ആ മഷിമുദ്ര‌യുടെ യഥാർത്ഥ മൂല്യം

Thursday 25 April 2024 12:29 AM IST

ഒരുമാസത്തിലേറെക്കാലം നീണ്ട പ്രചാരണ കോലാഹലങ്ങൾക്കു ശേഷം,​ ഇന്നത്തെ നിശബ്ദവേള കൂടിക്കഴിഞ്ഞ് കേരളം നാളെ ഇടതുചൂണ്ടുവിരലിൽ മഷി പുരട്ടുമ്പോൾ രാജ്യത്ത്,​ ജനാധിപത്യത്തിന്റെ മറ്റൊരു സഫലപ്രക്രിയയിൽക്കൂടി നമ്മൾ പങ്കാളികളാവുകയാണ്. ഇന്ത്യയിൽ ജനാധിപത്യം ഒരു പരീക്ഷണമല്ല,​ പ്രയോഗശാസ്ത്രമാണ്. വിരലിൽ വീഴുന്ന ആ നീല മഷിയടയാളം വോട്ടിന്റെ വിനിയോഗ മുദ്ര‌യല്ല; സാർത്ഥകമാകുന്ന ജനാധിപത്യത്തിന്റെ ജയമുദ്ര കൂടിയാണ്. പതിനെട്ടാമത് ലോക്‌സഭയിലേക്ക് ആകെ ഏഴു ഘട്ടമായി നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിലാണ് നാളെ,​ നമ്മുടെ ഊഴം. പോളിംഗ് ബൂത്തിലേക്ക് രണ്ടേമുക്കാൽ കോടിയിലധികം മലയാളികൾ സമ്മതിദാനം വിനിയോഗിക്കാനെത്തുമ്പോൾ അത് ദൈവത്തിന്റെ സ്വന്തം നാട്ടിൽ ജനാധിപത്യത്തിന്റെ മഹോത്സവം കൂടിയായിത്തീരുന്നു. ആ ഉത്സവക്കൊടിക്കൂറ താഴാൻ വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കുന്ന ജൂൺ നാലുവരെ ആകാംക്ഷ മുറിയാതെ കാത്തിരിക്കണം. ഓരോ തിരഞ്ഞെടുപ്പും ഉത്സവമാക്കുന്ന നമുക്ക് ഈ കാത്തിരിപ്പും മനോഗണിതങ്ങളുടെ മധുരാഘോഷം തന്നെ!

രാഷ്ട്രീയ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് രാജ്യത്ത് പല സംസ്ഥാനങ്ങളിൽ നിന്നും അക്രമങ്ങളുടെയും ബൂത്തു പിടിത്തത്തിന്റെയുമൊക്കെ വാർത്തകൾ വരാറുണ്ട്. ഇക്കഴിഞ്ഞ ഏപ്രിൽ 19 നു നടന്ന ഒന്നാംഘട്ട വോട്ടെടുപ്പുമായി ബന്ധപ്പെട്ടുമുണ്ടായിരുന്നു,​ അത്തരം ചില അക്രമസംഭവങ്ങൾ. രാഷ്ട്രീയ കക്ഷികളും മുന്നണികളും വോട്ടർമാരെ പല വിധത്തിൽ പ്രലോഭിപ്പിക്കാനോ സ്വാധീനിക്കാനോ ശ്രമിച്ചതു സംബന്ധിച്ച പരാതികളും കേസുകളും തിരഞ്ഞെടുപ്പുകാലത്തെ പതിവുകളാണ്. ഭാഗ്യവശാൽ,​ രാജ്യത്ത് പൊതുവെ സമാധാനപരമായി പോളിംഗ് നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. തിരഞ്ഞെടുപ്പുകൾ അക്രമത്തിനോ അട്ടിമറിക്കോ ഉള്ള അവസരമല്ലെന്നു തിരിച്ചറിയുന്ന ഈ ജനാധിപത്യബോധം ഓരോ വോട്ടറും പ്രകടിപ്പിക്കേണ്ടത്,​ വോട്ടവകാശത്തിന്റെ ഉചിതവും യുക്തിപൂർവകമായ വിനിയോഗത്തിൽക്കൂടിയാണ്. അപ്പോഴേ അത് യഥാർത്ഥ ജനാധിപത്യ പ്രക്രിയയാകൂ.

