ബി.ജെ.പിക്കെതിരെ അടിയൊഴുക്ക്: ഖാർഗെ

Thursday 25 April 2024 1:29 AM IST

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരായ അടിയൊഴുക്ക് 'ഇന്ത്യ' മുന്നണിക്ക് അനുകൂലമായി മാറിയിട്ടുണ്ടെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഒന്നാംഘട്ട തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഈ അടിയൊഴുക്ക് തിരിച്ചറിഞ്ഞാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വർഗീയ-വിദ്വേഷ പ്രസംഗങ്ങളിലേക്ക് തിരിഞ്ഞിരിക്കുന്നത്.

മക്കളുടെ എണ്ണവും മംഗല്യസൂത്രവുമൊക്കെ പറഞ്ഞാണ് മോദി ഇപ്പോൾ വോട്ടുപിടിക്കാൻ ഇറങ്ങിയിരിക്കുന്നത്. ഇതൊക്കെ ആരെ ലക്ഷ്യമിട്ടാണെന്ന് എല്ലാവർക്കും അറിയാം. മുസ്ലിം വിരുദ്ധ പ്രചാരണം വോട്ടാക്കി മാറ്റാനാണ് മോദിയുടെ ശ്രമം. പതിവിന് വിപരീതമായി തിരഞ്ഞെടുപ്പ് കമ്മിഷനെ നിയമിക്കുന്നതും തിരഞ്ഞെടുപ്പ് നടത്തുന്നതുമെല്ലാം മോദിയാണ്. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ് പരാതികളിൽ പരിഹാരമില്ല. മോദിയുടെ തിരഞ്ഞെടുപ്പ് ചട്ടലംഘനങ്ങൾക്കെതിരെ കമ്മിഷൻ നിശബ്ദമാണ്.

ഗ്യാരന്റികൾ നൽകുക എന്നത് മാത്രമാണ് മോദിയുടെ ഗ്യാരന്റി. മോദി പെരുംനുണയനാണ്. നിരന്തരമായി കള്ളം പറഞ്ഞുകൊണ്ടേയിരിക്കുന്ന അദ്ദേഹം വില കുറഞ്ഞ രാഷ്ട്രീയക്കാരനെപ്പോലെയാണ് പെരുമാറുന്നത്. തൊഴിലില്ലായ്മ, പണപ്പെരുപ്പം എന്നിവയെക്കുറിച്ച് മോദി മിണ്ടുന്നില്ല. കോൺഗ്രസ് നൽകുന്ന വാഗ്ദാനങ്ങൾ എല്ലാം നടപ്പാക്കുന്ന ഉറപ്പുകളാണ്. കേരളത്തിൽ യു.ഡി.എഫ് 20 സീറ്റിലും ജയിക്കും.

 'ഒരു മതവിഭാഗത്തിൽ മാത്രമല്ല കുട്ടികൾ കൂടുന്നത്'

ഒരു മതവിഭാഗത്തിൽ മാത്രമല്ല കുട്ടികൾ കൂടുന്നതെന്ന് മോദിക്ക് മറുപടി നൽകി ഖാർഗെ. അഞ്ച് മക്കളുള്ള പിതാവാണ് താൻ. മക്കളുടെ എണ്ണം നിയന്ത്രിക്കാൻ തീരുമാനിച്ചപ്പോൾ തന്റെ പിതാവ് വിലക്കി. തന്റെ കൂട്ടുകുടുംബത്തിലെ എല്ലാ അംഗങ്ങളും ഒരു അപകടത്തിൽ മരിച്ചപ്പോൾ അവശേഷിച്ചത് താൻ മാത്രമാണ്. 14 മക്കളുള്ള കുടുംബത്തിലെ ഏറ്റവും ഇളയകുട്ടിയായിരുന്നു ഡോ.ബി.ആർ.അംബേദ്ക്കർ. ലാലുപ്രസാദ് യാദവിന് ഒമ്പതു മക്കളുണ്ടായിരുന്നു. ഇതൊന്നുമറിയാതെ ഒരു മതവിഭാഗത്തെ കുട്ടികളുടെ പേരിൽ വിമർശിക്കുന്ന മോദി രാജ്യത്തിന്റെ ചരിത്രം പഠിക്കേണ്ടതുണ്ട്.

Advertisement
Advertisement