എഫ്

യു.ഡി.എഫ് ആരോപണങ്ങൾ കടുപ്പിച്ചപ്പോൾ മണ്ഡലത്തിന്റെ വികസനമില്ലായ്മയാണ് എൽ.ഡി.എഫ് ചൂണ്ടിക്കാട്ടിയത്. കാട്ടുമൃഗങ്ങളുടെ ആക്രമണം, സംസ്ഥാന വിഹിതം നേടിയെടുക്കൽ, പ്രളയം, കൊവിഡ് ധനസഹായങ്ങൾ എന്നീ വിഷയങ്ങളിൽ ആന്റോ ആന്റണി എം.പി ഒന്നും ചെയ്തില്ല. പത്തനംതിട്ടയ്ക്ക് വേണ്ടി സംസാരിക്കാൻ എം.പി ഉണ്ടാകണം. സംസ്ഥാനത്തിന് വിവിധ ഇനത്തിൽ ലഭിക്കാനുള്ളത് അൻപത്തിയേഴായിരം കോടി കടം എടുക്കാനുള്ള അവകാശം തേടിയാണ് കോടതിയിൽ പോയത്. വിദേശത്തുനിന്നും ധന സഹായം തേടാനുള്ള ശ്രമം ആന്റോ ആന്റണി എം.പി എതിർത്തു. പെൻഷൻ മുടങ്ങിയത് കേന്ദ്ര വിഹിതം നിലച്ചപ്പോൾ. കേരളത്തിലെ ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് യു.ഡി.എഫ് എം.പിമാർ ലോക്സഭയിൽ ആവശ്യപ്പെട്ടില്ല.

തോമസ് ഐസക്ക് മന്ത്രിയായിരുന്നപ്പോൾ ജില്ലയ്ക്ക് ഏഴായിരം കോടി അനുവദിച്ച് വിവിധ വികസന പ്രവർത്തനങ്ങൾ നടപ്പായി. നൂറ്റിയൻപതിൽ പരം റോഡുകൾ ബി.എം, ബി.സി നിലവാരത്തിൽ ടാർ ചെയ്തു. കോന്നി മെഡിക്കൽ കോളജിന് മുന്നൂറ്റിയൻപത് കോടി നൽകി. പുനലൂർ - പൊൻകുന്നം പാതയ്ക്കും ശബരിമലയ്ക്കും കോടികൾ അനുവദിച്ചതിന്റെ കണക്കുകൾ നിരത്തി. ആന്റോ ആന്റണി നടപ്പാക്കിയത് പൊക്ക വിളക്കും വെയിറ്റിംഗ് ഷെഡുകളും മാത്രമാണെന്നും ആരോപിച്ചു.

കേന്ദ്രം തിളക്കം

കാണിച്ച് ബി.ജെ.പി

കേന്ദ്രസർക്കാരിന്റെ ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് എൻ.ഡി.എ ജനങ്ങളെ സമീപിച്ചത്.

പെഷൻ അടക്കമുള്ള സാമൂഹ്യ സുരക്ഷാ പദ്ധതിക്ക് അനുവദിച്ച കേന്ദ്ര വിഹിതം കേരളം വകമാറ്റി ചെലവഴിച്ചു. അതിനാൽ ഇടനിലക്കാർ ഇല്ലാതെ നേരിട്ട് പെൻഷൻ ജനങ്ങളിൽ എത്തിക്കാൻ പദ്ധതി ആവിഷ്‌ക്കരിച്ചു. കേന്ദ്ര സർക്കാർ തൊഴിലുറപ്പ് വിഹിതം വർദ്ധിപ്പിച്ചു. സംസ്ഥാന സർക്കാർ തൊഴിൽ ഉറപ്പ് പദ്ധതിക്കായി ഒന്നും ചെയ്യുന്നില്ല.

വികസനം എന്നത് കഴിഞ്ഞ പതിനഞ്ച് വർഷമായി പത്തനംതിട്ട അറിഞ്ഞിട്ടില്ല. ആന്റോ ആന്റണിയുടെ ആദ്യ അഞ്ചുവർഷ കാലത്ത് കേന്ദ്രം ഭരിച്ചത് യു.പി.എ സർക്കാരാണ്. അന്നും വികസനം നടന്നില്ല. സംസ്ഥാനത്ത് നിരവധി വികസനം നടത്തിയെന്ന എൽ.ഡി.എഫ് വാദം പൊള്ളയെന്ന് ബി.ജെ.പി അവകാശപ്പെടുന്നു. പത്തനംതിട്ടയിൽ നടക്കുന്ന ജനറൽ ആശുപത്രി വികസനം ഉൾപ്പെടെ കേന്ദ്ര ഫണ്ട് ഉപയോഗിച്ച്. പല പദ്ധതികളും നടപ്പാക്കുന്നത് കേന്ദ്രം നൽകിയ പണം ഉപയോഗിച്ചാണെങ്കിലും അത് സ്വന്തമാക്കി ജനങ്ങളെ ഇടത് സർക്കാർ വഞ്ചിക്കുന്നു എന്നീ വാദങ്ങൾ നിരത്തി.

Advertisement
Advertisement