വിവാദങ്ങളും ആരോപണങ്ങളും പ്രത്യാരോപണങ്ങളും ആക്ഷേപങ്ങളുമൊക്കെ പ്രചാരണകാലത്തെ പതിവ് രാഷ്ട്രീയവിഭവങ്ങളാണ്. വസ്തുതകളുടെ തരിമ്പുപോലുമില്ലാത്ത ആരോപണങ്ങളും,​ മാന്യതയുടെ അതിരുവിടുന്ന ആക്ഷേപങ്ങളുമൊക്കെ ഈ പ്രചാരണകാലത്തും അവതാരവേഷം പൂണ്ട് ആടിത്തിമിർത്തിരുന്നു. പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ എതിർപക്ഷം തൊടുത്തുവിടുന്ന തന്ത്രശരങ്ങളെ തടുക്കാൻ പോലും പലർക്കും സാവകാശം കിട്ടിയെന്നുവരില്ല. ഇന്നൊരു ദിവസം വോട്ടെടുപ്പിനു മുമ്പുള്ള അവസാനവട്ട കണക്കുകൂട്ടലുകളിലും,​ വോട്ടുകൾ ചോരാനിടയുള്ള പഴുതുകൾ അടയ്ക്കുന്നതിലും സ്ഥാനാർത്ഥികളും മുന്നണികളും മുഴുകുമ്പോൾ,​സമ്മതിദായകർക്ക് വിവേകപൂർവം ചിന്തിച്ച്,​ ഉചിത തീരുമാനമെടുത്ത് മനസുറപ്പിക്കാനുള്ള മണിക്കൂറുകളാണിത്. ഒരു ആശയസംഹിതയ്ക്ക് വോട്ട് രേഖപ്പെടുത്തുന്ന വോട്ടർമാരും,​ രാഷ്ട്രീയം പരിഗണിക്കാതെ സ്ഥാനാർത്ഥിയുടെ വ്യക്തിവൈശിഷ്ട്യത്തിന് പ്രാമുഖ്യം കല്പിക്കുന്ന വോട്ടർമാരുമുണ്ടാകും. ചിന്ത എന്തായാലും അത് മറ്റൊരാളുടെ സ്വാധീനത്തിനു വഴങ്ങിയാകരുത്.

രാഷ്ട്രീയ തത്വങ്ങൾക്കും സ്ഥാനാർത്ഥിയുടെ വൈശിഷ്ട്യത്തിനുമപ്പുറം മതവും ജാതിയും ഉപജാതിയുമൊക്കെ വോട്ടർമാരുടെ പരിഗണനാ വിഷയമായി വരുമെന്ന സത്യം രഹസ്യമൊന്നുമല്ല. അത്തരം ഘടകങ്ങളുടെ സ്വാധീനം കൂടി മുന്നിൽക്കണ്ടായിരിക്കും പല മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥി നിർണയമെന്നതും പരസ്യമാണ്. പ്രാദേശികവും താരതമ്യേന നിസാരവുമായ വിഷയങ്ങൾക്കപ്പുറം,​ രാജ്യത്തിന്റെ പൊതുവികസനവും ഭരണ സ്ഥിരതയും സാമ്പത്തിക പുരോഗതിയുമൊക്കെയാണ് പൊതുതിരഞ്ഞെടുപ്പിലെ വിഷയങ്ങളെന്ന് ജാഗ്രത വേണം. അതിനൊപ്പം,​ സ്ഥാനാർത്ഥിയുടെ പശ്ചാത്തലവും പ്രവർത്തനചരിത്രവും ഭരണനിർവഹണ ശേഷിയും ഉൾപ്പെടെ വോട്ടറുടെ വിശകലന വിഷയമാകണം. പ്രചാരണകാലത്തു നല്കിയ വാഗ്ദാനങ്ങൾ പൂർത്തീകരിക്കാൻ മുന്നണിക്കും സ്ഥാനാർത്ഥിക്കുമുള്ള ശേഷിയും വിലയിരുത്തണം. അപ്പോഴേ ഓരോ വോട്ടിനും ജനാധിപത്യത്തിന്റെ യഥാർത്ഥ മൂല്യം കൈവരൂ. ആ മൂല്യം തിരിച്ചറിയാതെ പോകരുത്.

Advertisement
Advertisement