യുവാവിനെ ആക്രമിച്ച് ബുള്ളറ്റ് തട്ടിയെടുത്ത രണ്ടുപേർ പിടിയിൽ
Thursday 25 April 2024 1:20 AM IST
വെള്ളറട: യുവാവിനെ തടഞ്ഞുനിറുത്തി ആക്രമിച്ച് ബുള്ളറ്റ് തട്ടിയെടുത്ത നാലംഗസംഘത്തിൽ രണ്ടുപേർ പിടിയിൽ. കന്നുമാംമൂട് ഇളഞ്ചിറ കൈതക്കുഴി വീട്ടിൽ വിനോദ് (30), പളുകൽ അമ്പലത്തുവിളാകം ഇവൻസി ഭവനിൽ ഷാലിൻ പ്രിൻസ് (35) എന്നിവരാണ് പിടിയിലായത്. ഫെബ്രുവരി 29ന് കാരമൂട് ജംഗ്ഷനിൽ വച്ച് പന്നിമല ഇരിപ്പുവാലി റോഡരികത്ത് വീട്ടിൽ ടൂറിസ്റ്റ് ബസ് ഡ്രൈവറായ റെജി (28)നെയാണ് വേളാംകണ്ണിയിലേക്ക് ഓട്ടം ഉണ്ടെന്നുപറഞ്ഞ് വിളിച്ചുവരുത്തി ആക്രമിച്ച് കൈയിലുണ്ടായിരുന്ന ബുള്ളറ്റ് തട്ടിയെടുത്തത്. സംഭവത്തിലെ മറ്റുരണ്ട് പ്രതികൾക്കുവേണ്ടിയും ബുള്ളറ്റിനുവേണ്ടിയും പൊലീസ് അന്വേഷണം നടന്നുവരുകയാണ്. പിടിയിലായ പ്രതികളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.